കുവൈത്തിൽ നിയന്ത്രണ മേഖലയുടെ ദൃശ്യങ്ങൾ പകർത്തിയ 29 പേർ അറസ്റ്റിൽ. ഇറാൻ ആക്രമണത്തിന് പിന്നാലെ സുരക്ഷാ സാഹചര്യങ്ങൾ ശക്തമാക്കിയ സാഹചര്യത്തിൽ തന്ത്രപ്രധാന സ്ഥലങ്ങളുടെ ചിത്രീകരണം ഗുരുതര നിയമലംഘനമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കുവൈത്ത് സിറ്റി: കുവൈത്തിൽ നിയന്ത്രണ മേഖലയുടെ ദൃശ്യങ്ങൾ പകർത്തിയ 29 പേർ അറസ്റ്റിൽ. ആറ് കുവൈത്ത് സ്വദേശികളും 23 പ്രവാസികളും ഉൾപ്പെടെ 29 പേരെ ആഭ്യന്തര മന്ത്രാലയം നിയമ നടപടിക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ഇറാൻ ആക്രമണത്തിന് പിന്നാലെ സുരക്ഷാ സാഹചര്യങ്ങൾ ശക്തമാക്കിയ സാഹചര്യത്തിൽ തന്ത്രപ്രധാന സ്ഥലങ്ങളുടെ ചിത്രീകരണം ഗുരുതര നിയമലംഘനമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം കുവൈത്തിന്‍റെ വടക്കൻ ഭാഗത്തെ താമസ മേഖലയിൽ ഷെല്ലുകളും മിസൈൽ-ഡ്രോൺ അവശിഷ്ടങ്ങളും വീണ സംഭവത്തിൽ ആറുപേർക്ക് പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് അടിയന്തര മെഡിക്കൽ സംഘങ്ങളും ആംബുലൻസ് ടീമുകളും ഉടൻ സ്ഥലത്തെത്തി പ്രവർത്തനം ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ-സനദ് പറഞ്ഞു. ആംബുലൻസ് സംഘങ്ങൾ സംഭവസ്ഥലത്ത് രണ്ട് സ്ത്രീകൾക്ക് ചികിത്സ നൽകി. മറ്റൊരാളെ ജഹ്റ ആശുപത്രിയിലെ അടിയന്തര വിഭാഗത്തിലേക്ക് മാറ്റി. കൂടാതെ ചിലർ സ്വയം ജഹ്റ ആശുപത്രിയിൽ എത്തി ചികിത്സ തേടുകയും, ഇതോടെ കൈകാര്യം ചെയ്ത കേസുകളുടെ ആകെ എണ്ണം ആറായതായി അധികൃതർ അറിയിച്ചു. സംഭവത്തിന് ശേഷം പ്രദേശത്ത് സമഗ്ര പരിശോധന നടത്തി കൂടുതൽ പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കി. ആരോഗ്യ സംവിധാനങ്ങൾ 24 മണിക്കൂറും പൂർണ സജ്ജതയോടെ പ്രവർത്തിക്കുന്നുണ്ടെന്നും ജനങ്ങൾ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു.


