ഗാസ സമാധാന പദ്ധതിയിലെ ഇളവുകളെകുറിച്ച് ചോദിച്ചപ്പോൾ ഇളവുകൾ ആവശ്യമില്ലെന്നും, എല്ലാവരും ഇതിനോട് യോജിക്കുന്നുണ്ടെന്നും, എങ്കിലും ചില മാറ്റങ്ങൾ ഉണ്ടാകുമെന്നുമായിരുന്നു ട്രംപിന്‍റെ മറുപടി

കെയ്റോ: ഇസ്രയേലും ഹമാസും തമ്മിൽ ഈജിപ്തിൽ ഇന്ന് തുടങ്ങുന്ന ഗാസ സമാധാന ചർച്ച തുടങ്ങും മുന്നേ അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഗാസ സമാധാന ചർച്ച വേഗത്തിലാക്കാൻ നിർദ്ദേശിച്ചെന്നാണ് ട്രംപ് പറഞ്ഞത്. മധ്യസ്ഥത ചർച്ചക്കായി നിയോഗിക്കപ്പെട്ടവരോട് കാര്യങ്ങൾ വേഗത്തിലാക്കാൻ നിർദ്ദേശിച്ചെന്നും യു എസ് പ്രസിഡന്‍റ് വിവരിച്ചു. 'ചർച്ചകൾ വിജകരമായി പുരോഗമിക്കുകയാണ്, ആദ്യ ഘട്ട ചർച്ച ഈ ആഴ്ച പൂർത്തിയാകുമെന്നാണ് പ്രതീക്ഷ' - ട്രംപ് സോഷ്യൽ മീഡിയയിലൂടെ വിശദീകരിച്ചു. അമേരിക്കക്ക് പുറമെ ഈജിപ്ത്, ഖത്തർ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ട്രംപ് മുന്നോട്ടുവച്ച 20 ഇന നിർദ്ദേശങ്ങളിലാണ് ഇസ്രയേലും ഹമാസും തമ്മിൽ ഈജിപ്തിൽ ചർച്ച നടക്കുക.

എല്ലാവരും വേഗത്തിൽ പ്രവർത്തിക്കണം

എല്ലാവരും വേഗത്തിൽ ഇതിനായി പ്രവർത്തികണമെന്നും അല്ലെങ്കിൽ വലിയ രക്തച്ചൊരിച്ചിൽ ഉണ്ടാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ബന്ദികളെ വേഗത്തിൽ വിട്ടയക്കാൻ ഹമാസ് ശ്രമിക്കുമെന്ന് താൻ കരുതുന്നുവെന്നും ട്രംപ് പ്രതികരിച്ചു. ഗാസ സമാധാന പദ്ധതിയിലെ ഇളവുകളെകുറിച്ച് ചോദിച്ചപ്പോൾ ഇളവുകൾ ആവശ്യമില്ലെന്നും, എല്ലാവരും ഇതിനോട് യോജിക്കുന്നുണ്ടെന്നും, എങ്കിലും ചില മാറ്റങ്ങൾ ഉണ്ടാകുമെന്നുമായിരുന്നു മറുപടി. ഗാസ സമാധാന കരാർ ഇസ്രായേലിനും മുഴുവൻ അറബ് ലോകത്തിനും ഗുണമാകുന്ന മികച്ച ഉടമ്പടിയായിരിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ബന്ദി കൈമാറ്റം ആദ്യ അജണ്ട?

ട്രംപിന്‍റെ സമാധാന നിർദ്ദേശങ്ങളിൽ ബന്ദികളെ മോചിപ്പിക്കുക, ഗാസയുടെ ഭരണം പലസ്തീൻ ടെക്നോക്രാറ്റുകൾക്ക് കൈമാറുക തുടങ്ങിയവ ഹമാസ് അംഗീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചില വിഷയങ്ങളിൽ ചർച്ച ആവശ്യമാണെന്ന് ഹമാസ് വ്യക്തമാക്കിയിരുന്നു. അതേസമയം ഹമാസ് സമാധാന പദ്ധതിയോട് പ്രതികരിച്ചതിന് പിന്നാലെ ബോംബാക്രമണം നിർത്താൻ ട്രംപ് ഇസ്രായേലിനോട് ആവശ്യപ്പെട്ടിട്ടും ഗാസയിൽ ഇസ്രായേലിന്‍റെ വ്യോമാക്രണങ്ങൾ തുടർന്നത് കല്ലുകടിയായിട്ടുണ്ട്. ഈ ഘട്ടത്തിൽ ഒരു വെടിനിർത്തൽ സാധ്യമല്ലെന്നാണ് ഇസ്രയേൽ വക്താവ് വ്യക്തമാക്കിയത്. അതുകൊണ്ടുതന്നെ ഗാസയിൽ വെടിനിർത്തൽ എത്രയും വേഗത്തിൽ സാധ്യമാക്കുക എന്നതാകും ഈജിപ്തിലെ സമാധാന ചർച്ചയിൽ ഹമാസ് മുന്നോട്ടു വയ്ക്കുന്ന പ്രധാന ആവശ്യം. എന്നാൽ ബന്ദി കൈമാറ്റമാകും ഇസ്രയേലും അമേരിക്കയും മുന്നോട്ടു വയ്ക്കുന്ന ആദ്യ അജണ്ടയെന്ന് വ്യക്തമായിട്ടുണ്ട്.

സമാധാന നീക്കങ്ങൾക്കിടെ ഇസ്രയേൽ മന്ത്രിയുടെ ഭീഷണി

അതേസമയം ഗാസയിലെ സമാധാന നീക്കങ്ങള്‍ക്കെതിരെ ഇസ്രയേൽ മന്ത്രി ഇറ്റാമര്‍ ബെൻ ഗ്വിർ രംഗത്തെത്തി. ഹമാസിനെ ഇല്ലാതാക്കണമെന്നും ബന്ദി കൈമാറ്റത്തിന് ശേഷം ഹമാസ് നിലനിൽക്കുന്നുണ്ടെങ്കിൽ സർക്കാരിൽ നിന്ന് രാജിവെക്കുമെന്നും ബെന്‍ ഗ്വിര്‍ ഭീഷണി മുഴക്കി. തീവ്ര വലതുപക്ഷ നിലപാട് സ്വീകരിക്കുന്ന ബെൻ ഗ്വിർ, ഇസ്രയേല്‍ ദേശീയ സുരക്ഷാ മന്ത്രിയാണ്. സമാധാന ശ്രമങ്ങൾ വിജയത്തിലേക്ക് നീങ്ങുന്നതിനിടെയുള്ള ബെൻ ഗ്വിറിന്‍റെ ഭീഷണിക്കെതിരെ വലിയ തോതിൽ വിമർശനം ഉയർന്നിട്ടുണ്ട്. നേരത്തെയും ബെന്‍ ഗ്വിര്‍ കടുത്ത നിലപാടുകൾ സ്വീകരിക്കുന്നതിന്‍റെ പേരിൽ വിമർശനം നേരിട്ടിട്ടുണ്ട്.