ഇസ്താംബുള്‍: 2018ലെ കരാര്‍ പ്രകാരം പാകിസ്ഥാനുവേണ്ടി തുര്‍ക്കി ആധുനിക യുദ്ധക്കപ്പല്‍ നിര്‍മാണം തുടങ്ങി. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച് തുര്‍ക്കി പ്രസിഡന്‍റ്  തയിബ് എര്‍ദോഗാന്‍ പ്രസ്താവന നടത്തിയത്. മില്‍ജെം(എംഐഎല്‍ജിഇഎം) എന്നാണ് യുദ്ധക്കപ്പലിന്‍റെ പേര്. തുര്‍ക്കി നിര്‍മിച്ച് നല്‍കുന്ന യുദ്ധക്കപ്പലുകൊണ്ട് പാകിസ്ഥാന് ഗുണമുണ്ടാകുമെന്നാണ് കരുതുന്നതെന്ന് എര്‍ദോഗാന്‍ പറഞ്ഞു.

പാകിസ്ഥാന്‍ നേവി കമാന്‍ഡര്‍ അഡ്മിറല്‍ സഫര്‍ മഹമൂദ് അബ്ബാസിയും എര്‍ദോഗാനുമാണ് നിര്‍മാണ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തത്. സാങ്കേതിക വിദ്യകള്‍ കൈമാറ്റം ചെയ്യാനുള്ള കരാറിന്‍റെ ഭാഗമായിട്ടാണ് കപ്പല്‍ നിര്‍മാണം. 

99 മീറ്റര്‍ നീളവും 2400 ടണ്‍ ഭാരവും വഹിക്കാന്‍ ശേഷിയുമുള്ള കപ്പലാണ് നിര്‍മിക്കുന്നത്. ഇതുപോലുള്ള നാല് കപ്പലുകളാണ് നിര്‍മിക്കുന്നത്. പാകിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുന്നതില്‍ പ്രസിഡന്‍റ് എര്‍ദോഗാന്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. യുദ്ധക്കപ്പലുകള്‍ നിര്‍മിക്കുന്ന 10 രാജ്യങ്ങളില്‍ ഒന്നാണ് തുര്‍ക്കിയെന്നും അദ്ദേഹം പറഞ്ഞു. തുര്‍ക്കിയുടെ യുദ്ധകപ്പലും അദ്ദേഹം കമ്മീഷന്‍ ചെയ്തു.