അമേരിക്കൻ സൈനികർക്ക് നേരെ ആക്രമണമുണ്ടായാൽ ഇറാനെതിരെ വീണ്ടും പൂർണ്ണതോതിലുള്ള യുദ്ധം ആരംഭിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ശക്തമായ മുന്നറിയിപ്പ്
വാഷിങ്ടണ്‍: അമേരിക്കൻ സൈനികർക്ക് നേരെ ആക്രമണമുണ്ടായാൽ ഇറാനെതിരെ വീണ്ടും പൂർണ്ണതോതിലുള്ള യുദ്ധം ആരംഭിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ശക്തമായ മുന്നറിയിപ്പ്. നിലവിലുള്ള താൽക്കാലിക വെടിനിർത്തൽ അവസാനിപ്പിച്ച് സൈനിക നടപടികളിലേക്ക് കടക്കാനുള്ള തന്‍റെ ഏക 'റെഡ് ലൈൻ' യുഎസ് സൈനികരുടെ ജീവനാണെന്നും ട്രംപ് വ്യക്തമാക്കി. ഇറാൻ തങ്ങളുടെ സൈനികരെ ലക്ഷ്യമിടുകയും ഏതെങ്കിലും യുഎസ് സൈനികൻ കൊല്ലപ്പെടുകയും ചെയ്താൽ വളരെ പെട്ടെന്ന് തന്നെ തിരിച്ചടിക്കുമെന്നും യുദ്ധം ആരംഭിക്കുമെന്നും ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് പറഞ്ഞത്.
ഇറാനുമായുള്ള ചർച്ചകൾ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും ഉടൻ തന്നെ ഒരു വലിയ കരാറിലേക്ക് ഇരുരാജ്യങ്ങളും എത്തിയേക്കാമെന്നും ട്രംപ് കൂട്ടിച്ചേർത്തു. മുൻപുണ്ടായ ശക്തമായ ആക്രമണങ്ങളിലൂടെ ഇറാന്‍റെ വ്യോമസേനയും നാവികസേനയും തകർത്തുകഴിഞ്ഞതായും അവരുടെ വ്യോമപ്രതിരോധ സംവിധാനങ്ങളും പ്രധാന നേതൃത്വവും ഇല്ലാതാക്കിയതായും ട്രംപ് അവകാശപ്പെട്ടു.
മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്‍റെ ഭാഗത്തുനിന്നും അടുത്തിടെയായി മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലാണ് ട്രംപിന്‍റെ ഈ കടുത്ത പ്രതികരണം പുറത്തുവന്നത്. ചെറിയ രീതിയിലുള്ള സംഘർഷങ്ങൾ സഹിച്ച് വലിയൊരു യുദ്ധം ഒഴിവാക്കാൻ താൻ തയ്യാറാണെങ്കിലും, അമേരിക്കൻ സൈനികരുടെ മരണം സംഭവിച്ചാൽ അത് വെടിനിർത്തലിന്‍റെ അവസാനമായിരിക്കുമെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്.



