Asianet News MalayalamAsianet News Malayalam

രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെട്ട ആദ്യ പ്രസിഡന്റ്; ഡോണള്‍ഡ് ട്രംപിന്റെ രാഷ്ട്രീയ ഭാവി എന്ത്

കടുത്ത പ്രതിസന്ധിയിലൂടെയാണ് ട്രംപ് കടന്നുപോകുന്നത്. അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രസിഡന്റ് ഇത്രയും ഗുരുതരമായ ആരോപണം നേരിടുന്നത്. ട്രംപിനെ കുറ്റക്കാരനായി കണ്ടെത്തിയാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി അതോടെ അവസാനിക്കും.
 

Trump Impeached Twice: Trump political Future
Author
Washington D.C., First Published Jan 14, 2021, 1:10 PM IST

മേരിക്കന്‍ രാഷ്ട്രീയ ചരിത്രത്തില്‍ രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെട്ട ഏക പ്രസിഡന്റായിരിക്കുകയാണ് ഡോണള്‍ഡ് ട്രംപ്. യുഎസ് പാര്‍ലമെന്റായ ക്യാപിറ്റോള്‍ മന്ദിരത്തിന് നേരെ ട്രംപിന്റെ അനുകൂലികള്‍ നടത്തിയ ആക്രമണത്തിന് ശേഷമാണ് ട്രംപിനെ യുഎസ് രണ്ടാം തവണയും ഇംപീച്ച് ചെയ്തത്. 197നെതിരെ 232 വോട്ടുകള്‍ക്കാണ് ഇംപീച്ച്മെന്റ് പ്രമേയം പാസായത്.ഡെമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള സഭയില്‍ 10 റിപ്പബ്ലിക്കന്‍ അംഗങ്ങളും ട്രംപിനെതിരെ വോട്ട് ചെയ്തു. 222 ഡെമോക്രാറ്റുകളും, 10 റിപ്പബ്ലിക്കന്‍ അംഗങ്ങളുമാണ് ട്രംപിനെതിരെ വോട്ട് ചെയ്തത്. 197 റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ഇംപീച്ച്‌മെന്റ് പ്രമേയത്തെ അനുകൂലിച്ചില്ല. രാജ്യത്ത് കലാപം സൃഷ്ടിക്കാന്‍ പ്രേരിപ്പിച്ചു എന്ന കുറ്റത്തിനാണ് ട്രംപിനെതിരെ ജനപ്രതിനിധി സഭ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ട് വന്നത്.

ഇംപീച്ച്‌മെന്റിലേക്ക് എത്തിയ വഴികള്‍ 

രണ്ടാം തവണ ഇംപീച്ച് ചെയ്യപ്പെട്ടെങ്കിലും കുറ്റക്കാരനാക്കുന്നത് ജനുവരി 20ന് മുമ്പാണെങ്കില്‍ മാത്രമേ അദ്ദേഹത്തെ പുറത്താക്കുകയുള്ളൂ. എന്നാല്‍, ജനുവരി 20ന് മുമ്പ് അദ്ദേഹത്തിനെതിരെ വിചാരണ നടപടിയുണ്ടായേക്കില്ലെന്നാണ് സെനറ്റ് ഭൂരിപക്ഷ നേതാവ് മിച്ച് മക്കോണല്‍ പറഞ്ഞത്. ജനുവരി 20ന് ട്രംപ് അധികാരം ഒഴിഞ്ഞതിന് ശേഷം അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് പ്രഖ്യാപിച്ചാല്‍ ഭാവിയില്‍ അദ്ദേഹം വീണ്ടും പ്രസിഡന്റാകുന്നത് തടയാനാകും. ക്യാപിറ്റോള്‍ സംഭവത്തിന് ശേഷമാണ് കോണ്‍ഗ്രസ് അജണ്ടയില്‍ ഇംപീച്ച്‌മെന്റ് ഉള്‍പ്പെടുത്തിയത്. തെരഞ്ഞെടുപ്പിന് ശേഷം താന്‍ തോറ്റാല്‍ ഫലം അംഗീകരിക്കില്ലെന്ന് ട്രംപ് പലതവണ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ബൈഡന്റെ വിജയം അവസാനം വരെ ട്രംപ് അംഗീകരിച്ചില്ല. ട്രംപിന്റെ നിലപാടിന്റെ അനന്തര ഫലമായിരുന്നു അഞ്ച് പേര്‍ കൊല്ലപ്പെടാനുണ്ടായ ക്യാപിറ്റോള്‍ ആക്രമണം. 

ഔപചാരികമായി ബൈഡന്റെ വിജയം അംഗീകരിക്കാനാണ് കോണ്‍ഗ്രസ് ചേര്‍ന്നത്. സ്വിംഗ് സ്‌റ്റേറ്റുകളില്‍ ബൈഡന്റെ വിജയം തടയാന്‍ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ പദ്ധതിയിട്ടെങ്കിലും നടക്കാതെ പോയതോടെയാണ് ആക്രമണമുണ്ടായത്. അനുയായികള്‍ക്കുള്ള ട്രംപിന്റെ ആഹ്വാനമാണ് ആക്രമണത്തിന് കാരണമെന്നതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ഇംപീച്ച്‌മെന്റിലേക്ക് കടന്നത്. സംഭവത്തിന് ശേഷം ട്രംപിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നാണ് ഡെമോക്രാറ്റുകള്‍ ആവശ്യപ്പെട്ടത്. ചില റിപ്പബ്ലിക് അംഗങ്ങളും ഇംപീച്ച്‌മെന്റിനെ പിന്താങ്ങിയെന്നതും ശ്രദ്ധേയമാണ്. ഇംപീച്ച്‌മെന്റല്ലാതെ ജനുവരി 20ന് മുമ്പ് ട്രംപിനെ പുറത്താക്കാനും ആലോചിച്ചിരുന്നു. ഒന്നുകില്‍ ട്രംപ് സ്വയം രാജിവെക്കണം. 

അല്ലെങ്കില്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും പകുതി കാബിനറ്റ് അംഗങ്ങളും ട്രംപിനെതിരെ 25ാം ഭേദഗതി പ്രകാരം വോട്ട് ചെയ്ത് പുറത്താക്കണം. എന്നാല്‍, വോട്ട് ചെയ്ത് പുറത്താക്കുന്നത് രാജ്യതാല്‍പര്യത്തിന് വിരുദ്ധമാകുമെന്നും ഭരണഘടനയുടെ സുസ്ഥിരതക്ക് അനുയോജ്യമല്ലെന്നും മൈക്ക് പെന്‍സ് വ്യക്തമാക്കി. അതോടെയാണ് ഇംപീച്ച്‌മെന്റിലേക്ക് കാര്യങ്ങള്‍ എത്തിയത്. ട്രംപിന്റെ ഇംപീച്ച്‌മെന്റ് ഇനി സെനറ്റാണ് പരിഗണിക്കുക. സെനറ്റില്‍ നേരിയ മുന്‍തൂക്കം ഡെമോക്രാറ്റുകള്‍ക്കാണ്. ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ് പാസാകണമെങ്കില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് വേണ്ടത്. അത് സാധ്യമാകുമോ എന്നതാണ് ഉറ്റുനോക്കുന്നത്. 17 റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരുടെ പിന്തുണയാണ് വേണ്ടത്. ചില റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ വോട്ടുചെയ്യുമെന്ന് പരസ്യമായി അറിയിച്ചിട്ടുണ്ട്. 

ട്രംപിന്റെ രാഷ്ട്രീയ ഭാവി ഇനി എന്ത് 

കടുത്ത പ്രതിസന്ധിയിലൂടെയാണ് ട്രംപ് കടന്നുപോകുന്നത്. അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രസിഡന്റ് ഇത്രയും ഗുരുതരമായ ആരോപണം നേരിടുന്നത്. ട്രംപിനെ കുറ്റക്കാരനായി കണ്ടെത്തിയാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി അതോടെ അവസാനിക്കും. 2024ലും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ താന്‍ ഉണ്ടാകുമെന്ന് ട്രംപ് തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇംപീച്ച്‌മെന്റ് നടന്നാല്‍ ട്രംപിനെ കാത്തിരിക്കുന്നത് വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള വിലക്കായിരിക്കും. 2019-ല്‍ ട്രംപിനെതിരേ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്നപ്പോള്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ ഒരംഗം പോലും പിന്തുണച്ചിരുന്നില്ല. അതേസമയം വര്‍ഷങ്ങളായി തനിക്കെതിരെ നടക്കുന്ന വേട്ടയാടലിന്റെ ഭാഗമാണ് ഇംപീച്ച്‌മെന്റ് എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. അസംബന്ധവും ഭയാനകവുമായ കാര്യമാണ് അമേരിക്കയില്‍ നടക്കുന്നത്. നിലവിലെ സംഭവ വികാസങ്ങള്‍ അമേരിക്കയ്ക്ക് അപകടമാണെന്നുമായിരുന്നു ട്രംപ് പ്രതികരിച്ചത്. 

ഇംപീച്ച്‌മെന്റ് പ്രമേയം പരാജയപ്പെട്ടാലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കിടയില്‍ ക്യാപിറ്റോള്‍ സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് പല നേതാക്കളും ട്രംപിനെ പരസ്യമായി തള്ളിപ്പറഞ്ഞതും. ഇനി റിപ്പബ്ലിക്കന്‍ നേതൃ നിരയിലേക്ക് തിരിച്ചെത്തുക എന്നതും ട്രംപിനെ സംബന്ധിച്ചടത്തോളം കഠിനമായിരിക്കും. 

Follow Us:
Download App:
  • android
  • ios