അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്നീട് പിന്മാറിയത് പ്രക്ഷോഭകരെ ചതിച്ചുവെന്ന് ആരോപണം. ട്രംപിന്റെ വാക്കുകൾ വിശ്വസിച്ച് തെരുവിലിറങ്ങിയ തങ്ങളെ ചാവേറുകളായി ഉപയോഗിക്കുകയായിരുന്നുവെന്ന് ഇറാനിയൻ ജനത കുറ്റപ്പെടുത്തുന്നു. 

ടെഹ്‌റാൻ: ഇറാനിൽ ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ലക്ഷക്കണക്കിന് പ്രക്ഷോഭകർ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കടുത്ത രോഷവുമായി രംഗത്ത്. തങ്ങളുടെ പോരാട്ടത്തിന് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് ഒടുവിൽ ഇറാൻ ഭരണകൂടവുമായി ഒത്തുതീർപ്പുണ്ടാക്കി ട്രംപ് തങ്ങളെ വഞ്ചിച്ചുവെന്നാണ് പ്രക്ഷോഭകരുടെ ആരോപണം. ട്രംപിന്റെ വാക്കുകൾ വിശ്വസിച്ച് തെരുവിലിറങ്ങിയ തങ്ങളെ ചാവേറുകളായി ഉപയോഗിക്കുകയായിരുന്നുവെന്ന് ഇറാനിയൻ ജനത കുറ്റപ്പെടുത്തുന്നു.

സാമ്പത്തിക തകർച്ചയ്ക്കും വിലക്കയറ്റത്തിനുമെതിരെ കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ച പ്രതിഷേധം ജനുവരിയോടെ ആഗോള ശ്രദ്ധ നേടിയിരുന്നു. ഈ സമയത്ത് ട്രംപ് നൽകിയ പരസ്യമായ പിന്തുണയാണ് പ്രക്ഷോഭകരെ ആവേശം കൊള്ളിച്ചത്. അമേരിക്കൻ സഹായം ഉടൻ ഇറാനിലെത്തുമെന്നും സമാധാനപരമായി പ്രതിഷേധിക്കുന്നവർക്ക് നേരെ ആക്രമണമുണ്ടായാൽ സൈനികമായി നേരിടാൻ അമേരിക്ക സജ്ജമാണെന്നും ട്രംപ് സോഷ്യൽ മീഡിയയിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു. ട്രംപിന്റെ ഈ വാക്കുകൾ അമേരിക്കൻ സൈനിക ഇടപെടൽ ഉണ്ടാകുമെന്ന ഉറപ്പായി ഇറാനിലെ ജനങ്ങൾ കണക്കാക്കി. ഇതോടെയാണ് ലക്ഷക്കണക്കിന് ആളുകൾ ജീവൻ പണയപ്പെടുത്തി തെരുവിലിറങ്ങിയത്.

എന്നാൽ, സമരത്തിന് നേരെ ഇറാൻ ഭരണകൂടം വെടിവെപ്പും ആശയവിനിമയ സംവിധാനങ്ങൾ തടയുന്നതുമുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിച്ചതോടെ ട്രംപിന്റെ നിലപാട് മാറി. കൊലപാതകങ്ങളും വധശിക്ഷകളും നിർത്താമെന്ന് ഇറാൻ നേതൃത്വം തനിക്ക് ഉറപ്പു നൽകിയിട്ടുണ്ടെന്നും അതിനാൽ സൈനിക നീക്കം ഉണ്ടാകില്ലെന്നും ട്രംപ് പ്രഖ്യാപിച്ചു. സമരത്തിനിടെ കൊല്ലപ്പെട്ട 15,000 പേരുടെ മരണത്തിന് ട്രംപിനും ഉത്തരവാദിത്തമുണ്ടെന്ന് ടെഹ്‌റാനിലെ ഒരു വ്യാപാരി ടൈം മാഗസിനോട് പറഞ്ഞു. ട്രംപിന്റെ സജ്ജമാണ് എന്ന പോസ്റ്റ് കണ്ടാണ് പലരും ഭയമില്ലാതെ തെരുവിലിറങ്ങിയതെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടി.

ഇറാൻ ഭരണകൂടവുമായി അമേരിക്ക രഹസ്യ ധാരണയിലെത്തിയെന്നും തങ്ങളെ ചതുരംഗപ്പലകയിലെ കരുക്കളായി ഉപയോഗിച്ച് വഞ്ചിക്കുകയായിരുന്നുവെന്നും ഇറാനിയൻ ജനത കരുതുന്നതായാണ് പലരുടെയും പ്രതികരണം. ട്രംപിന്റെ ചുവടുമാറ്റം ഇറാനിലെ പ്രതിപക്ഷ നിരയെ തളർത്തിയിരിക്കുകയാണ്. ട്രംപ് ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ല, അദ്ദേഹത്തിന് ഞങ്ങളെക്കുറിച്ച് ഒരു ആശങ്കയുമില്ല എന്ന് ടെഹ്‌റാനിലെ ഒരു യുവതി നിരാശയോടെ പ്രതികരിക്കുന്നതിന്റെ റിപ്പോര്‍ട്ടുകളും പുറത്തുവന്നു. അതേസമയം, പ്രതിഷേധം അടിച്ചമർത്തപ്പെട്ടതോടെ ഇറാൻ ഭരണകൂടം ട്രംപിനെ പരിഹസിച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. നിലവിൽ പ്രക്ഷോഭങ്ങൾ തണുത്തെങ്കിലും, രാജ്യത്ത് ഒറ്റപ്പെട്ടുപോയ ഒരുകൂട്ടം മനുഷ്യരുടെ വേദനയാണ് ടെഹ്‌റാൻ തെരുവുകളിൽ അവശേഷിക്കുന്നത്.