അമേരിക്കയെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്നും ഇറാന്റെ സാസ്കാരിക കേന്ദ്രങ്ങള്‍ നിരീക്ഷണത്തിലാണെന്നും ആവര്‍ത്തിച്ച് ട്രംപ്.
വാഷിങ്ടണ്‍: അമേരിക്കയെ ആക്രമിച്ചാല്‍ ഇറാനിലെ പ്രധാനപ്പെട്ട 52 സാംസ്കാരിക കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന ഭീഷണി ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ട്രംപ് നിലപാട് ആവര്‍ത്തിച്ചത്. രാജ്യത്തെ ആക്രമിക്കുകയാണെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന് ട്രംപ് പറഞ്ഞു.
അമേരിക്കയിലെ ജനങ്ങളെ കൊല്ലുകയും അംഗഭംഗപ്പെടുത്തുകയും റോഡരികില്‍ ബോംബ് സ്ഫോടനം നടത്തുകയും ചെയ്യാം എന്നാല്‍ ഇറാന്റെ സാസ്കാരിക കേന്ദ്രങ്ങളെ ആക്രമിക്കരുത് എന്ന രീതി അനുവദിക്കില്ലെന്ന് ട്രംപ് അറിയിച്ചെന്ന് റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്ലോറിഡയില്‍ നിന്നും വാഷിങ്ടണിലേക്കുള്ള മടക്കയാത്രയിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഇറാന് ഖുദ്സ് ഫോഴ്സ് ജനറല്‍ കാസിം സൊലേമാനി ഉള്‍പ്പെടെ കൊല്ലപ്പെട്ട അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിന് അത് സംഭവിച്ച് കഴിഞ്ഞതാണെന്നും ഇറാന് പ്രതികരിച്ചാല്‍ തിരിച്ചടിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അമേരിക്ക ഇറാനിലെ 52 കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്നുണ്ട്. ചിലത് ഇറാനും ഇറാൻ സംസ്കാരത്തിനും തന്നെയും വളരെ പ്രധാനപ്പെട്ടവയാണ്. ടെഹ്റാൻ യുഎസിനെ ആക്രമിച്ചാൽ ഇവയെ വളരെ വേഗത്തിലും കഠിനമായും ബാധിക്കുമെന്നും ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഇറാനിലെ യുഎസ് എംബസി വളഞ്ഞ് ഉദ്യോഗസ്ഥരെ ബന്ദികളാക്കിയ സംഭവുമായി ബന്ധപ്പെട്ടാണ് ഇത്രയും സ്ഥലങ്ങളെ ലക്ഷ്യം വച്ചതെന്നാണ് സൂചന. യുഎസ് പൗരന്മാരും നയതന്ത്ര ഉദ്യോഗസ്ഥരും ഉൾപ്പെടെ 52 പേരെയാണ് 1979ൽ ഇറാൻ മൗലികവാദി സംഘത്തിന്റെ നേതൃത്വത്തിൽ ബന്ദികളാക്കിയത്.
Read More: പോര്‍വിളി അവസാനിപ്പിക്കാതെ ഇറാനും അമേരിക്കയും; ആശങ്കയോടെ ഇന്ത്യ
ഇറാൻ–യുഎസ് ബന്ധത്തിൽ വിള്ളലുണ്ടാക്കിയ പ്രധാന സംഭവമായാണ് ബന്ദിയാക്കലിനെ വിദഗ്ധർ വിലയിരുത്തുന്നത്. ഇറാനിൽ രാഷ്ട്രീയപരവും സൈനികപരവുമായുള്ള യാതൊരു തരം ഇടപെടലും യുഎസിന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്ന് ഉറപ്പു നൽകുന്ന ‘അൾജീറിയ പ്രഖ്യാപനത്തിൽ’ ഒപ്പിട്ടതിനെത്തുടര്‍ന്നാണ് ബന്ദികളെ മോചിപ്പിച്ചത്.
