Asianet News MalayalamAsianet News Malayalam

ദുരിതകാലം; 'കൊവിഡ് ബാധിച്ച് ഞാന്‍ മരിച്ചാല്‍...' ഡോക്ടര്‍മാര്‍ ആലോചിച്ചിരുന്നുവെന്ന് ബോറിസ് ജോണ്‍സണ്‍

മരിക്കുമെന്ന് ഒരു നിമിഷം പോലും താന്‍ ചിന്തിച്ചിട്ടില്ലെന്നും എങ്ങനെ ഇതില്‍ നിന്ന് പുറത്തുകടക്കാമെന്ന് മാത്രമാണ് ആലോചിച്ചതെന്നും ബോറിസ് ജോണ്‍സണ്‍

Tough old moment boris johnson about his covid treatment
Author
London, First Published May 3, 2020, 12:11 PM IST

ലണ്ടന്‍: താന്‍ തീവ്രപരിചരണ വിഭാഗത്തിലായതോടെ തന്‍റെ മരണം പ്രഖ്യാപിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറെടുത്തിരുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍.  ''കഠിനമായ കാലമായിരുന്നു. അത് എനിക്ക് നിഷേധിക്കാനാവില്ല. '' ബോറിസ് ജോണ്‍സ് പറഞ്ഞു. 'സ്റ്റാലിന്‍റെ മരണം' എന്നതിന് സമാനമായ സാഹചര്യം നേരിടാന്‍ ഡോക്ടര്‍മാര്‍ തയ്യാറായിരുന്നുവെന്നും ബോറിസ് ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു. 

കാര്യങ്ങള്‍ കൈവിട്ടുപോയാല്‍ എന്ത് ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ ആലോചിച്ച് തീരുമാനിച്ചിരുന്നു. മാര്‍ച്ച് 27നാണ് ബോറിസ് ജോണ്‍സണ്‍ തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ലോകത്തെ അറിയിക്കുന്നത്. ഒരാഴ്ച പിന്നിട്ടതോടെ അദ്ദേഹത്തിന്‍റെ ആരോഗ്യനില മോശമായി. ഏപ്രില്‍ അഞ്ചിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ 24 മണിക്കൂറിനുള്ളില്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. 

മരിക്കുമെന്ന് ഒരു നിമിഷം പോലും താന്‍ ചിന്തിച്ചിട്ടില്ലെന്നും എങ്ങനെ ഇതില്‍ നിന്ന് പുറത്തുകടക്കാമെന്ന് മാത്രമാണ് ആലോചിച്ചതെന്നും ബോറിസ് ജോണ്‍സണ്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. തന്നെ പരിചരിച്ച ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും അദ്ദേഹം വീണ്ടും വീണ്ടും നന്ദി അറിയിച്ചു. തനിക്ക് ലഭിച്ച് പരിചരണം അസാധാരണമാണെന്നാണ് അദ്ദേഹം ദ സണ്ണിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. 

അതേസമയം പങ്കാളി കാരി സിമണ്ട്സില്‍ ബോറിസ് ജോണ്ഡ‍സണ് ബുധനാഴ്ച മകന്‍ ജനിച്ചു. ആരോഗ്യം വീണ്ടെടുത്ത് തിരിച്ചെത്തിയ ബോറിസ്, കുഞ്ഞിന് തന്നെ ചികിത്സിച്ച ഡോക്ടര്‍മാരുടെ പേര് നല്‍കിയാണ് ആദരം അറിയിച്ചത്. വില്‍ഫ്രഡ് ലോറ നിക്കോളാസ് ജോണ്‍സണ്‍ എന്നാണ് കുഞ്ഞിന് പേരിട്ടത്. ഇതില്‍ നിക്കോളാസ് എന്ന പേരാണ് ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് ചേര്‍ത്തതെന്ന് കാരി സിമണ്ട്‌സ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

സെന്റ് തോമസ് എന്‍എച്ച്എസ് ആശുപത്രിയിലാണ് കൊവിഡ് ബാധിച്ച് ബോറിസ് ജോണ്‍സണ്‍ ചികിത്സയില്‍ കഴിഞ്ഞത്. ആശുപത്രിയില്‍ നിക്ക് ഹര്‍ട്ട്, നിക്ക് പ്രൈസ് എന്നിവരാണ് ബോറിസ് ജോണ്‍സന്റെ ചികിത്സക്ക് മേല്‍നോട്ടം വഹിച്ചത്. കൊവിഡ് ബാധിതനായി നാല് ദിവസം ബോറിസ് ജോണ്‍സണ്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്നു

ബ്രിട്ടനില്‍ മരണസംഖ്യ ഉയരുകയാണ്. കഴിഞ്ഞ ദിവസം 621 പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 28,131 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം കുട്ടികള്‍, ഗാര്‍ഹിക പീഡനത്തിന് ഇരയായവര്‍ എന്നിവരുടെ സുരക്ഷക്കായി 76 ദശലക്ഷം യൂറോ അനുവദിച്ചിരുന്നു. ലോക്കഡൗണില്‍ ഇളവ് വരുത്താനും ബ്രിട്ടന്‍ ആലോചിക്കുന്നുണ്ട്.
 

Follow Us:
Download App:
  • android
  • ios