മാലിദ്വീപ്: ബിക്കിനി ധരിച്ചതിന്റെ പേരിൽ വിനോദ സഞ്ചാരിയായ വനിതയെ മാലിദ്വീപ് പൊലീസ് ബലാത്ക്കാരമായി അറസ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. മാലിദ്വീപിലെ മാഫുഷിയിലാണ് സംഭവം. കറുപ്പ് നിറമുള്ള ബിക്കിനി ധരിച്ച യുവതി പ്രദേശത്ത് കൂടി നടന്നു പോകുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. എന്നാൽ പൊലീസ് ഇവരെ തടയുന്നതും ബലമായി കൈകൾ പുറകിലേക്കാക്കി ബലംപ്രയോ​ഗിച്ച് ബന്ധിക്കുകയും ചെയ്യുന്നുണ്ട്. മൂന്നുപൊലീസുകാരാണ് യുവതിയ്ക്ക് മേൽ ബലപ്രയോ​ഗം നടത്തുന്നത്. അതിലൊരാൾ ഇവരുടെ ശരീരം ഒരു ടവ്വൽ കൊണ്ട് മറയ്ക്കാൻ ശ്രമിക്കുന്നു. ബലം പ്രയോ​ഗിച്ചാണ് ഇവരെ കൊണ്ടുപോകുന്നത്. നിങ്ങളെന്നെ ലൈം​ഗികമായി ഉപദ്രവിക്കുന്നു എന്ന് സ്ത്രീ വിളിച്ചു പറയുന്നതും വീഡിയോയിൽ കേൾക്കാം.

സംഭവത്തിനെതിരെ പ്രതിഷേധം ഉയർന്നതോടെ  മാലിദ്വീപ് പൊലീസ് സർവീസ് കമ്മിഷണർ മുഹമ്മദ് ഹമീദ് പരസ്യമായി മാപ്പ് രേഖപ്പെടുത്തി.  വിനോദസഞ്ചാരിയായ യുവതിയോട് പൊലീസ് മോശമായി പെരുമാറിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സംഭവത്തിൽ വിനോദസഞ്ചാരികളോടും ജനത്തോടും ഞാൻ മാപ്പു പറയുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കും. പൊലീസിന്റെ പ്രഫഷനൽ സമീപനം മികച്ചതാക്കാനുള്ള പരിശീലനം നൽകും’’ – മുഹമ്മദ് ഹമീദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രാദേശിക സംസ്കാരവും വിശ്വാസങ്ങളും നിമയങ്ങളും മാനിക്കാൻ സഞ്ചാരികൾ തയാറാകണം എന്ന നിർദേശമാണ് ബ്രീട്ടീഷ് വിദേശകാര്യ മന്ത്രാലയം നൽകിയത്.