വെനിസ്വലൻ നേതാവ് മരിയ മച്ചാഡോ തനിക്ക് ലഭിച്ച സമാധാന നൊബേൽ ഡൊണാൾഡ് ട്രംപിന് കൈമാറുമെന്ന് അറിയിച്ചതിനെ തുടർന്ന്, സമ്മാനം കൈമാറ്റം ചെയ്യാനോ റദ്ദാക്കാനോ കഴിയില്ലെന്ന് നൊബേൽ കമ്മിറ്റി വ്യക്തമാക്കി. 

ദില്ലി: വെനിസ്വലേയിലെ പ്രതിപക്ഷ നേതാവായിരുന്ന മരിയ കൊറിന മച്ചാഡോക്ക് ലഭിച്ച സമാധാനത്തിനുള്ള നൊബേൽ സമ്മാനം പങ്കിടാനോ റദ്ദാക്കാനോ കൈമാറ്റം ചെയ്യാനോ കഴിയില്ലെന്ന് നോർവീജിയൻ നൊബേൽ കമ്മിറ്റി വ്യക്തമാക്കി. ഇത്തവണത്തെ നോബൽ സമ്മാന ജേതാവായിരുന്ന മച്ചാഡോ, തനിക്ക് ലഭിച്ച പുരസ്കാരം ട്രംപിന് കൈമാറുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് കമ്മിറ്റിയുടെ വിശദീകരണം. നോബൽ സമ്മാനം റദ്ദാക്കാനോ പങ്കിടാനോ മറ്റുള്ളവർക്ക് കൈമാറാനോ കഴിയില്ല. പ്രഖ്യാപനം നടത്തിക്കഴിഞ്ഞാൽ, തീരുമാനം എല്ലാക്കാലത്തേക്കും നിലനിൽക്കുന്നതാണെന്നും പ്രസ്താവനയിൽ പറയുന്നു. മച്ചാഡോയുടെ നൊബേൽ സമ്മാന വാഗ്ദാനം അടുത്ത ആഴ്ച അമേരിക്ക സന്ദർശിക്കുമ്പോൾ ചർച്ച ചെയ്യുമെന്ന് ട്രംപ് പറഞ്ഞിരുന്നു. വെനിസ്വലേ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്ക അറസ്റ്റ് ചെയ്തതിന് പിന്നാലെയുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങൾക്കിടെയാണ് മച്ചാഡോയുടെ സന്ദർശനം.

മയക്കുമരുന്ന്, ഭീകര ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് മഡുറോയെ പിടികൂടി യുഎസിലേക്ക് വിചാരണയ്ക്കായി കൊണ്ടുവന്നെങ്കിലും , മച്ചാഡോ രാജ്യത്തിന്റെ പരമോന്നത സ്ഥാനം ഏറ്റെടുത്തില്ല. വെനിസ്വേലയുടെ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസാണ് മഡുറോയുടെ പിൻഗാമിയായത്. ട്രംപ് മുമ്പും പലതവണ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് താൻ അർഹനാണെന്ന് പറഞ്ഞിരുന്നു. തന്റെ രണ്ടാം പ്രസിഡന്റ് പദവിയുടെ എട്ട് മാസത്തിനുള്ളിൽ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. 2009-ൽ അധികാരമേറ്റയുടനെ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചതിനെ ട്രംപ് വിമർശിച്ചിരുന്നു.