265 കിലോമീറ്റർ വേഗതയിൽ വീശിയടിച്ച് റാഗസ. ഷെൻഷെൻ, ചാവോഷോ, സുഹായ്, ഡോങ്‌ഗുവാൻ, ഫോഷാൻ എന്നീ ചൈനീസ് നഗരങ്ങളിൽ ദശലക്ഷക്കണക്കിന് പേരെ മാറ്റിപ്പാർപ്പിച്ചു.
ഹോങ്കോങ്: തായ്‌വാൻ, ഹോങ്കോങ്, ദക്ഷിണ ചൈന എന്നിവിടങ്ങളിൽ വീശിയടിച്ച് സൂപ്പർ ടൈഫൂൺ റാഗസ. കൊടുങ്കാറ്റിന് പിന്നാലെ കനത്ത മഴയിൽ പലയിടങ്ങളിലും വെള്ളം കയറി. തായ്‍വാനിൽ തടയണ തകർന്ന് 17 പേർ മരിച്ചു. മൊത്തം 27 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. തായ്‌വാന്റെ തെക്ക് ഭാഗത്ത് കാറ്റിന്റെ ശരാശരി വേഗം മണിക്കൂറിൽ 165 മൈൽ ആയിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. ലക്ഷക്കണക്കിനാളുകള്‍ക്കാണ് കിടപ്പാടം നഷ്ടമായത്. കോടിക്കണക്കിന് ഡോളറിന്‍റെ നാശനഷ്ടമാണ് കണക്കാക്കിയത്.
തായ്‍വാനിൽ നിന്ന് കൊടുങ്കാറ്റ് ഹോങ്കോങ്ങിന്റെ തെക്കു പടിഞ്ഞാറോട്ട് നീങ്ങി. പിന്നീട് ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിൽ മണിക്കൂറിൽ 150 മൈൽ വേഗതയിൽ കാറ്റുവീശി. ഷെൻഷെൻ, ചാവോഷോ, സുഹായ്, ഡോങ്‌ഗുവാൻ, ഫോഷാൻ എന്നീ ചൈനീസ് നഗരങ്ങളിൽ ദശലക്ഷക്കണക്കിന് പേരെ മാറ്റിപ്പാർപ്പിച്ചു. ഇപ്പോൾ കാറ്റ് ദുർബലമായെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കി. അതേസമയം, ബുവാലോയ് എന്ന് പേരിട്ടിരിക്കുന്ന മറ്റൊരു കൊടുങ്കാറ്റ് പടിഞ്ഞാറൻ പസഫിക്കിൽ രൂപപ്പെട്ടു.
വെള്ളിയാഴ്ചയോടെ ചുഴലിക്കാറ്റായി രൂപപ്പെട്ട് ഫിലിപ്പൈൻ ദ്വീപായ ലുസോണിലേക്കും നീങ്ങും. കാറ്റിനെ തുടർന്ന് വ്യാപകമായ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി. അറ്റ്ലാന്റിക് ചുഴലിക്കാറ്റ് സീസൺ കൂടുതൽ സജീവമായി. ഇപ്പോൾ കരീബിയന്റെ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഉഷ്ണമേഖലാ കൊടുങ്കാറ്റായ ഹംബെർട്ടോ ശരാശരി 85 മൈൽ വേഗതയുള്ള ഒരു ചുഴലിക്കാറ്റായി തുടരുന്നു. വടക്കുകിഴക്കൻ ദിശയിലേക്ക് നീങ്ങുമ്പോൾ ഹംബർട്ടോ വേഗത്തിൽ ശക്തി പ്രാപിക്കുമെന്നും ഈ വാരാന്ത്യത്തിൽ ഉഷ്ണമേഖലാ തെക്കുകിഴക്കൻ അറ്റ്ലാന്റിക്കിന് മുകളിൽ ഒരു ചുഴലിക്കാറ്റായി മാറുമെന്നും പ്രതീക്ഷിക്കുന്നു. അതേസമയം, വ്യാഴാഴ്ച രാത്രി ഗബ്രിയേൽ അസോറസിന് മുകളിലൂടെ നീങ്ങി, ദ്വീപുകളിൽ ചുഴലിക്കാറ്റ് സാഹചര്യം സൃഷ്ടിച്ചു.
