Asianet News MalayalamAsianet News Malayalam

കൊറോണ; ഇറാനില്‍ രണ്ട് മരണം, ചൈനയിലെ അവസ്ഥ ഗുരുതരം

ചൈനയിൽ രോഗബാധ തുടരുകയാണ്. രണ്ടായിരത്തിലധികം പേരാണ് ചൈനയിൽ മാത്രം ഇതുവരെ വൈറസ്  ബാധയേറ്റ് മരിച്ചത്. ലോകത്താകമാനം എഴുപത്തിഅയ്യായിരത്തിലധികം പേരിൽ രോഗം സ്ഥിരീകരിച്ചു

two died because of coronavirus in iran
Author
Beijing, First Published Feb 20, 2020, 7:04 AM IST

ബെയ്ജിംഗ്: കൊറോണ വൈറസ് ബാധ മൂലം ഇറാനിലും മരണം. ഇറാനിൽ ആദ്യം രോഗം സ്ഥിരീകരിച്ച രണ്ട് പേരാണ് ഇന്നലെ മരിച്ചത്. കൊറോണ ബാധയെ തുടർന്നുള്ള പശ്ചിമേഷ്യയിലെ ആദ്യ മരണമാണിത്. അതേസമയം, ചൈനയിൽ രോഗബാധ തുടരുകയാണ്. രണ്ടായിരത്തിലധികം പേരാണ് ചൈനയിൽ മാത്രം ഇതുവരെ വൈറസ്  ബാധയേറ്റ് മരിച്ചത്.

ലോകത്താകമാനം എഴുപത്തിഅയ്യായിരത്തിലധികം പേരിൽ രോഗം സ്ഥിരീകരിച്ചു. എട്ട് പേരാണ് ചൈനയ്ക്ക് പുറത്ത് രോഗം ബാധിച്ച് മരിച്ചത്. പശ്ചിമേഷ്യയിൽ യുഎഇയിലാണ് ആദ്യം വൈറസ് സാന്നിധ്യം കണ്ടെത്തിയത്. അതേസമയം, കൊറോണ വൈറസ് പടരുന്നത് മൂലം ജപ്പാൻ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ആഡംബര കപ്പലിലുള്ള ഒരു ഇന്ത്യക്കാരന് കൂടി കൊറോണ സ്ഥിരീകരിച്ചു.

ഇതോടെ കൊറോണ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം ഏഴായി. ഫെബ്രുവരി മൂന്നാം തീയതിയാണ് കപ്പൽ പിടിച്ചിട്ടത്. കപ്പലിൽ സഞ്ചരിച്ച് ഹോങ്കോങ്ങിൽ ഇറങ്ങിയ ആളിൽ വൈറസ് ബാധ കണ്ടെത്തിയതോടെയായിരുന്നു ഈ നടപടി. 3,700 പേർ കപ്പലിലുണ്ട്. ഇതിൽ 1,100 പേർ കപ്പലിലെ ജീവനക്കാരാണ്. 

യാത്രക്കാരും  ജീവനക്കാരുമടക്കം 138 ഇന്ത്യക്കാരാണ് കപ്പലിൽ ഉള്ളത്. രാജ്യത്ത് ആദ്യമായി കൊറോണ ബാധ സ്ഥിരീകരിച്ച തൃശൂരിലെ പെൺകുട്ടിയുടെ സാമ്പിൾ പരിശോധനാ ഫലം തുടർച്ചയായി രണ്ടാം തവണയും നെഗറ്റീവായത് കേരളത്തിന് ആശ്വാസമായി. 
പൂനെയിലാണ് സാമ്പിൾ പരിശോധന നടത്തിയത്.

ഇതോടെ മെഡിക്കൽ ബോർഡ് ചേർന്ന് പെൺകുട്ടിയുടെ  ഡിസ്ചാർജ് തീയതി ഉടന്‍ തീരുമാനിക്കും. ചൈനയിൽ നിന്ന് രോഗലക്ഷണവുമായി എത്തിയ പെൺകുട്ടിയെ കഴിഞ്ഞ മാസം 26നാണ് ആശുത്രിയിൽ പ്രവേശിപ്പിച്ചത്. 30 ന് രോഗം സ്ഥിരീകരിച്ചതു മുതൽ പെൺകുട്ടി മെഡിക്കൽ കോളേജിലെ ഐസലേഷൻ വാർഡിലാണ് കഴിയുന്നത്.

Follow Us:
Download App:
  • android
  • ios