ഇസ്ലാമാബാദ്: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ പ്രതികരിച്ച് ട്വീറ്റ് ചെയ്ത 333 പാക്കിസ്ഥാന്‍ ട്വിറ്റര്‍ അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്തു. പ്രകോപനപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചതിനാണ് അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്തത്.

ഇന്ത്യന്‍ അധികൃതരുടെ എതിര്‍പ്പ് കണക്കിലെടുത്താണ് ഇത്തരം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകള്‍ നിരോധിച്ചത്. ഇതിന് പിന്നാലെ പാക്കിസ്ഥാന്‍ ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റി (പിടിഎ) അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്ത നടപടിയുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ അധികൃതരുമായി ബുധനാഴ്ച ചര്‍ച്ച നടത്തിയതായി ഡോണ്‍ ന്യൂസിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. ട്വിറ്ററിന്‍റെ നടപടി പക്ഷപാതപരമാണെന്നാണ് പിടിഎയുടെ ആരോപണം. കശ്മീര്‍ വിഷയത്തില്‍ പ്രതികരിക്കുന്ന ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഇനി സസ്പെന്‍ഡ് ചെയ്യുകയാണെങ്കില്‍ ആ വിവരം അറിയിക്കണമെന്നും പിടിഎ സോഷ്യല്‍ മീഡിയ ഉപയോക്താക്കളോട് അറിയിച്ചിരുന്നു.

അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട് 333 പരാതികള്‍ പിടിഎയ്ക്ക് ലഭിച്ചിരുന്നു. ട്വിറ്റര്‍ അധികൃതര്‍ക്ക് അയച്ച ഈ പരാതികളില്‍ നിന്ന് 67 പേരുടെ അക്കൗണ്ടുകള്‍ വിലക്കില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്തതിന് ട്വിറ്റര്‍ അധികൃതര്‍ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ലെന്ന് പിടിഎ അറിയിച്ചു.