കാനഡയിൽ നിന്നും അമേരിക്കയിൽ നിന്നും ഇലക്ട്രിക്കൽ ട്രാൻസ്ഫോർമറുകൾക്കുള്ളിലും പ്രഷർ കുക്കറുകൾക്കുള്ളിലും ഒളിപ്പിച്ചാണ് ഇയാളുടെ സംഘം മയക്കുമരുന്ന് ന്യൂസിലൻഡിലേക്ക് കടത്തിയിരുന്നത്

ഓക്ലാൻഡ്: മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വധിച്ച അംഗരക്ഷകരിലൊരാളായ ബിയാന്ത് സിംഗിന്റെ സഹോദരപുത്രൻ ന്യൂസിലൻഡിൽ മയക്കുമരുന്ന് കേസിൽ പിടിയിൽ. ന്യൂസിലൻഡ് ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് റാക്കറ്റിന്റെ തലവനാണ് ഇന്ദിരാഗാന്ധിയുടെ കൊലയാളിയുടെ അനന്തരവനുമായ ബൽതേജ് സിംഗ്. പഞ്ചാബിലെ രൂപ്‌നഗർ സ്വദേശിയായ ബൽതേജ് സിംഗ് വർഷങ്ങൾക്ക് മുമ്പ് സ്റ്റുഡന്റ് വിസയിലാണ് ന്യൂസിലൻഡിലേക്ക് കുടിയേറിയത്.ന്യൂസിലൻഡ് പൊലീസ് നടത്തിയ ഓപ്പറേഷൻ വൈറ്റ് നൈറ്റ് എന്ന നീക്കത്തിലൂടെയാണ് ബൽതേജ് സിംഗും സംഘവും പിടിയിലായത്. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 245 ദശലക്ഷം ഡോളർ (ഏകദേശം 2000 കോടിയിലധികം രൂപ) വിലമതിക്കുന്ന 615 കിലോഗ്രാം മെത്താംഫെറ്റമിൻ ആണ് ഇയാളുടെ നേതൃത്വത്തിലുള്ള സംഘത്തിൽ നിന്ന് പിടികൂടിയത്. 

കാനഡയിൽ നിന്നും അമേരിക്കയിൽ നിന്നും ഇലക്ട്രിക്കൽ ട്രാൻസ്ഫോർമറുകൾക്കുള്ളിലും പ്രഷർ കുക്കറുകൾക്കുള്ളിലും ഒളിപ്പിച്ചാണ് ഇയാളുടെ സംഘം മയക്കുമരുന്ന് ന്യൂസിലൻഡിലേക്ക് കടത്തിയിരുന്നത്. ദ്രാവക രൂപത്തിലാക്കിയായിരുന്നു ഇയാൾ ലഹരിമരുന്ന് കടത്തിയിരുന്നത്. ഓക്ലാൻഡ് വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. മയക്കുമരുന്ന് ഇറക്കുമതി ചെയ്തതും വിതരണം ചെയ്തതുമായുള്ള കുറ്റങ്ങൾ തെളിഞ്ഞതിനെത്തുടർന്ന് ന്യൂസിലൻഡ് കോടതി ഇയാളെ തടവ് ശിക്ഷയ്ക്ക് വിധിച്ചിരിക്കുകയാണ്. 22 വർഷം കഠിന തടവാണ് ബൽതേജ് സിംഗിന് ലഭിച്ചിട്ടുള്ളത്. ഇയാളെ തിരിച്ചറിയുന്ന വിവരങ്ങൾ പുറത്ത് വിടരുതെന്ന ആവശ്യം കോടതി നിരാകരിച്ചിട്ടുണ്ട്.

ന്യൂസിലാൻഡിലെ നിയമങ്ങൾ അനുസരിച്ച് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് തങ്ങളുടെ പേരുവിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകുന്നത് തടയാൻ സാധിക്കും. എന്നാൽ ബൽതേജ് സിംഗിന്റെ ആവശ്യം കോടതി തള്ളി. ബിയാന്ത് സിംഗിന്റെ മകനും ലോക്‌സഭാ എംപിയുമായ സരബ്ജിത് സിംഗ് ഖൽസയുടെ ബന്ധുകൂടിയാണ് ബൽതേജ് സിംഗ്. സരബ്ജിത് സിംഗ് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ പഞ്ചാബിലെ ഫരീദ്‌കോട്ട് മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ചിരുന്നു. ലഹരി മാഫിയയുമായുള്ള ബൽതേജിന്റെ ബന്ധവും കുടുംബ പശ്ചാത്തലവും ഇപ്പോൾ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം