പാകിസ്ഥാനിലെ സിന്ധിൽ നിന്ന് രണ്ട് ദമ്പതികൾ താർ മരുഭൂമിയിലൂടെ അതിർത്തി കടന്ന് ഇന്ത്യയിലെത്തി. ഭിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട ഇവരെ ഗുജറാത്തിൽ വെച്ച് സുരക്ഷാ ഏജൻസികൾ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
അഹമ്മദാബാദ്: പ്രണയബന്ധത്തെ എതിർത്തതിനെ തുടർന്ന് പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ നിന്ന് ഇന്ത്യയിലേക്ക് കടന്ന രണ്ട് ദമ്പതികൾ കസ്റ്റഡിയിൽ. കഠിനമായ താർ മരുഭൂമിയിലൂടെ അതിർത്തി കടന്നാണ് ഇവര്‍ ഗുജറാത്തിലെത്തിയത്. ബിഎസ്എഫ് നിരീക്ഷണം ശക്തമായ കച്ചിലെ രതൻപൂരിന് അടുത്തുള്ള മെറുഡോ ദങ്കർ എന്ന ഇന്ത്യൻ ഗ്രാമത്തിലാണ് ഇവർ എത്തിയത്. നാലാഴ്ചത്തെ ഇടവേളകളിലായാണ് സിന്ധ് പ്രവിശ്യയിലെ ഇസ്‌ലാംകോട്ട് ടെൻസിലിലെ ലാസ്റി ഗ്രാമത്തിൽ നിന്ന് രണ്ട് ദമ്പതികൾ അതിർത്തി കടന്നെത്തിയത്.
ഒക്ടോബർ 4-നാണ് താരാ രൺമാൽ ചുടി, പൂജ കർസൻ ചുടി എന്നിവർ ആദ്യം അതിർത്തി കടന്നെത്തിയത്. രൺമാൽ ചുടി പത്താൻ സ്യൂട്ടും പൂജ സൽവാറുമാണ് ധരിച്ചിരുന്നത്. രാത്രിയിൽ രഹസ്യമായി യാത്ര തിരിച്ച ഇവർ 50 കിലോമീറ്റർ മരുഭൂമിയിലൂടെ നടക്കാൻ മൂന്ന് ദിവസമെടുക്കുകയും റോട്ടിയും വെള്ളവും മാത്രം കഴിച്ചുമാണ് അതിർത്തി കടന്നെത്തിയത്. ഇതിന് ഒരു മാസത്തിനുശേഷം നവംബർ 24-ന് പൊപത്കുമാർ നാധുഭിൽ (24), ഗൗരി ഗുലാബ് ഭിൽ (20) എന്നിവരെത്തി. ഇവർ ലാസ്റി ഗ്രാമത്തിന് തൊട്ടടുത്തുള്ള മൂഗാരിയ ഗ്രാമത്തിൽ നിന്നുള്ളവരാണ്. പൊപത്കുമാറിൻ്റെയും ഗൗരിയുടെയും കൈവശം 100 പാകിസ്ഥാനി രൂപ മാത്രമേ ഉണ്ടായിരുന്നുള്ളു. തിരിച്ചറിയൽ രേഖകളുമില്ലായിരുന്നു.
പ്രണയവും അന്വേഷണവും
അതിർത്തി കടന്നെത്തിയവരെല്ലാം ഭിൽ എന്ന ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്. പ്രണയിതാക്കളായ ഇവർ ബന്ധുക്കൾ കൂടിയാണ്. ഇവരുടെ വിവാഹത്തിന് വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചതാണ് ഒളിച്ചോട്ടത്തിന് കാരണം. വീട്ടുകാരുടെ എതിർപ്പിനെ ഭയന്നാണ് നാടുവിട്ടതെന്നാണ് ഇവര്‍ ബിഎസ്എഫ് ഉദ്യോഗസ്ഥരോട് വിശദീകരിച്ചത്. ലാസ്റി ഗ്രാമം അതിർത്തിയിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ മാത്രം അകലെയാണ്. ലാസ്റിയിലെ കാലിവളർത്തുകാരിൽ പലരും പശുക്കളെ തീറ്റാനായി അതിർത്തി കടക്കാറുണ്ട്. കഠിനമായ യാത്ര ചെയ്ത് ഇവർ എന്തിനാണ് ഇന്ത്യയിലെത്തിയത് എന്നതിനെക്കുറിച്ച് സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിന്ധും കച്ചും കലർന്ന ഭാഷയാണ് ഇവർ സംസാരിക്കുന്നത്. ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഭുജിലെ ജോയിൻ്റ് ഇൻ്ററോഗേഷൻ സെൻ്ററിലേക്ക് കൊണ്ടുപോയേക്കും.


