വാഷിം​ഗ്ടൺ: കുടിയേറ്റം സംബന്ധിച്ച നിയന്ത്രണ നയങ്ങൾക്കൊപ്പം എച്ച് 1ബി, മറ്റ് തൊഴിൽ വിസകൾ എന്നിവ താത്ക്കാലികമായി നിർത്തിവച്ചത് അമേരിക്കയ്ക്കും സമ്പദ് വ്യവസ്ഥയ്ക്കും വളരെ ഹാനികരമാണെന്ന മുന്നറിയിപ്പുമായി അമേരിക്കയിലെ ഉന്നത ബിസിനസ് ​ഗ്രൂപ്പിന്റെ പ്രസിഡന്റ്. 'ഈ പ്രഖ്യാപനം വളരെ നിർഭാ​ഗ്യകരമാണ്.' യുഎസ്  ഇന്ത്യ ബിസിനസ് കൗൺസിൽ പ്രസിഡന്റ്  നിഷാ ദേശായ് ബിസ്വാൾ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. 

എച്ച്1 ബി വിസ താത്ക്കാലികമായി നിർത്തലാക്കുന്നു എന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയത് കഴി‍ഞ്ഞ ആഴ്ചയാണ്. പ്രധാനമായും ഐടി പ്രൊഫഷണലുകളാണ് എച്ച് 1 ബി വിസയ്ക്കായി അപേക്ഷിക്കുന്നവരിൽ കൂടുതൽ. അതുപൊലെ തൊഴിൽ വിസകൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തിൽ ജോലി നഷ്ടപ്പെട്ട ആയിരക്കണക്കിന് അമേരിക്കകാരെ സഹായിക്കുന്നതിന് വേണ്ടിയാണ് ഈ നടപടിഎന്നാണ് ട്രംപിന്റെ വിശ​ദീകരണം. എന്നാൽ യുഎസ് ചേംബേഴ്സ് ഓഫ് കൊമേഴ്സും യുഎസ്ഐബിസിയും സമ്മതം രേഖപ്പെടുത്തിയിട്ടില്ല. 

അതിവിദഗ്ധ തൊഴിലാളികൾക്കുള്ള H1B വീസകൾ, ഹ്രസ്വകാല തൊഴിലാളികൾക്കുള്ള H2B വീസകൾ, കമ്പനി മാറ്റത്തിനുള്ള L1 വീസകൾ എന്നിവ വിലക്കിയുള്ള സുപ്രധാന ഉത്തരവിലാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഒപ്പിട്ടത്. 'കുടിയേറ്റക്കാരിൽ നിന്നും തൊഴിൽ രം​ഗത്ത് അമേരിക്കയ്ക്ക് വളരെയധികം നേട്ടമുണ്ടായതായി ഞാൻ വിശ്വസിക്കുന്നു. പ്രത്യേകിച്ച് എച്ച് 1 ബി. എൽ 1 വിസകൾക്ക് കീഴിൽ വരുന്ന വിദ​ഗ്ധ തൊഴിലാളികളിൽ നിന്നും. വിദ​ഗ്ധരായ കുടിയേറ്റ തൊഴിലാളികളെ ആശ്രയിച്ചു കഴിയുന്ന അമേരിക്കൻ വ്യവസായ മേഖലകളെ തകർക്കാൻ ഈ പ്രഖ്യാപനം കാരണമാകും.' നിഷാ ദേശായ് വ്യക്തമാക്കി.