ഇനി നടക്കുന്ന തെരച്ചിലിനെ രക്ഷാ പ്രവര്‍ത്തനമെന്ന നിലയില്‍ കാണരുതെന്നും അധികൃതര്‍ വിശദമാക്കി

തണുത്തുറഞ്ഞ തടാകത്തിന് മുകളിലെ കളിക്കിടെ മഞ്ഞ് പാളി തകര്‍ന്ന് തടാകത്തിലേക്ക് വീണ കുട്ടികളില്‍ രണ്ട് പേര്‍ മരിച്ചിരിക്കാമെന്ന് രക്ഷാപ്രവര്‍ത്തകര്‍. ഞായറാഴ്ചയാണ് ആറ് കുട്ടികള്‍ തടാകത്തിലെ മഞ്ഞ് പാളി തകര്‍ന്ന് ജലാശയത്തിലേക്ക് വീണത്. ഇതില്‍ നാലുപേരെ തടാകത്തില്‍ നിന്ന് പുറത്തെടുത്തെങ്കിലും ഇവരിലാരും ഇതുവരെ അപകട നില തരണം ചെയ്തിട്ടില്ല. ഹൃദയ സ്തംഭനം നേരിട്ട അവസ്ഥയിലായിരുന്നു ഈ കുട്ടികളെ ആശുപത്രിയിലെത്തിച്ചത്.

ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാം നഗരത്തിന് സമീപത്തെ സോളിഹള്ളിലെ തടാകത്തിലാണ് വലിയ അപകടമുണ്ടായത്. കഴിഞ്ഞ രാത്രി വൈകിയും വിദഗ്ധ സംഘത്തോടൊപ്പം നടത്തിയ തെരച്ചിലില്‍ രണ്ട് പേരെ കണ്ടെത്താനാവാതെ വന്നതോടെയാണ് അഗ്നിശമന സേനാംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കിംഗ്‌ഷർസ്റ്റിലെ ബാബ്‌സ് മിൽ പാർക്കിലെ തണുത്തുറഞ്ഞ തടാകത്തിലേക്കാണ് ഐസ് പാളി തകര്‍ന്ന് ആറ് കുട്ടികള്‍ വീണത്. തണുത്തുറയുന്ന താപനിലയാണ് ഈ ഭാഗത്ത് അനുഭവപ്പെടുന്നത്.

രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ക്ക് അടക്കം ഹൈപ്പോ തെര്‍മിയ അടക്കമുള്ള അവസ്ഥ നേരിട്ട സംഭവവും ഇവിടെയുണ്ടായിരുന്നു. പന്ത്രണ്ട് വയസിന താഴെ മാത്രം പ്രായമുള്ള രണ്ട് പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇവരാണ് ആദ്യം ഐസ് പാളി തകര്‍ന്ന് വെള്ളത്തിലേക്ക് വീണത്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് സുഹൃത്തുക്കളും വെള്ളത്തിലേക്ക് വീണത്. വെള്ളത്തില്‍ നിന്ന് പുറത്തെടുത്തവര്‍ ജീവന് വേണ്ടി മല്ലിടുകയാണെന്ന് അവശ്യസേനാംഗം കഴിഞ്ഞ ഞായറാഴ്ച മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

ഇനി നടക്കുന്ന തെരച്ചിലിനെ രക്ഷാ പ്രവര്‍ത്തനമെന്ന നിലയില്‍ കാണരുതെന്നും അധികൃതര്‍ വിശദമാക്കിയിട്ടുണ്ട്. ജലാശയത്തിനടിയില്‍ കുട്ടികളെ കണ്ടെത്താന്‍ മുങ്ങല്‍ വിദഗ്ധരടക്കമുള്ള സംഘമാണ് തെരച്ചില്‍ നടത്തുന്നത്. യുകെയിലെമ്പാടും കടുത്ത മഞ്ഞും കൊടും തണുപ്പുമുള്ള സമയമാണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്.