21 വർഷത്തിനു ശേഷമാണു ഓസ്‌ട്രേലിയയിൽ ഒരു പ്രധാനമന്ത്രിക്ക് അധികാരത്തുടർച്ച ലഭിക്കുന്നത്.നയങ്ങളുടെ കാര്യത്തിൽ ഡോണൾഡ്‌ ട്രംപിനോട് സാമ്യമുളള പീറ്റർ ഡറ്റന് കനത്ത തിരിച്ചടി.

ഓസ്‌ട്രേലിയൻ പൊതുതെരഞ്ഞെടുപ്പിലും പ്രതിഫലിച്ചത് ട്രംപ് ഫാക്ടർ. പ്രധാനമന്ത്രി ആന്തണി ആൽബനീസിന് ജനം നൽകിയത് അമ്പരപ്പിക്കുന്ന ഭൂരിപക്ഷം ആണ്. 21 വർഷത്തിനു ശേഷമാണു ഓസ്‌ട്രേലിയയിൽ ഒരു പ്രധാനമന്ത്രിക്ക് ജനം അധികാരത്തുടർച്ച നൽകുന്നത്. 150 അംഗ പാർലമെന്റിൽ അൽബനീസിന്റെ ലേബർ പാർട്ടി എൺപത്തഞ്ചിലേറെ സീറ്റുകളാണ് നേടിയത്. പീറ്റർ ഡറ്റന്റെ നേതൃത്വത്തിലുള്ള കൺസർവേറ്റിവ് സഖ്യത്തിന് കനത്ത തിരിച്ചടി ആണ് ഉണ്ടായത്. അദ്ദേഹത്തിന്റെ മുന്നണി വെറും 35 സീറ്റുകളിൽ ഒതുങ്ങി. 

നയങ്ങളുടെ കാര്യത്തിൽ ഡോണൾഡ്‌ ട്രംപിനോട് സാമ്യമുളള നേതാവാണ് പീറ്റർ ഡറ്റൻ. കടുത്ത യാഥാസ്ഥിതികത, അഭയാർത്ഥികളെ വിദേശ തടങ്കൽ കേന്ദ്രങ്ങളിലേക്ക് അയയ്ക്കണം എന്ന നിലപാട്, കുടിയേറ്റക്കാരോടുള്ള എതിർപ്പ്, കടുത്ത ചൈനീസ് വിരുദ്ധത എന്നിവയിൽ എല്ലാം ട്രംപിന്റെ അതെ നിലപാട് ആയിരുന്നു പീറ്റർ ഡറ്റന്. അതുകൊണ്ടുതന്നെ ഓസ്‌ട്രേലിയൻ ജനത ഡറ്റന് കനത്ത തിരിച്ചടി നൽകി. അമേരിക്കയിൽ ഇപ്പോൾ ട്രംപ് ചെയ്തുകൂട്ടുന്നത് സ്വന്തം രാജ്യത്ത് ഉണ്ടാകാൻ ഓസ്‌ട്രേലിയൻ ജനത ആഗ്രഹിച്ചില്ല. 

ട്രംപ് ഉയർത്തുന്ന ആഗോള വ്യാപാര ഭീഷണിയുടെ പശ്ചാത്തലത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ, ഉയരുന്ന ജീവിത ചെലവും സാമ്പത്തിക സ്ഥിതിയും ആയിരുന്നു പ്രധാന ചർച്ചാ വിഷയം. ഇക്കാര്യങ്ങളിൽ ആന്തണി ആൽബനീസിന്റെ യുക്തിസഹമായ നിലപാടുകൾ ജനം അംഗീകരിച്ചത് ആണ് ഓസ്‌ട്രേലിയയിൽ കണ്ടത്. മികച്ച ആരോഗ്യ സൗകര്യങ്ങളും ജീവിത സാഹചര്യവും ജനങ്ങൾക്ക് നൽകുമെന്ന് വിജയം അറിഞ്ഞ ശേഷം ആന്റണി അൽബനീസ് പറഞ്ഞു. ആഗോള അനിശ്ചിതത്വങ്ങളുടെ കാലത്ത് ഓസ്‌ട്രേലിയൻ ജനത ശുഭപ്രതീക്ഷയ്ക്ക് വോട്ട് ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം