സോള്‍: കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ കിമ്മിന്റെ പ്രശസ്തമായ പച്ച നിറത്തിലുള്ള ആഡംബര ട്രെയിന്‍ തീരദേശ നഗരമായ ഹ്യാങ്‌സാനില്‍ എത്തിയതായി സാറ്റലൈറ്റ് ചിത്രങ്ങള്‍. 38 നോര്‍ത്ത് വെബ്‌സൈറ്റിലാണ് ട്രെയിനിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഹാങ്‌സ്യാനിലെ ആഡംബര റിസോര്‍ട്ടില്‍ കിം താമസിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കിം കുടുംബത്തിന്റെ പച്ച ട്രെയിന്‍ കണ്ടെത്തിയത്. ഏപ്രില്‍ 21, 23 തീയതികളില്‍ ട്രെയിന്‍ നഗരത്തിലെത്തിയതായാണ് സ്ഥിരീകരണം. ട്രെയിന്‍ സ്‌പോട് ചെയ്ത വാര്‍ത്ത ബിബിസി അടക്കം  നിരവധി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കിമ്മിന്റെ കുടുംബത്തിന് മാത്രമാണ് ഈ ട്രെയിന്‍ ഉപയോഗിക്കാനുള്ള അവകാശം. 

കിം ജോങ് ഉന്നിന്റെ ട്രെയിന്‍ കണ്ടെത്തിയ സാറ്റലൈറ്റ് ചിത്രം

കിമ്മിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കുമ്പോഴും ഇതുവരെ കിം എവിടെയെന്നതിന് ഔദ്യോഗിക വിശദീകരണം നല്‍കാന്‍ ഉത്തരകൊറിയ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസമാണ് ചൈനീസ് സര്‍ക്കാര്‍ അയച്ച മെഡിക്കല്‍ സംഘം കിമ്മിന്റെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ ഉത്തരകൊറിയയിലെത്തിയത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ വിദേശകാര്യ ചുമതലയുള്ള മുതിര്‍ന്ന നേതാവിന്റെ നേതൃത്വത്തിലാണ് വിദഗ്ദ സംഘം ഉത്തരകൊറിയയിലെത്തിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഏപ്രില്‍ 11നാണ് കിം അവസാനമായി പൊതുവേദിയില്‍ എത്തിയത്. രാജ്യത്തെ പ്രധാന ദിവസമായ മുത്തച്ഛന്റെ ജന്മദിനാഘോഷങ്ങളില്‍ കിമ്മിന്റെ അസാന്നിധ്യമാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥതിയെ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് കാരണമായത്. അതേസമയം, കിമ്മിന്റെ ആരോഗ്യവാര്‍ത്തകള്‍ അമേരിക്കന്‍ മാധ്യമങ്ങളുടെ സൃഷ്ടിയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. അമേരിക്കന്‍ മാധ്യമങ്ങളിലെ വാര്‍ത്തകള്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തള്ളിയിരുന്നു.