Asianet News MalayalamAsianet News Malayalam

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് രോഗി നവജാതശിശു, അമേരിക്കയിൽ മരണം 50

ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു. അമേരിക്കയിൽ മരണം 50 ആയി. താൻ തന്നെ പരിശോധന നടത്തിയെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നും പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു.

trump confirmed 50 people dead due to covid 19 global death count 5000 live updates
Author
Washington D.C., First Published Mar 14, 2020, 11:58 PM IST

വാഷിംഗ്ടൺ: ലോകത്താകെ കൊവിഡ് 19, അഥവാ കൊറോണവൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5000 കടന്നതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. കൊവിഡ് ബാധിതരുടെ എണ്ണം ആകെ ഒന്നരലക്ഷം കടന്നു. ഇറ്റലിയിൽ 1266 പേരും ഇറാനിൽ 611 പേരുമാണ് ഇതുവരെ മരിച്ചത്. ഇറ്റലിയിൽ 17,664 പേർക്ക് ഇതു വരെ രോഗം സ്ഥിരീകരിച്ചു. 

ബ്രിട്ടനിൽ ജനിച്ച് മണിക്കൂറുകള്‍ക്കുള്ളിൽ കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ, ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് രോഗി ഈ കുഞ്ഞായി മാറി. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ന്യൂമോണിയ ബാധയെ തുടര്‍ന്നാണ് കുഞ്ഞിന്‍റെ അമ്മയെ മുമ്പ് നോര്‍ത്ത് മിഡില്‍സെക്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗര്‍ഭാവസ്ഥയിലോ പ്രസവ സമയത്തോ ആകാം കൊവിഡ് 19 ലക്ഷണങ്ങളുണ്ടായിരുന്ന അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് രോഗം പടര്‍ന്നതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. യുവതിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചപ്പോഴേക്കും പ്രസവം കഴിഞ്ഞിരുന്നു. 

ശനിയാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് യുകെയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 798 ആയി. 

കൊവിഡ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങൾ (രോഗബാധിതരുടെ എണ്ണമനുസരിച്ച്) : കടപ്പാട്: https://www.bloomberg.com/graphics/2020-wuhan-novel-coronavirus-outbreak/

Image result for coronavirus world

അമേരിക്കയ്ക്ക് പിന്നാലെ സ്പെയിനിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ. 120 പേർ മരിക്കുകയും, അയ്യായിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സ്പെയിനിൽ 15 ദിവസത്തെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. ഇതിനിടെ യൂറോപ്പിലേക്ക് പ്രഖ്യാപിച്ചിരുന്ന യാത്രാവിലക്കിൽ നിന്ന് ഇളവ് നൽകിയിരുന്ന ഇംഗ്ലണ്ടിലേക്കും അയർലണ്ടിലേക്കും കൂടി യാത്രാവിലക്ക് വ്യാപിപ്പിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. അമേരിക്ക, യാത്രാ കപ്പലുകളുടെ സര്‍വ്വീസ് ഒരു മാസത്തേക്ക് നിര്‍ത്തി. 

അമേരിക്കയിൽ മാത്രം കൊവിഡ് 19 ബാധിച്ച് മരിച്ചത് 50 പേരാണ്. താൻ തന്നെ കൊവിഡ് രോഗബാധയുണ്ടോ എന്ന് പരിശോധന നടത്തിയെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നും പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു.

ഡെന്മാർക്ക്, ചെക് റിപബ്ലിക്, സ്ലോവാക്യ, ഓസ്ട്രിയ, യുക്രൈൻ, ഹംഗറി, പോളണ്ട് എന്നീ രാജ്യങ്ങൾ അതിർത്തി അടച്ചു. ന്യൂസിലൻഡിൽ എത്തുന്ന വിദേശികൾക്ക് 14 ദിവസത്തെ നിരീക്ഷണം നിര്‍ബന്ധമാക്കി. ഭാര്യയ്ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ 14 ദിവസത്തെ നിരീക്ഷണം തുടരുകയാണ്.

രാജ്യത്തിന് പുറത്തുള്ള വിൽപ്പന കേന്ദ്രങ്ങൾ ചൈന ഈ മാസം 27 വരെ അടച്ചിടാനും തീരുമാനിച്ചു. 

Follow Us:
Download App:
  • android
  • ios