മുൻ അൽഖ്വയിദ കമാൻഡറും സിറിയൻ പ്രസിഡൻ്റുമായ അഹമ്മദ് അൽ-ഷറഅയെ യുഎസ് മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ സ്വീകരിച്ചു. സിറിയയുടെ മേലുള്ള ഉപരോധങ്ങളിൽ ഇളവ് നൽകുന്നതിനെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു.
വാഷിംഗ്ടൺ: ഒരിക്കൽ അമേരിക്ക ഭീകരനായി പ്രഖ്യാപിക്കുകയും തലയ്ക്ക് 10 മില്യൺ ഡോളർ പാരിതോഷികം നിശ്ചയിക്കുകയും ചെയ്ത സിറിയൻ പ്രസിഡൻ്റും മുൻ അൽഖ്വയിദ കമാൻഡറുമായിരുന്ന അഹമ്മദ് അൽ-ഷറഅയെ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ സ്വീകരിച്ചു. ചരിത്രത്തിലെ പ്രധാനപ്പെട്ടതും അപ്രതീക്ഷിതവുമായ നയതന്ത്ര നീക്കമായതാണ് സംഭവം വിലയിരുത്തപ്പെടുന്നത്. 1946-ൽ സിറിയ സ്വാതന്ത്ര്യം നേടിയ ശേഷം ഒരു സിറിയൻ നേതാവ് വൈറ്റ് ഹൗസ് സന്ദർശിക്കുന്നത് ഇത് ആദ്യമാണ്.
ട്രംപിൻ്റെ തമാശയും സമ്മാനങ്ങളും
കൂടിക്കാഴ്ചയുടെ ഭാഗമായി ട്രംപും അൽ-ഷറഅയും തമ്മിലുള്ള ലഘുവായ സംഭാഷണത്തിൻ്റെ വീഡിയോ ഓൺലൈനിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ട്രംപ് അൽ-ഷറഅയ്ക്ക് ഒരു കുപ്പി പെർഫ്യൂം സമ്മാനിക്കുകയും അത് അദ്ദേഹത്തിന് സ്പ്രേ ചെയ്തുകൊണ്ട് 'ഇതാണ് മികച്ച സുഗന്ധം... മറ്റേത് നിങ്ങളുടെ ഭാര്യക്ക് വേണ്ടിയുള്ളതാണ്,' എന്ന് പറയുന്നു. തുടർന്ന് ട്രംപ് തമാശയായി, 'എത്ര ഭാര്യമാരുണ്ട്?' എന്ന് ചോദിച്ചു. അൽ-ഷറഅയുടെ മറുപടി ഒരാൾ മാത്രം എന്നും, ചിരിച്ചുകൊണ്ട് ട്രംപ്, 'നിങ്ങൾക്കറിയില്ലല്ലോ!ട എന്ന് പറയുന്നതുമാണ് ദൃശ്യങ്ങളിൽ. സന്ദർശനത്തിനിടെ അൽ-ഷറഅ, ചരിത്രത്തിലെ ആദ്യത്തെ അക്ഷരമാല, ആദ്യത്തെ സ്റ്റാമ്പ്, ആദ്യത്തെ സംഗീത കുറിപ്പ്, ആദ്യത്തെ കസ്റ്റംസ് താരിഫ് എന്നിവയുടെ പകർപ്പുകൾ ഉൾപ്പെടെ പുരാതന സിറിയൻ പുരാവസ്തുക്കളുടെ പ്രതീകാത്മക സമ്മാനങ്ങൾ ട്രംപിന് നൽകി.
'കടുപ്പമേറിയ ഭൂതകാലം' തുണയായി
അൽ-ഷറഅയുടെ പഴയകാലത്തെക്കുറിച്ച് ട്രംപ് നടത്തിയ പരാമർശവും ശ്രദ്ധേയമായി. 'നമുക്കെല്ലാവർക്കും കടുപ്പമേറിയ ഭൂതകാലം ഉണ്ടായിട്ടുണ്ട്, പക്ഷേ അദ്ദേഹത്തിന് അതിലും കടുപ്പമേറിയ ഭൂതകാലമാണ് ഉണ്ടായിരുന്നത്. സത്യം പറഞ്ഞാൽ, അത്തരമൊരു ഭൂതകാലം ഇല്ലായിരുന്നെങ്കിൽ അദ്ദേഹത്തിന് ഒരവസരം ലഭിക്കില്ലായിരുന്നു, എന്നും ട്രംപ് പറഞ്ഞു.
ഉപരോധങ്ങളിൽ ഇളവ്
സിറിയക്കെതിരായ ഉപരോധങ്ങൾക്ക് യുഎസ്. വീണ്ടും 180 ദിവസത്തേക്ക് ഇളവ് നൽകി. 43-കാരനായ അൽ-ഷറഅ കഴിഞ്ഞ വർഷമാണ് സിറിയയിൽ അധികാരത്തിലെത്തിയത്. അദ്ദേഹത്തിൻ്റെ ഇസ്ലാമിസ്റ്റ് സേന അതിവേഗ മുന്നേറ്റത്തിലൂടെ മുൻ പ്രസിഡൻ്റ് ബാഷർ അൽ-അസദിനെ ഡിസംബർ 8-ന് അട്ടിമറിക്കുകയായിരുന്നു. അസദ് സർക്കാരിൻ്റെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ സിറിയയെ ശിക്ഷിച്ചിരുന്ന സീസർ ആക്ട് ഉപരോധങ്ങൾ സ്ഥിരമായി റദ്ദാക്കാനാണ് അൽ-ഷറഅ ഈ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിന് കോൺഗ്രസിൻ്റെ അംഗീകാരം ആവശ്യമാണ്.


