ഇന്റലിജന്‍സ്, പ്രതിരോധം, ദേശീയ സുരക്ഷ എന്നീ മേഖലകളില്‍ മുന്‍പരിചയമില്ലാത്ത ആളാണ് ഇദ്ദേഹം. ട്രംപിന്റെ ശത്രുക്കള്‍ക്കെതിരെ അന്വേഷണം വേണമെന്ന് ശക്തമായി ആവശ്യപ്പെട്ട ആളാണ് പുല്‍റ്റെ.

വാഷിംഗ്ടണ്‍: അമേരിക്കന്‍ ഇന്റലിജന്‍സ് മേധാവിയായി രഹസ്യാന്വേഷണ രംഗത്ത് യാതൊരു മുന്‍പരിചയവുമില്ലാത്ത സ്വന്തക്കാരനെ നിയമിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലവിലെ ഇന്റലിജന്‍സ് മേധാവി തുളസി ഗാബാര്‍ഡ് സ്ഥാനമൊഴിഞ്ഞതിനു പിന്നാലെയാണ്, നാഷണല്‍ ഇന്റലിജന്‍സ് ആക്ടിംഗ് ഡയറക്ടര്‍ ആയി തന്റെ കടുത്ത അനുയായിയും വിശ്വസ്ഥനുമായ ബില്‍ പുല്‍റ്റെയെ ട്രംപ് നിയമിച്ചത്. നിലവില്‍ ഫെഡറല്‍ ഹൗസിംഗ് ഫിനാന്‍സ് മേധാവിയാണ് പുല്‍റ്റെ. ഇന്റലിജന്‍സ്, പ്രതിരോധം, ദേശീയ സുരക്ഷ എന്നീ മേഖലകളില്‍ മുന്‍പരിചയമില്ലാത്ത ആളാണ് ഇദ്ദേഹം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ട്രംപിന്റെ ശത്രുക്കള്‍ക്കെതിരെ അന്വേഷണം വേണമെന്ന് ശക്തമായി ആവശ്യപ്പെട്ട ആളാണ് പുല്‍റ്റെ. സോഷ്യല്‍ മീഡിയയില്‍ ട്രംപിന്റെ രാഷ്ട്രീയ ശത്രുക്കള്‍ക്കെതിരെ കടുത്ത ആക്രമണം നടത്തിയതിലൂടെയാണ് പുല്‍റ്റെ ട്രംപിന്റെ വിശ്വസ്ഥനായത്. പ്രസിഡന്റിന്റെ മൂത്ത മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയറിന്റെ സുഹൃത്ത് കൂടിയാണ് പുല്‍റ്റെ.

സെപ്തംബര്‍ 11-ഭീകരാക്രമണത്തിന് ശേഷം നിലവില്‍ വന്നതാണ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ പദവി. സി.ഐ.എ ഉള്‍പ്പടെ നിരവധി ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ് മുഖ്യചുമതല. 18 ഇന്റലിജന്‍സ് ഏജന്‍സികളുടെ മേല്‍നോട്ടം വഹിക്കുക, ഇന്റലിജന്‍സ് വിശകലനങ്ങള്‍ അവതരിപ്പിക്കുന്ന ഡെയ്ലി ബ്രീഫ് തയ്യാറാക്കുന്നതിന് മേല്‍നോട്ടം വഹിക്കുക തുടങ്ങിയവ കൈകാര്യം ചെയ്യുന്ന കാബിനറ്റ് പദവിയാണ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍. ആക്ടിംഗ് അടിസ്ഥാനത്തിലാണ് പുല്‍റ്റെയെ നിയമിച്ചത്. സെനറ്റിന്റെ അംഗീകാരം നേടുക എന്ന കടമ്പ ഒഴിവാക്കാനുള്ള തന്ത്രമാണ് ഇതെന്ന് കരുതുന്നു.

പടിയിറങ്ങിയ ഇന്റലിജന്‍സ് മേധാവി തുളസി ഗാബാര്‍ഡുമായി ട്രംപ് നീരസത്തിലാണെന്ന് പലവട്ടം വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ 2016-ലെ തിരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായി റഷ്യ ഇടപെട്ടെന്ന ആരോപണങ്ങള്‍ പൊളിക്കുന്ന രേഖകള്‍ പുറത്തുവിടുമെന്ന് ട്രംപ് പ്രഖ്യാപിച്ചപ്പോഴും, ഒബാമ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ട്രംപ് ആരോപിച്ചപ്പോഴും ഗാബാര്‍ഡ പ്രസിഡന്റിനൊപ്പം കട്ടയ്ക്കുനിന്നു. എന്നാലും ഗാബാര്‍ഡ് മെല്ലെപ്പോക്കുകാരിയാണെന്ന ആക്ഷേപം ട്രംപിനുണ്ടായിരുന്നു.

പുതിയ നിയമനത്തിനെതിരെ ഡെമോക്രാറ്റുകള്‍ രംഗത്തുവന്നിട്ടുണ്ട്. നിയമപ്രകാരമുള്ള ദേശീയ സുരക്ഷാ പരിചയമില്ലാത്ത ആളെ നിയമിച്ചത് അപലപനീയമാണെന്ന് ഡെമോക്രാറ്റുകള്‍ വ്യക്തമാക്കി. മുതിര്‍ന്ന ചില റിപ്പബ്ലിക്കന്‍ നേതാക്കളും ഈ നിയമനത്തില്‍ സന്ദേഹം പ്രകടിപ്പിച്ചു. ഈ നിയമനം ഇന്റലിജന്‍സ് മേല്‍നോട്ടത്തിനല്ല ട്രംപിന്റെ പ്രതികാര അജണ്ടയ്ക്കു വേണ്ടിയാണെന്നാണ് ഇന്റലിജന്‍സ് കമ്മിറ്റിയിലെ മുതിര്‍ന്ന ഡെമോക്രാറ്റ് സെനറ്റര്‍ മാര്‍ക്ക് വാര്‍ണര്‍ പറഞ്ഞത്.