ഭൂമിയിൽ നിന്ന് 408 കിലോമീറ്റർ ഉയരത്തിലായി, അന്തരീക്ഷത്തിൽ ഭൂമിയുടെ ലോ ഓർബിറ്റിൽ ഭൂമിയെ പ്രദക്ഷിണം വെച്ചുകൊണ്ടിരിക്കുന്ന ഒരു സ്‌പേസ് സ്റ്റേഷനുണ്ട്. ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷൻ അഥവാ ഐഎസ്എസ്. അഞ്ച് അന്താരാഷ്ട്ര സ്‌പേസ് ഏജൻസികൾ ഒരുമിച്ചാണ് ഈ സ്റ്റേഷന്റെ നിയന്ത്രണവും പ്രവർത്തനവും. അമേരിക്കയുടെ നാസ, റഷ്യയുടെ റോസ്കോസ്മോസ്, ജപ്പാന്റെ ജാക്സ, യൂറോപ്പിന്റെ ESA, കാനഡയുടെ CSA എന്നിവയാണ് ആ ഏജൻസികൾ. ഈ സ്‌പേസ് ഷട്ടിലിൽ പല രാജ്യങ്ങളിൽ നിന്നുമുള്ള ബഹിരാകാശ യാത്രികരുണ്ട്. അവർ തങ്ങളുടെ രാജ്യങ്ങളുടെ സ്‌പേസ് ഏജൻസികൾക്ക് വേണ്ടി ഈ നിലയങ്ങളിൽ റിസർച്ച് ചെയ്യുന്നു. അവിടെനിന്ന് തങ്ങളുടെ പരീക്ഷണഫലങ്ങൾ തങ്ങളുടെ ഏജൻസികൾക്ക് അയച്ചുകൊടുക്കും.  

അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ ജീവിതം അവിടത്തെ മൈക്രോ ഗ്രാവിറ്റി അന്തരീക്ഷം കൊണ്ടുതന്നെ ആവശ്യത്തിലധികം പ്രായോഗിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ്. ഇപ്പോൾ അവർക്ക് മറ്റൊരു ബുദ്ധിമുട്ടുകൂടി സംജാതമായിട്ടുണ്ട്. എന്തെന്നോ? അവരുടെ ടോയ്‌ലെറ്റ് കേടുവന്നിരിക്കുന്നു. അതോടെ ഡയപ്പർ ഇടാൻ നിർബന്ധിതരായിരിക്കുകയാണ് യാത്രികർ. ഐഎസ്എസ് കമാൻഡർ ആയ ലൂക്കാ പെർമിറ്റാനോ ആണ് ഈ വിവരം അറിയിച്ചത്. 

നിലയത്തിന്റെ അമേരിക്കൻ ഭാഗത്തുള്ള ടോയ്‌ലെറ്റ് ആണ് കേടായതായി സിഗ്നൽ കാണിച്ചുകൊണ്ടിരിക്കുന്നത്. റഷ്യൻ ഭാഗത്തുളളതാകട്ടെ നിറഞ്ഞു കവിഞ്ഞ അവസ്ഥയിലുമാണ്. സാധാരണഗതിയിൽ അമേരിക്കൻ, റഷ്യൻ ഭാഗങ്ങളിൽ ഉള്ള ടോയ്‍ലെറ്റുകൾ മാത്രമേ യാത്രികരുടെ ഉപയോഗത്തിന് അനുവദനീയമായിട്ടുള്ളൂ. ഈ നിലയവുമായി ബന്ധിപ്പിച്ചിട്ടുള്ള സോയൂസ് പേടകത്തിലെ ടോയ്‍ലെറ്റുകൾ, നിലയത്തിന് പുറത്തേക്കിറങ്ങേണ്ടി വരുന്ന അപൂർവാവസരങ്ങളിൽ മാത്രമാണ് ഉപയോഗിക്കാനുള്ള അനുമതിയുള്ളത്. ഇപ്പോൾ, ഈ അടിയന്തരഘട്ടത്തിൽ അതും ഉപയോഗപ്പെടുത്തിക്കൊള്ളാനുള്ള അനുമതി കിട്ടിയിട്ടുണ്ട് എന്ന ആശ്വാസത്തിലാണ് യാത്രികർ. 

സ്‌പേസ് ഷട്ടിലുകൾക്കുള്ളിൽ വാഷ് ബേസിനുകളോ ഷവറുകളോ ഒന്നും കാണില്ല. പക്ഷേ, അവയിൽ ടോയ്‍ലെറ്റുകൾ കാണും. മൂത്രമൊഴിക്കാൻ താരതമ്യേന എളുപ്പമാണ്. ഒരു ഫണൽ ഘടിപ്പിച്ചശേഷം ഫണലിന്റെ മറ്റേയറ്റത്തുള്ള ഒരു സക്ഷൻ ഫാൻ പ്രവർത്തിപ്പിക്കും. അത് മൂത്രത്തെ വലിച്ചെടുത്തുകൊള്ളും. കക്കൂസിൽ പോകുക അത്ര എളുപ്പമല്ല. ഒരു സ്‌പേസ് ടോയ്‌ലെറ്റും, പുറമെ നിന്ന് നോക്കിയാൽ സാധാരണ യൂറോപ്യൻ ടോയ്‌ലെറ്റ് പോലെത്തന്നെ ഇരിക്കുമെങ്കിലും, ചെറിയൊരു വ്യത്യാസമുണ്ട്  രണ്ടിന്റെയും പ്രവർത്തനത്തിൽ. കമ്മോഡിൽ ചെന്നിരുന്ന ശേഷം, ശരീരം അതിൽ നിന്ന് ഇളകിപ്പോകാതിരിക്കാൻ കമ്മോഡുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. വിസർജ്ജനം കഴിഞ്ഞ ശേഷം ഒരു വാക്വം യന്ത്രമുപയോഗിച്ചാണ് വൃത്തിയാക്കുക. ശേഖരിക്കപ്പെടുന്ന വിസർജ്ജ്യം വാക്വം ഡ്രൈ ചെയ്ത് സൂക്ഷിക്കും.