ചത്ത് പൊങ്ങിയ മത്സ്യക്കൂട്ടം, കടലിന്‍റെ ഉപരിതലത്തില്‍ ഇടതൂർന്ന, നീല വൈറ്റിംഗിന്‍റെ പാളിയാൽ പൊതിഞ്ഞ പോലെ കാണപ്പെട്ടെന്ന് സംഘടന പറഞ്ഞു.
ഫ്രാൻസിന്‍റെ (France)അറ്റ്ലാന്‍റിക് തീരത്ത് (Atlantic coast) ഒരു ലക്ഷത്തിലധികം മത്സ്യങ്ങൾ (dead fish) ചത്തുപൊങ്ങിയതിനെത്തുടർന്ന് ഫ്രാൻസിലെ ഫിഷറീസ് മന്ത്രി അന്വേഷണം ആരംഭിച്ചു. വലിയൊരു മത്സ്യക്കൂട്ടം സമുദ്രത്തില്‍ ചത്തുപൊങ്ങിക്കിടക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പരിസ്ഥിതി പ്രവർത്തകർ സമൂഹികമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ദൃശ്യങ്ങള്‍ വൈറലായതോടെയാണ് ഫ്രാന്‍സിന്‍റെ ഫിഷറീസ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മത്സ്യബന്ധന കപ്പലായ, ഡച്ച് ഉടമസ്ഥതയിലുള്ള ട്രോളർ എഫ്‌വി മാർഗരിസ് (FV Margiris), മത്സ്യബന്ധനം നടത്തുന്നതിനിടെ വലപൊട്ടിയതിനെ തുടര്‍ന്ന് മത്സ്യം കടലില്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പാരിസ്ഥിതിക പ്രവര്‍ത്തകര്‍ ചത്ത മത്സ്യക്കൂട്ടത്തെ കണ്ടെത്തുമ്പോള്‍ അവ ഒരു ഒഴുകുന്ന പരവതാനി പോലെ കാണപ്പെട്ടെന്ന് അറിയിച്ചു. ഏകദേശം 3,000 ചതുരശ്ര മീറ്റർ (32,300 ചതുരശ്ര അടി) വിസ്തൃതിയിലായി അവ വ്യാപിച്ചുകിടന്നിരുന്നതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ട്രോളറിന്‍റെ മത്സ്യബന്ധന വലയിലുണ്ടായ വിള്ളലാണ് മത്സ്യം നഷ്ടപ്പെടാന്‍ കാരണെന്ന് കപ്പലിന്‍റെ ഉടമയെ പ്രതിനിധീകരിക്കുന്ന മത്സ്യബന്ധന വ്യവസായ ഗ്രൂപ്പായ പിഎഫ്എ ഒരു പ്രസ്താവനയിൽ പറഞ്ഞു. ഈ മത്സ്യ നഷ്ടത്തെ "വളരെ അപൂർവ സംഭവം" എന്നാണ് കമ്പനി വിശേഷിപ്പിച്ചത്. പരിസ്ഥിതി സംഘടനയായ സീ ഷെപ്പേർഡിന്‍റെ (The Sea Shepherd) ഫ്രഞ്ച് വിഭാഗമാണ് മത്സ്യം ചത്ത് പൊങ്ങിയതിനെ കുറിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ചത്ത് പൊങ്ങിയ മത്സ്യക്കൂട്ടം, കടലിന്‍റെ ഉപരിതലത്തില്‍ ഇടതൂർന്ന, നീല വൈറ്റിംഗിന്‍റെ പാളിയാൽ പൊതിഞ്ഞ പോലെ കാണപ്പെട്ടെന്ന് സംഘടന പറഞ്ഞു. എണ്ണയ്ക്കും ഭക്ഷണത്തിനുമായി കൂടുതലായി ഉപയോഗിക്കുന്ന മത്സ്യമാണ് ഇത്തരത്തില്‍ ചത്ത് പൊങ്ങിയത്. സംഭവം അപകടമാണെന്ന് സംശയിക്കുന്നതായി സീ ഷെപ്പേർഡ് ഫ്രാൻസ് അറിയിച്ചു. ചത്ത മത്സ്യങ്ങളുടെ ചിത്രങ്ങൾ ഞെട്ടിക്കുന്നതാണെന്ന് ഫ്രാൻസിന്‍റെ സമുദ്രമന്ത്രി ആനിക്ക് ഗിറാർഡിൻ പറഞ്ഞു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കാൻ രാജ്യത്തെ ദേശീയ മത്സ്യബന്ധന നിരീക്ഷണ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മാർഗരിസ് പോലെയുള്ള വലിയ ട്രോളറുകൾ ഒരു കിലോമീറ്ററിലധികം നീളമുള്ള മത്സ്യബന്ധന വലകളാണ് ഉപയോഗിക്കുന്നത്. കൂടാതെ മത്സ്യത്തെ ഓൺ-ബോർഡ് ഫാക്ടറികളിൽ വച്ച് തന്നെ സംസ്ക്കരിക്കുന്നു. പരിസ്ഥിതി വാദികള്‍ ഇത്തരം മത്സ്യബന്ധന രീതികള്‍ക്ക് എതിരാണ്. ഉള്‍ക്കടലില്‍ നടന്ന ഈ മത്സ്യക്കൊല "ഡോൾഫിനുകളെ പട്ടിണിയിലേക്ക് നയിക്കുകയും" തീരത്തോട് അടുത്ത് വേട്ടയാടാൻ അവയെ നിർബന്ധിക്കുകയും ചെയ്യുമെന്ന് കടൽ ഷെപ്പേർഡ് സംഘടന പറയുന്നു. കടൽ സസ്തനികൾ മത്സ്യബന്ധന വലകളിൽ കുടുങ്ങി മരിക്കുന്നതും ഇവിടെ പതിവാണ്. കഴിഞ്ഞ വർഷങ്ങളിൽ ഇത്തരത്തില്‍ അപകടത്തില്‍പ്പെട്ട് ചത്ത ആയിരക്കണക്കിന് ഡോൾഫിനുകൾ ഫ്രാൻസിന്‍റെ അറ്റ്ലാന്‍റ്ക് തീരത്തുകൂടി ഒലിച്ചുപോയെന്നും സംഘടന ആരോപിക്കുന്നു. ഇത്രയധികം സസ്തനികളെ ദോഷകരമായി ബന്ധിക്കുന്നതിനാല്‍ കടല്‍ ജീവികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകുന്നുവെന്നും ഇത് കടലിന്‍റെ ജൈവ സന്തുലിതാവസ്ഥ അപകടത്തിലാക്കുമെന്നും സമുദ്ര ജീവശാസ്ത്രജ്ഞരും പറയുന്നു. 2012-ൽ ഓസ്‌ട്രേലിയയില്‍ സൂപ്പർ ട്രോളറുകള്‍ക്കെതിരെ നടന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടർന്ന്, ഓസ്‌ട്രേലിയൻ കടൽ വിടാൻ നിർബന്ധിതരായ മത്സബന്ധന കപ്പലാണ് മാർഗരിസ്.
