ടെൻഡർ വിളിക്കാത്ത കരാറിലൂടെയാണ് ചരിത്രപ്രസിദ്ധമായ ഈ കുളം വറ്റിച്ച് പെയിന്റ് അടിക്കുന്ന ജോലി നടത്തിയത്.

വാഷിംഗ്ടൺ: 122 കോടിയിലധികം രൂപ ചെലവിട്ട് നവീകരിച്ചിട്ട് ആഴ്ചകൾ മാത്രം. അമേരിക്കയിലെ പ്രശസ്തമായ ലിങ്കൺ മെമ്മോറിയൽ റിഫ്ലെക്റ്റിംഗ് പൂളിന്റെ അടിത്തട്ടിലെ പെയിന്റിംഗ് ഇളകി. നവീകരണം പൂർത്തിയായതായി ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പായൽ നിറഞ്ഞ് കുളം. അമേരിക്കയുടെ തലസ്ഥാന നഗരമായ വാഷിംഗ്ടണിനെ പുനർനിർമ്മിക്കാനുള്ള ട്രംപിന്റെ വിപുലമായ പദ്ധതികളുടെ ഭാഗമായി 14.7 മില്യൺ ഡോളറിന്റെ (ഏകദേശം 122 കോടിയിലധികം രൂപ) ടെൻഡർ വിളിക്കാത്ത കരാറിലൂടെയാണ് ചരിത്രപ്രസിദ്ധമായ ഈ കുളം വറ്റിച്ച് പെയിന്റ് അടിക്കുന്ന ജോലി നടത്തിയത്. വൈറ്റ് ഹൗസിന്റെ കിഴക്കേ വിങ് പൊളിച്ചുമാറ്റി പുതിയ ബാൾറൂം നിർമ്മിക്കുന്നതും, ആർലിംഗ്ടൺ നാഷണൽ സെമിത്തേരിക്ക് സമീപം കൂറ്റൻ കവാടം നിർമ്മിക്കുന്നതും ഉൾപ്പെടെയുള്ള ട്രംപിന്റെ നഗര പരിഷ്കരണ പദ്ധതികളുടെ ഭാഗമായിരുന്നു ഈ നവീകരണവും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജൂൺ 6നാണ് കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതായി ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൽ, നിർമ്മാണം പൂർത്തിയായതോടെ കുളത്തിലെ വെള്ളം പ്രതീക്ഷിച്ചതുപോലെ കടും നീല നിറത്തിന് പകരം പച്ച പായൽ നിറഞ്ഞ് പച്ചയായി മാറാൻ തുടങ്ങി. പായൽ ശല്യം ഒഴിവാക്കാനായി ചൊവ്വാഴ്ച മുതൽ തൊഴിലാളികൾ കുളത്തിലേക്ക് ഹൈഡ്രജൻ പെറോക്സൈഡ് ഒഴിച്ച് ശുദ്ധീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ വ്യാഴാഴ്ചയോടെ കുളത്തിന്റെ അടിത്തട്ടിലെ നീല പെയിന്റ് പാളികളായി ഇളകി മാറി പായൽ നിറഞ്ഞ വെള്ളത്തിൽ ഒഴുകിനടക്കാൻ തുടങ്ങുകയായിരുന്നു. ഹൈഡ്രജൻ പെറോക്സൈഡ് പ്രയോഗിച്ചതാണോ പെയിന്റ് ഇളകാൻ കാരണമായതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, വിദഗ്ദ്ധർ ഇതാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 

ഈ സംഭവത്തെക്കുറിച്ച് നാഷണൽ മാൾ നിയന്ത്രിക്കുന്ന നാഷണൽ പാർക്ക് സർവീസോ, അല്ലെങ്കിൽ നവീകരണ കരാർ ഏറ്റെടുത്ത വിർജീനിയ ആസ്ഥാനമായുള്ള 'അറ്റ്ലാന്റിക് ഇൻഡസ്ട്രിയൽ കോട്ടിംഗ്സ്' എന്ന കമ്പനിയോ ഇതുവരെ ഔദ്യോഗികമായി പ്രതികരണങ്ങൾ നടത്തിയിട്ടില്ല. അതേസമയം വാഷിംഗ്ടണിന്റെ പൈതൃക ഭംഗി നിലനിർത്താൻ ഉദ്ദേശിച്ചുള്ള കൃത്യമായ ആസൂത്രണ പ്രക്രിയകളെയും നിയമങ്ങളെയും മറികടന്ന് ട്രംപ് ഭരണകൂടം തിടുക്കത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തിയതിനെതിരെ വലിയ രീതിയിലാണ് വിമർശനങ്ങൾ ഉയരുന്നത്. എന്നാൽ ഇത്തരം വിമർശനങ്ങളെ രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് ട്രംപ് ഭരണകൂടം ചെയ്യുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം