പരിപാടി നടന്നുകൊണ്ടിരിക്കെ അവിടെയുണ്ടായിരുന്ന ചില കാണികൾ ഒരു പ്രത്യേക പാട്ട് പ്ലേ ചെയ്യണമെന്നും അതിനനുസരിച്ച് നൃത്തം ചെയ്യണമെന്നും നർത്തകനോട് ആവർത്തിച്ച് ആവശ്യപ്പെടുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്തു

ഗോപാൽഗഞ്ച്: വിവാഹ ആഘോഷത്തിനിടെ ആവശ്യപ്പെട്ട പാട്ടിന് നൃത്തം ചെയ്തില്ല. 25കാരിയായ ഡാൻസർ വെടിയേറ്റ് കൊല്ലപ്പെട്ടു. ബീഹാറിലെ ഗോപാൽഗഞ്ച് ജില്ലയിൽ വ്യാഴാഴ്ച രാത്രി നടന്ന ഒരു സ്റ്റേജ് പ്രോഗ്രാമിനിടെയാണ് കൊലപാതകം നടന്നത്. പാട്ട് മാറ്റുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഉത്തർപ്രദേശിലെ ഡിയോറിയ ജില്ലയിൽ നിന്നുള്ള 25 വയസ്സുകാരനായ ഡാൻസർ ആക്രമിക്കപ്പെട്ടത്. വെള്ളിയാഴ്ചയാണ് പൊലീസ് ഈ വിവരം പുറത്തുവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്, മറ്റ് നിയമ നടപടികൾ പുരോഗമിക്കുകയാണ്. ഡിയോറിയ ജില്ലയിലെ തർകുൽവ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന മഹുവ പതൻ ഗ്രാമത്തിലെ ഉമേഷ് ഗൗണ്ടിന്റെ മകനായ സോനു ഗൗണ്ട് ആണ് കൊല്ലപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സോനുവും മറ്റ് നാല് നർത്തകരും വ്യാഴാഴ്ച വൈകുന്നേരമാണ് ഡിയോറിയയിൽ നിന്ന് ബീഹാറിലെ കത്യ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ജമുന പത്യ ഗ്രാമത്തിൽ വിവാഹ സംബന്ധിയായ ഒരു പരിപാടിയിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു. പരിപാടി നടന്നുകൊണ്ടിരിക്കെ അവിടെയുണ്ടായിരുന്ന ചില കാണികൾ ഒരു പ്രത്യേക പാട്ട് പ്ലേ ചെയ്യണമെന്നും അതിനനുസരിച്ച് നൃത്തം ചെയ്യണമെന്നും നർത്തകനോട് ആവർത്തിച്ച് ആവശ്യപ്പെടുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്തു. എന്നാൽ ഈ ആവശ്യം ഉടനടി നിറവേറ്റാൻ സാധിക്കാതെ വന്നതോടെ, പ്രതികളും നൃത്തസംഘത്തിലെ അംഗങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായി.

ഈ തർക്കം രൂക്ഷമായതോടെയാണ് പ്രതികളിൽ ഒരാൾ തോക്കടുത്ത് സോനുവിന് നേരെ വെടിയുതിർത്തത്. ഗുരുതരമായി പരിക്കേറ്റ സോനുവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കത്യ പൊലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, വെടിവെപ്പ് നടത്തിയ ശേഷം ഒളിവിൽ പോയ മറ്റ് പ്രതികളെ കണ്ടെത്തുന്നതിനായി വ്യാപകമായ റെയ്ഡുകൾ നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം