വാഷിങ്ടണ്‍: ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ വൈറ്റ് ഹൗസ് ഒഴിയുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആദ്യമായാണ് ട്രംപ് ഇത്തരത്തില്‍ പ്രസ്താവന നടത്തുന്നത്. അതേസമയം, തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു. ഇലക്ട്രല്‍ കോളജ് ബൈഡന്റെ വിജയം ഉറപ്പാക്കിയാല്‍ തോല്‍വി അംഗീകരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ട്രംപ് മറുപടി നല്‍കിയത്.

ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ താന്‍ വൈറ്റ് ഹൗസ് ഒഴിയുമെന്ന് ട്രംപ് മറുപടി നല്‍കി. എന്തെങ്കിലും കൃത്രിമം നടന്നിട്ടുണ്ടെങ്കില്‍ തോല്‍വി അംഗീകരിക്കുന്നത് ബുദ്ധിമുട്ടാകും. ജനുവരി 20നിടയില്‍ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചേക്കുമെന്നും ട്രംപ് പറഞ്ഞു. ഡിസംബര്‍ 24നാണ് ഇലക്ട്രല്‍ കോളജ് ബൈഡന്റെ വിജയം തീരുമാനിക്കുക. നിലവില്‍ 306 വോട്ടുകളാണ് ബൈഡന് ലഭിച്ചത്. ട്രംപിന് 232 വോട്ടുകളും ലഭിച്ചു.

തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന് ട്രംപ് നിരവധി തവണ ആരോപിച്ചിരുന്നു. എന്നാല്‍ യാതൊരു തെളിവും അദ്ദേഹം ഹാജരാക്കിയിരുന്നില്ല. ട്രംപിന്റെ വാദം അധികൃതര്‍ തള്ളുകയും ചെയ്തു. മൂന്നാം ലോക രാജ്യത്തിന് സമാനമാണ് അമേരിക്കയിലെ വോട്ടിംഗ് സൗകര്യമെന്ന് ട്രംപ് വിമര്‍ശിച്ചിരുന്നു.