വാഷിങ്ടൺ: അമേരിക്കയിലെ പോർട്ട് ലാൻഡിൽ ട്രംപ് അനുയായികളും വംശീയവിരുദ്ധ പ്രക്ഷോഭകരും ഏറ്റുമുട്ടി. ഒരാൾ വെടിയേറ്റ് മരിച്ചു. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല. മെയ് 25ന് ജോര്‍ജ്ജ് ഫ്‌ലോയിഡ് എന്ന കറുത്ത വര്‍ഗക്കാരന്‍ പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടത് ലോകവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് മൂന്നു മാസമായി പോർട്ട് ലാൻഡിൽ ശക്തമായ വംശീയ വിരുദ്ധ പ്രക്ഷോഭം നടക്കുകയാണ്.

കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ആയിരങ്ങളാണ് അമേരിക്കയില്‍ 'ബ്ലാക്ക് ലൈവ്‌സ്' മാറ്റര്‍ എന്ന മുദ്രാവാക്യമുയര്‍ത്തി തെരുവിലിറങ്ങിയത്. കഴിഞ്ഞ ദിവസമാണ്  വാഷിംഗ്ടണിൽ ആയിരങ്ങൾ അണിനിരന്ന വംശീയ വിരുദ്ധ റാലി നടന്നത്.അമേരിക്കൻ പൗരാവകാശ പോരാട്ടത്തിന്റെ വാർഷിക ദിനത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പൊലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ട ജോർജ് ഫ്‌ലോയ്‌ഡിന്റെ കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തിരുന്നു.  വംശീയതക്കെതിരെ തുടർ പോരാട്ടങ്ങൾക്ക് റാലിയിൽ ആഹ്വനം ഉണ്ടായി.