മസാച്യുസെറ്റ്സ് : തങ്ങളുടെ ലൊക്കാലിറ്റിയിൽ ഉടുതുണിയില്ലാതെ ഒരു സ്ത്രീയും പുരുഷനും കൂടി പട്ടിയെ നടത്തിക്കാൻ പൊണ്ടുപോയിരിക്കുന്നു എന്ന പരാതി, ജൂലൈ 27 -ന് രാവിലെ ആറരമണിയോടെയാണ്, ഒരു 911 കോളിലൂടെ ബോസ്റ്റൺ പൊലീസിനെ തേടിയെത്തിയത്. ബോസ്റ്റൺ നഗരത്തിൽ നിന്ന് മുപ്പതുമൈൽ മാറിയുള്ള ഹോപ്കിൻടൺ എന്ന ചെറുപട്ടണത്തിലാണ് സംഭവം.

എന്തായാലും, വിളി വന്ന ഉടനെത്തന്നെ ആ നഗ്നദമ്പതികളെ തിരഞ്ഞ് ഒരു റെസ്പോൺസ് ടീമിനെ അയച്ചു പൊലീസ്. മുപ്പത്തിരണ്ടുകാരിയായ മാരിയൽ കിന്നി, മുപ്പതുകാരനായ അവരുടെ ഭർത്താവ് കെവിൻ പിന്റോ, വളർത്തു പട്ടി ലൂസി, എന്നിവരെ അധികം താമസിയാതെ പൊലീസ് തെരുവിൽ വളഞ്ഞു പിടിച്ചു. മൂവർക്കും ദേഹത്ത് നൂൽബന്ധമേതുമുണ്ടായിരുന്നില്ല. എന്തിനാണ് ഇങ്ങനെ നാട്ടുകാരുടെ മുന്നിലേക്ക് തുണിയുടുക്കാതെ ഇറങ്ങിയിരിക്കുന്നത്? കുട്ടികൾ കാണില്ലേ? എന്നൊക്കെ പൊലീസ് തെല്ല് അരിശത്തോടു തന്നെ ദമ്പതികളോട് ചോദിച്ചു. എന്നാൽ, ഈ ചോദ്യത്തോട് ഏറെ അക്രമാസക്തമായിട്ടാണ് അവർ പ്രതികരിച്ചത്. പൊലീസിന്റെ നേർക്ക് കോപിക്കുകയും നാലഞ്ച് അസഭ്യങ്ങൾ പറയുകയും ഒക്കെ ചെയ്ത ശേഷം അവർ ഓടി രക്ഷപ്പെടാനാണ് അടുത്തതായി ശ്രമിച്ചത്. 

എന്നാൽ, പിന്നാലെ പാഞ്ഞു ചെന്ന പൊലീസ് തൊട്ടടുത്ത ലേനിൽ വെച്ച്  അവരെ വീണ്ടും വളഞ്ഞിട്ടു. പിന്നെ നടന്നത് തീപാറുന്ന സംഘട്ടനമായിരുന്നു. ആ ദമ്പതികൾ പൊലീസിനെ ശാരീരികമായി ആക്രമിച്ചു. ഏറെ പണിപ്പെട്ടാണ് പൊലീസ് ഇരുവരെയും പിടിച്ചു കെട്ടിയത്.  സംഭവത്തിന് ശേഷം ഒരു പൊലീസ് ഓഫീസർക്ക് വൈദ്യസഹായവും നൽകേണ്ടി വന്നു.

 

ഇരുവരെയും വിലങ്ങണിയിച്ച് ലോക്കപ്പിൽ കയറ്റിയ പൊലീസ് അവർക്കുമേൽ നഗ്നതാ പ്രദർശനത്തിനും, അറസ്റ്റിനെ ചെറുത്തതിനും, പൊലീസിനെ ആക്രമിച്ചതും, ക്രമസമാധാനനില തകരാറിലാക്കിയതിനും ഒക്കെയുള്ള വകുപ്പുകൾ ചേർത്ത് കേസ് ചാർജ് ചെയ്തു. വിഖ്യാതമായ  ബോസ്റ്റൺ മാരത്തോണിന്റെ സ്റ്റാർട്ടിങ് പോയിന്റ് ആയ ഹോപ്കിൻടൺ, അമേരിക്കയിലെ തന്നെ ഏറ്റവും സുരക്ഷിതം എന്ന് റാങ്ക് ചെയ്യപ്പെട്ടിട്ടുള്ള പട്ടണങ്ങളിൽ ഒന്നാണ്.