Asianet News MalayalamAsianet News Malayalam

അഫ്ഗാന്‍ പലായനത്തിന് ഇടയില്‍ കാണാതായ 2 മാസം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി

രാജ്യം വിടാനുള്ള ശ്രമത്തിന് ഇടയില്‍ വിമാനത്താവളത്തിലേക്ക് കയറാന്‍ ബുദ്ധിമുട്ട് നേരിട്ടതോടെയാണ് സൊഹൈലിന്‍റെ പിതാവ്  വിമാനത്താവളത്തിന്റെ മതിലില്‍ നിന്ന അമേരിക്കന്‍ സൈനികന്‍റെ കയ്യിലേക്ക് കുഞ്ഞിനെ നല്‍കിയത്. പിന്നീടുണ്ടായ തിക്കിലും തിരക്കിലും കുഞ്ഞിനെ കാണാതാവുകയായിരുന്നു.

two months old Sohail Ahmadi went missing during  chaos of Afghanistan Airlift found finally reunited with family
Author
Kabul, First Published Jan 9, 2022, 11:58 AM IST

അഫ്ഗാനിസ്ഥാനില്‍ (Afghanistan) താലിബാന്‍ (Taliban) ഭരണം പിടിച്ചെടുത്തതിന് പിന്നാലെയുണ്ടായ കൂട്ടപലായനത്തിന് ഇടയില്‍ കാണാതായ നവജാത ശിശുവിനെ കണ്ടെത്തി. സൊഹൈല്‍ അഹ്മദി(Sohail Ahmadi) എന്ന പിഞ്ചുകുഞ്ഞിനെ മാസങ്ങള്‍ നീണ്ട തെരച്ചിലിന് ഒടുവിലാണ് കണ്ടെത്തുന്നത്. ശനിയാഴ്ച കാബൂളിലുള്ള ബന്ധുക്കള്‍ക്ക് സൊഹൈല്‍ അഹ്മദിയെ കൈമാറുകയായിരുന്നു. രാജ്യം വിടാനുള്ള ശ്രമത്തിന് (American evacuation of Afghanistan) ഇടയില്‍ വിമാനത്താവളത്തിലേക്ക് കയറാന്‍ ബുദ്ധിമുട്ട് നേരിട്ടതോടെയാണ് സൊഹൈലിന്‍റെ പിതാവ് വിമാനത്താവളത്തിന്റെ മതിലില്‍ നിന്ന അമേരിക്കന്‍ സൈനികന്‍റെ കയ്യിലേക്ക് കുഞ്ഞിനെ നല്‍കിയത്.

പിന്നീടുണ്ടായ തിക്കിലും തിരക്കിലും കുഞ്ഞിനെ കാണാതാവുകയായിരുന്നു. താലിബാന്‍ ക്രൂരത ഭയന്ന് പലായനം ചെയ്തവരുടെ നേര്‍ചിത്രമായി കുഞ്ഞിനെ മതിലിന് പുറത്തൂടെ കൈമാറുന്ന ചിത്രം അന്താരാഷ്ട്ര തലത്തില്‍ മാറിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 19 ന് കാണാതാവുന്ന സമയത്ത് വെറും രണ്ട് മാസം മാത്രമായിരുന്നു കുഞ്ഞിന്‍റെ പ്രായം.  അഫ്ഗാന്‍ സ്വദേശി മിര്‍സ അലി അമ്മദിയുടെ കുഞ്ഞിനെയാണ് ഓഗസ്റ്റില്‍ കാണാതായത്. താലിബാനെ ഭയന്ന രാജ്യം വിടുന്നവര്‍ വിമാനത്താവളത്തിലേക്ക് ഇരച്ചുകയറിയതിന് പിന്നാലെയാണ് മുള്ളുവേലിക്ക് പുറത്തുകൂടെ നവജാത ശിശുവിനെ മിര്‍സ അലി സൈനികന്‍റെ കയ്യില്‍ ഏല്‍പ്പിച്ചത്. പെട്ടന്ന് തന്നെ വിമാനത്താവളത്തിന്‍റെ ഗേറ്റ് കടക്കാനാവുമെന്ന പ്രതീക്ഷയിലായിരുന്നു ഈ പിതാവ് കുഞ്ഞിനെ സൈനികനെ ഏല്‍പ്പിച്ചത്.

അരമണിക്കൂറില്‍ അധികമെടുത്താണ് മിര്‍സ അലിക്കും കുടുംബത്തിനും വിമാനത്താവളത്തിന് അകത്ത് കടക്കാന്‍ സാധിച്ചത്. വിമാനത്താവളത്തിന് അകത്തെത്തി കുഞ്ഞിനെ തെരക്കിയെങ്കിലും കണ്ടെത്താനാവാതെ വരികയായിരുന്നു. ദിവസങ്ങളോളം അന്വേഷിച്ച് കുഞ്ഞിനെ കണ്ടെത്താനാവാതെ വന്നതിന് പിന്നാലെ മിര്‍സ അലിയേയും കുടുംബത്തേയും ആദ്യം ഖത്തറിലേക്കും അവിടെ നിന്ന് ജര്‍മനിയിലേക്കും ഒടുവില്‍ യുഎസിലേക്കും മാറ്റുകയായിരുന്നു. കുഞ്ഞിനെ കണ്ടെത്തുമെന്ന യുഎസ് സൈന്യത്തിന്‍റെ വാക്ക് പൂര്‍ത്തിയായ സന്തോഷത്തിലാണ് ഈ പിതാവുള്ളത്. നവംബര്‍ മാസത്തില്‍ കാണാതായ കുഞ്ഞിനെ സംബന്ധിച്ച് റോയിട്ടേഴ്സ് പ്രത്യേക സ്റ്റോറി ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 29 വയസ് പ്രായമുള്ള ടാക്സി ഡ്രൈവര്‍ ഹമീദ് സാഫിയുടെ കൈവശം കുഞ്ഞിനെ കണ്ടെത്തുന്നത്.

വിമാനത്താവളത്തില്‍ നിന്ന് കിട്ടിയ കുഞ്ഞിനെ സ്വന്തം മകനേപ്പോലെ വളര്‍ത്തുകയായിരുന്നു ഇയാള്‍. ഏഴ് ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും അവസാനം താലിബാന്‍ പൊലീസിന്‍റെ ചെറിയ ഇടപെടലിനും പിന്നാലെ കുഞ്ഞിനെ ബന്ധുക്കള്‍ക്ക് കൈമാറാന്‍ ഇയാള്‍ സമ്മതം മൂളുകയായിരുന്നു. യുഎസ് എംബസിയില്‍ സെക്യൂരിറ്റി ജീവനക്കാരനായി സേവം ചെയ്യുകയായിരുന്നു മിര്‍സ അലി. കുഞ്ഞിനെ രക്ഷിതാക്കള്‍ക്ക് ഒപ്പമെത്തിക്കാനുള്ള ശ്രമത്തിലാണ് കാബൂളിലെ ബന്ധുക്കളുള്ളത്. നിലവില്‍ അമേരിക്കയിലെ ടെക്‌സാസിലെ അഭയാര്‍ത്ഥി ക്യാംപില്‍ അഫ്ഗാന്‍ അഭയാര്‍ത്ഥികളായി കഴിയുകയാണ് മിര്‍സ അലിയും ഭാര്യ സുരയയും. 

Follow Us:
Download App:
  • android
  • ios