ഞായറാഴ്ചയാണ് കറാച്ചി തുറമുഖത്ത് തുര്‍ക്കിയുടെ നാവിക കപ്പല്‍ നങ്കൂരമിട്ടത്. ഔദ്യോഗിക സന്ദര്‍ശനം മാത്രമാണെന്നാണ് ഇരുരാജ്യങ്ങളുടെയും വിശദീകരണം.
ദില്ലി: പഹൽഗാം ആക്രമണത്തെ തുടർന്ന് ഇന്ത്യ-പാകിസ്ഥാൻ ബന്ധം വഷളായ സാഹചര്യത്തിൽ പാക് തീരത്ത് തുർക്കി കപ്പൽ. ഞായറാഴ്ചയാണ് പാകിസ്ഥാനിലെ കറാച്ചി തുറമുഖത്ത് തുർക്കി നാവിക കപ്പലായ ടിസിജി ബുയുകഡ തുർക്കി എത്തിയത്. കപ്പലിനെ പാകിസ്ഥാൻ നാവിക ഉദ്യോഗസ്ഥർ സ്വീകരിച്ചു. സൗഹൃദ സന്ദർശനത്തിനാണ് നാവിക കപ്പൽ എത്തിയതെന്ന് പാകിസ്ഥാൻ വിശദീകരിച്ചു. തുർക്കി കപ്പലിലെ ജീവനക്കാർ പാകിസ്ഥാൻ നാവികസേനാ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. തുർക്കി നാവികസേനയുടെ അഡ-ക്ലാസ് എഎസ്ഡബ്ല്യു കോർവെറ്റുകളുടെ രണ്ടാമത്തെ കപ്പലായ ടിസിജി ബുയുക്കഡ മെയ് 7 വരെ കറാച്ചിയിൽ തങ്ങും.
ഇരു നാവികസേനകളും തമ്മിലുള്ള പരസ്പര ധാരണ വർദ്ധിപ്പിക്കുകയും സമുദ്ര സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് സന്ദർശനത്തിന്റെ ലക്ഷ്യമെന്നും പാകിസ്ഥാനും തുർക്കിയും തമ്മിലുള്ള ശക്തിപ്പെടുന്ന സമുദ്ര സഹകരണത്തിന്റെ തെളിവാണ് സന്ദർശനമെന്നും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സമയത്താണ് തുർക്കി നാവിക കപ്പലിന്റെ പാകിസ്ഥാൻ സന്ദർശനം. നേരത്തെ കശ്മീർ വിഷയത്തിലും പാകിസ്ഥാന് അനുകൂലമായ നിലപാടാണ് തുർക്കി സ്വീകരിച്ചിരുന്നത്. ജമ്മു-കാശ്മീരിലെ പഹൽഗാമിൽ തീവ്രവാദികളുടെ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെടുകയും ചെയ്തതിനെത്തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായത്.
അടുത്തിടെ പാകിസ്ഥാനും തുര്‍ക്കിയും 'അറ്റാറ്റുർക്ക്-XIII' എന്ന സംയുക്ത സൈനിക അഭ്യാസം നടത്തിയിരുന്നു. 2022 ൽ തുർക്കിയുമായി പാകിസ്ഥാൻ ഒപ്പുവച്ച കരാര്‍ പ്രകാരം, പാകിസ്ഥാൻ നാവികസേനയ്ക്കായി തുര്‍ക്കി നാല് കോർവെറ്റുകൾ നിർമ്മിക്കാൻ സഹായിക്കും. രണ്ട് കപ്പലുകൾ ഇസ്താംബൂളിൽ നിർമ്മിക്കുമ്പോൾ, ബാക്കിയുള്ള രണ്ടെണ്ണം പാകിസ്ഥാനിലെ കറാച്ചി കപ്പൽശാലയിൽ നിർമ്മിക്കും. ആദ്യത്തെ കപ്പലായ പിഎൻഎസ് ബാബറിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി.
ആക്രമണത്തിന് മറുപടിയായി, ഇന്ത്യ പാകിസ്ഥാനെതിരെ നിരവധി നടപടികൾ സ്വീകരിച്ചിരുന്നു. കൂടാതെ ആക്രമണകാരികൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവക്കുകയും അട്ടാരി അതിർത്തി അടക്കുകയും ചെയ്തു.


