Asianet News MalayalamAsianet News Malayalam

'ഇന്ത്യയും പാകിസ്ഥാനും ചര്‍ച്ച ചെയ്യണം': കശ്മീര്‍ വിഷയം വീണ്ടും ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ച് എര്‍ദോഗന്‍

കശ്മീര്‍ വിഷയം ഇന്ത്യയും പാകിസ്ഥാനും ചര്‍ച്ചയിലൂടെ പരിഹരിക്കുന്നത് മേഖലയെ സ്ഥിരതയിലേക്ക് നയിക്കുമെന്ന് എര്‍ദോഗന്‍

Turkish President Raises Kashmir Issue Again in United Nations SSM
Author
First Published Sep 20, 2023, 12:14 PM IST

ജനീവ: കശ്മീര്‍ വിഷയം ഐക്യരാഷ്ട്ര സഭയില്‍ വീണ്ടും ഉന്നയിച്ച് തുര്‍ക്കി പ്രസിഡന്‍റ്  റജബ് ത്വയ്യിബ് എര്‍ദോഗന്‍. കശ്മീര്‍ വിഷയം ഇന്ത്യയും പാകിസ്ഥാനും ചര്‍ച്ചയിലൂടെ പരിഹരിക്കുന്നത് മേഖലയെ സ്ഥിരതയിലേക്ക് നയിക്കുമെന്ന് എര്‍ദോഗന്‍ പറഞ്ഞു. യുഎൻ ജനറൽ അസംബ്ലിയുടെ ഉന്നതതല യോഗത്തില്‍ ലോക നേതാക്കളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് എര്‍ദോഗന്‍ ഇക്കാര്യം  ഉന്നയിച്ചത്.

ഇന്ത്യയും പാകിസ്ഥാനും സംഭാഷണത്തിലൂടെയും സഹകരണത്തിലൂടെയും കശ്മീരിൽ ശാശ്വതമായ സമാധാനം സ്ഥാപിച്ചാല്‍ ദക്ഷിണേഷ്യയില്‍ സമാധാനത്തിനും സുസ്ഥിരതയ്ക്കും സമൃദ്ധിക്കും വഴിയൊരുങ്ങുമെന്നാണ് എര്‍ദോഗന്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ തുര്‍ക്കിയുടെ പൂര്‍ണ പിന്തുണ തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

ദില്ലിയില്‍ ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് തുര്‍ക്കി പ്രസിഡന്‍റിന്‍റെ പരാമര്‍ശം. വ്യാപാര മേഖലയിലും അടിസ്ഥാന സൗകര്യ രംഗത്തും ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തിരുന്നു.

മുന്‍പും ഐക്യരാഷ്ട്രസഭയില്‍ എര്‍ദോഗന്‍ കശ്മീര്‍ വിഷയം ഉന്നയിച്ചിട്ടുണ്ട്. സ്വാതന്ത്ര്യം നേടി 75 വര്‍ഷം കഴിഞ്ഞിട്ടും ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ സമാധാനവും ഐക്യദാർഢ്യവുമുണ്ടായിട്ടില്ല. ഇത് വളരെ ദൗർഭാഗ്യകരമാണ്. കശ്മീരിൽ നീതിയുക്തവും ശാശ്വതവുമായ സമാധാനം സ്ഥാപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നാണ് എര്‍ദോഗന്‍ പറഞ്ഞത്. 

ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനെ 2020ല്‍ എര്‍ദോഗന്‍ വിമര്‍ശിച്ചിരുന്നു. കശ്മീര്‍ ഇന്നും കത്തുന്ന വിഷയമാണ് എന്നാണ് എര്‍ദോഗന്‍ പറഞ്ഞത്. ആ വിമര്‍ശനത്തിന് 'തീര്‍ത്തും അസ്വീകാര്യം' എന്ന് ഇന്ത്യ മറുപടി നല്‍കി. മറ്റ് രാഷ്ട്രങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കാനും സ്വന്തം നയങ്ങളെ കൂടുതൽ ആഴത്തിൽ പ്രതിഫലിപ്പിക്കാനും തുർക്കി പഠിക്കണമെന്ന് ഇന്ത്യ പ്രതികരിച്ചിരുന്നു. പിന്നാലെയാണ് ഈ വര്‍ഷവും എര്‍ദോഗന്‍ ഐക്യരാഷ്ട്രസഭയില്‍ കശ്മീര്‍ വിഷയം ഉന്നയിച്ചത്.

Follow Us:
Download App:
  • android
  • ios