സോച്ചി: സിറിയൻ അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന് തുർക്കി. റഷ്യൻ പ്രസിഡന്റ് വ്ളാദമീര്‍ പുചിനുമായി സോച്ചിയിൽ നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് തുർക്കിയുടെ പിന്മാറ്റം. 150 മണിക്കൂറിനുള്ളിൽ സേനാ പിന്മാറ്റം പൂർത്തിയാക്കുമെന്ന് തുർക്കി പ്രസിഡന്റ് തയ്യിപ്പ് എർദോഗൻ വ്യക്തമാക്കി.

സേനാ പിന്മാറ്റത്തിന് ശേഷം റഷ്യയുമായി ചേർന്ന് മേഖലയിൽ സംയുക്ത പട്രോളിംഗ് നടത്തുമെന്നും എർദോഗൻ പറഞ്ഞു. നേരത്തെ,  സിറിയയിലെ കുർദുകളെ ലക്ഷ്യമിടുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന ലോകരാജ്യങ്ങളുടെ ആഹ്വാനം തുർക്കി  തള്ളിയിരുന്നു. കുർദിഷ് നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് സൈന്യം ആയുധം താഴെ വയ്ക്കുന്നതുവരെ സിറിയയിലെ സൈനിക നടപടി അവസാനിപ്പിക്കില്ലെന്നായിരുന്നു തുർക്കിഷ് പ്രസിഡന്‍റ്  തയ്യിബ് എർദോഗന്‍റെ നിലപാട്.

കുർദുകളെ സഹായിക്കാൻ എത്തിയ സിറിയൻ സൈന്യത്തിനൊപ്പം റഷ്യൻ പട്ടാളവും ചേർന്നതോടെ മേഖലയിലെ സ്ഥിതി കൂടുതൽ സങ്കീർണ്ണമായി മാറിയിരുന്നു. ഇതേത്തുടര്‍ന്ന് അമേരിക്കയ്ക്ക് പുറമെ ബ്രിട്ടണ്‍, സ്പെയിൻ, സ്വീഡൻ എന്നീ രാജ്യങ്ങളും തുർക്കിയിലേക്കുള്ള ആയുധ കയറ്റുമതി നിർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനോട് അമേരിക്കയുടെ ഉപരോധത്തെ ഭയമില്ലെന്നാണ് എർദോഗന്‍ പ്രതികരിച്ചത്. എന്നാല്‍, റഷ്യ നടത്തിയ മാരത്തണ്‍ ചര്‍ച്ച തുര്‍ക്കി സേനാ പിന്മാറ്റത്തിന് തയാറാവുകയായിരുന്നു.