ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാൻ വഴങ്ങണമെന്നും വൈകുന്നതിന് മുമ്പ് ചർച്ചകൾ പുനരാരംഭിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു

വാഷിംഗ്ടൺ: ഇറാൻ - ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഇസ്രയേലുമായുള്ള സംഘർഷത്തിൽ ഇറാൻ വിജയിക്കുന്നില്ലെന്നാണ് ട്രംപിന്‍റെ പ്രതികരണം. 'വളരെ വൈകുന്നതിന് മുമ്പ് ചർച്ചകൾ പുനരാരംഭിക്കണമെന്നും ഇറാൻ വഴങ്ങണം' എന്നും അമേരിക്കൻ പ്രസിഡന്റ് ആവശ്യപ്പെട്ടു. കാനഡയിൽ നടക്കുന്ന ജി 7 ഉച്ചകോടിക്ക് മുന്നോടിയായാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. 'ഇറാൻ എത്രയും വേഗം കരാറിൽ ഏർപ്പെടണം, സംഘർഷം ഇരു പക്ഷത്തിനും വേദനാജനകമാണ്, പക്ഷേ ഇറാൻ ഈ യുദ്ധത്തിൽ വിജയിക്കുന്നില്ല, അവർ ചർച്ചകൾ പുനരാരംഭിക്കണം, വളരെ വൈകുന്നതിന് മുമ്പ് അവർ കരാറിലൊപ്പിടാൻ വഴങ്ങണം' - എന്നായിരുന്നു ട്രംപ് പറഞ്ഞത്. ഇസ്രായേലിനെയും ഇറാനെയും സംബന്ധിച്ച ജി 7 പ്രസ്താവനയിൽ ഒപ്പുവെക്കാൻ യു എസ് പ്രസിഡന്‍റ് തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്.

അതേസമയം അടിയന്തര വെടിനിർത്തലിന് ഇസ്രയേലിനോട് സ്വാധീനം ചെലുത്താൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് സമ്മർദ്ദം ചെലുത്താൻ ഇറാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഖത്തർ, സൗദി അറേബ്യ, ഒമാൻ എന്നീ രാജ്യങ്ങളോടാണ് ഇറാൻ ഇക്കാര്യം ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അമേരിക്കയുമായുള്ള ആണവ ചർച്ചകൾ പുനരാരംഭിക്കാൻ ഇറാൻ തയ്യാറാണെന്ന സൂചനയും ഇതിനൊപ്പം പുറത്തുവന്നിട്ടുണ്ട്. ആണവ പദ്ധതിയെക്കുറിച്ചുള്ള ശത്രുത അവസാനിപ്പിക്കാനും ചർച്ചകൾ പുനരാരംഭിക്കാനുമുള്ള സന്നദ്ധത ഇറാൻ അടിയന്തിരമായി സൂചിപ്പിച്ചിട്ടുണ്ടെന്ന് മിഡിൽ ഈസ്റ്റിലെയും യൂറോപ്യൻ യൂണിയനിലെയും ഉദ്യോഗസ്ഥർ പറഞ്ഞതായി വാൾ സ്ട്രീറ്റ് ജേണലടക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേസമയം ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന നെതന്യാഹുവിന്‍റെ മുന്നറിയിപ്പിന് പിന്നാലെ ഇസ്രയേൽ ആക്രമണം ശക്തമാക്കിയതോടെ സമ്പൂർണ യുദ്ധത്തിലേക്കെന്ന ആശങ്ക സജീവമാകുന്നു. ഇറാനിലെ ദേശീയ ടെലിവിഷൻ ചാനലിന് നേരെയടക്കം ഇസ്രയേൽ ആക്രമണമുണ്ടായി. അവതാരക തത്സമയം വാർത്ത വായിക്കുന്നതിനിടെയാണ് ഇസ്രയേലിന്‍റെ ആക്രമണം ഉണ്ടായത്. വാർത്താ അവതാരക ബോംബ് വീണതിന് പിന്നാലെ സീറ്റിൽ നിന്നും ഇറങ്ങിപ്പോകുന്നതും ദൃശ്യങ്ങളിൽ പൊടിപടലങ്ങൾ നിറയുന്നതും വ്യക്തമാണ്. ഈ ചാനൽ ആക്രമിക്കുമെന്ന് നേരത്തെ ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് നേരത്തെ പറഞ്ഞിരുന്നു. പക്ഷെ ആക്രമണത്തിന് ശേഷവും ഇറാൻ്റെ ഔദ്യോഗിക ചാനൽ സംപ്രേഷണം നിർത്തിയില്ല. ആക്രമണത്തിന് പിന്നാലെ ചാനൽ വീണ്ടും പ്രക്ഷേപണം പുനരാരംഭിച്ചു. ഇറാൻ്റെ ഔദ്യോഗിക ചാനലായ ഐആ‌ർഐബി ചാനലിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തിന് പിന്നാലെ അവതാരക സ്ഥാനത്ത് തിരിച്ചെത്തിയ അവതാരക വീണ്ടും ആക്രമിക്കാൻ ഇസ്രയേലിനെ വെല്ലുവിളിച്ചു. ഇതിന്‍റെ ദൃശ്യങ്ങൾ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. ദേശീയ ചാനലിലെ ആക്രമണത്തിൽ സ്ഥാപനത്തിലെ നിരവധി മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.