ഇന്ത്യയെ റഷ്യയിൽ നിന്നും ചൈനയിൽ നിന്നും അകറ്റാനുള്ള പരിശ്രമം അമേരിക്ക ഏറെക്കാലമായി നടത്തുകയാണ്. ഇതിനായുള്ള അമേരിക്കൻ തന്ത്രങ്ങളെ ട്രംപിന്റെ തീരുമാനം അപകടത്തിലാക്കിയെന്നു ബോൾട്ടൻ വിമർശിച്ചു

വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തിൽ ഇന്ത്യയ്ക്കെതിരെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം അധിക തീരുവ അമേരിക്കയ്ക്ക് തന്നെ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ. ട്രംപിന്‍റെ അധിക തീരുവ പ്രഖ്യാപനം അമേരിക്കയുടെ ദീർഘകാല പരിശ്രമത്തെ അപകടത്തിലാക്കുന്നതാണ്. ഇന്ത്യയെ റഷ്യയിൽ നിന്നും ചൈനയിൽ നിന്നും അകറ്റാനുള്ള പരിശ്രമം അമേരിക്ക ഏറെക്കാലമായി നടത്തുകയാണ്. ഇതിനായുള്ള അമേരിക്കൻ തന്ത്രങ്ങളെ ട്രംപിന്റെ തീരുമാനം അപകടത്തിലാക്കിയെന്നു ബോൾട്ടൻ വിമർശിച്ചു.

ട്രംപിന്‍റെ താരിഫ് പ്രഖ്യാപനം കാരണം ഇന്ത്യ, റഷ്യയോടും ചൈനയോടും കൂടുതൽ അടുപ്പിക്കുകയും ഈ മൂന്ന് ലോകശക്തികൾ അമേരിക്കയ്ക്കെതിരെ ഒന്നിക്കാൻ ഇടയാക്കുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യം 25 ശതമാനം പ്രഖ്യാപിച്ച അധിക തീരുവ പിന്നീട് 50 ശതമാനമായാണ് ട്രംപ് ഉയർത്തിയത്. എന്നാൽ ഈ നടപടി ഉദ്ദേശിച്ച ഫലം നൽകില്ലെന്നും ഇന്ത്യ പ്രതികൂലമായി പ്രതികരിച്ചത് അമേരിക്കക്ക് ദോഷം ചെയ്യുമെന്നും ബോൾട്ടൻ വിവരിച്ചു. റഷ്യക്കെതിരായ നടപടിയെന്ന നിലയിൽ ഇന്ത്യയ്ക്ക് മേൽ ചുമത്തിയ അധിക തീരുവ ഇന്ത്യ - റഷ്യ - ചൈന ബന്ധം ശക്തിപ്പെടുത്തുകയും അമേരിക്കക്ക് അത് വെല്ലുവിളിയാകുമെന്നും ബോൾട്ടൻ മുന്നറിയിപ്പ് നൽകി. ഇന്ത്യയുമായുള്ള അമേരിക്കയുടെ ദീർഘകാല തന്ത്രപരമായ ബന്ധത്തെ ഈ നയം ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ യുഎസ് വാണിജ്യ വകുപ്പ് ഉദ്യോഗസ്ഥനായ ക്രിസ്റ്റഫർ പാഡില്ലയും ട്രംപിന്റെ നയത്തിനെതിരെ രംഗത്തെത്തി. ഇന്ത്യ - അമേരിക്ക ബന്ധത്തെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണ് അധിക തീരുവയെന്ന് അദ്ദേഹം വിമർശിച്ചു. വർഷങ്ങളായി അമേരിക്ക പുലർത്തിവന്ന തന്ത്രപരമായ നയങ്ങളെ ട്രംപിന്റെ ഈ നടപടി വെല്ലുവിളിക്കുകയാണെന്ന് വിദേശകാര്യ വിദഗ്ധനായ പാഡില്ല ചൂണ്ടിക്കാട്ടി. അമേരിക്കയിൽ തന്നെ പരക്കെ വിമർശനം നേരിടുന്ന ട്രംപിന്‍റെ താരിഫ് പ്രഖ്യാപനത്തെ നേരിടാൻ ഉറച്ച തീരുമാനങ്ങളിലേക്ക് ഇന്ത്യയും കടക്കുകയാണ്. ഇന്ത്യയ്ക്ക് അധിക തീരുവ ഏര്‍പ്പെടുത്തിയ അമേരിക്കയ്ക്ക് മറുപടിയായി പകരം തീരുവ ചുമത്തണമെന്ന നിര്‍ദേശം കേന്ദ്ര മന്ത്രിസഭ ഉടൻ തന്നെ ചര്‍ച്ച ചെയ്തേക്കുമെന്നാണ് വിവരം. ഇന്ത്യയ്ക്ക് 50 ശതമാനം തീരുവ ചുമത്തിയതിന് പകരം നടപടികൾ വേണമെന്ന ആവശ്യം ശക്തമായതോടെയാണ് ഇക്കാര്യം ചര്‍ച്ച ചെയ്യുന്നത്. ഈ ആവശ്യമുന്നയിച്ച് പാര്‍ലമെന്‍റിൽ എം പിമാർ നോട്ടീസ് നൽകും. ഇന്ത്യ പകരം തീരുവ പ്രഖ്യാപിക്കാത്തത് ദൗർബല്യമായി വ്യഖ്യാനിക്കുമെന്ന് ബി ജെ പിക്കുള്ളിലും അഭിപ്രായം ശക്തമാകുന്നുണ്ട്.