വാഷിംഗ്ടണ്‍: ഇന്ത്യക്കെതിരായ 'തിരിച്ചടി' പ്രയോഗത്തിന് ശേഷം ആ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കൊവിഡ് 19നെതിരെ മരുന്ന് ഇന്ത്യ അമേരിക്കയിലേക്ക് കയറ്റിയയച്ചില്ലെങ്കില്‍ തക്കതായ തിരിച്ചടിയുണ്ടാകുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മരുന്നുകളുടെ കയറ്റുമതിക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇളവ് നല്‍കുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി രംഗത്ത് വന്നത്. യുഎസ് മാധ്യമമായ ഫോക്‌സ് ന്യൂസിന് നല്‍കിയ ടെലിഫോണിലൂടെ നല്‍കിയ അഭിമുഖത്തിലാണ് മോദിയെ ട്രംപ് വാനോളം പുകഴ്ത്തിയത്. അദ്ദേഹം വലിയവനാണ്, ശരിക്കും മോദി വളരെ നല്ലവാനാണെന്ന് ട്രംപ് പറഞ്ഞു.

നിര്‍ദിഷ്ട മരുന്നിന്‍റെ 29 മില്ല്യണിലധികം ഡോസുകളാണ് താന്‍ വാങ്ങിയിരിക്കുന്നത്. കൂടുതലും ആ മരുന്ന് ഇന്ത്യയില്‍ നിന്ന് വരുന്നതിനാല്‍ മോദിയുമായി സംസാരിച്ചിരുന്നു. ആ മരുന്ന് നല്‍കുമോയെന്ന് അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം വലിയവനും നല്ലവനുമാണ്. അവര്‍ക്ക് ആ മരുന്ന് ആവശ്യമായത് കൊണ്ടാണ് കയറ്റുമതി നിര്‍ത്തിയതെന്നും ട്രംപ് പറഞ്ഞതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ, കൊവിഡിനെതിരെ പോരാടാന്‍ മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്ലോറോക്വിന്‍ ട്രംപ് മോദിയോട് ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇന്ത്യ ഇക്കാര്യത്തില്‍ പ്രതികരണം അറിയിച്ചില്ല. ഇതോടെ മരുന്ന് തന്നില്ലെങ്കില്‍ പ്രശ്‌നമില്ല. പക്ഷേ തക്കതായ തിരിച്ചടി ഇന്ത്യ നേരിടേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ മരുന്നുകളുടെ കയറ്റുമതിക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കി. നിയന്ത്രിത മരുന്ന് പട്ടികയില്‍ പാരസെറ്റമോളും ഹൈഡ്രോക്‌സി ക്‌ളോറോക്വിന്‍ തുടരുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ആവശ്യമുള്ള രാജ്യങ്ങള്‍ക്ക് അത് നല്‍കും. കൊവിഡ് കാലത്ത് മാനുഷിക പരിഗണന വച്ചാണ് ഇത്തരം ഇളവ് എന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.