ദുബായിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി വ്യാജവാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ യുഎഇ പബ്ലിക് പ്രൊസിക്യൂഷൻ അന്വേഷണം ശക്തമാക്കി. വാർത്ത പിൻവലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തെങ്കിലും, രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അറ്റോർണി ജനറൽ വ്യക്തമാക്കി.
അബുദാബി: സെൻട്രൽ ദുബായിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി വ്യാജവാർത്ത ചമയ്ക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുഎഇ പബ്ലിക് പ്രൊസിക്യൂഷൻ അന്വേഷണം ശക്തമാക്കി. തീർത്തും തെറ്റായതും വസ്തുതാവിരുദ്ധവുമായ വിവരങ്ങളാണ് വാർത്തയിലുണ്ടായിരുന്നതെന്ന് യുഎഇ അറ്റോർണി ജനറൽ കൗൺസിലർ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി വ്യക്തമാക്കി.
മേഖലയിൽ നിലവിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങളിൽ പരിഭ്രാന്തി പരത്തുന്ന ഇത്തരം വാർത്തകൾ ഗൗരവത്തോടെയാണ് രാജ്യം കാണുന്നത്. വ്യാജവാർത്ത നൽകിയ റിപ്പോർട്ടറുടെ മൊഴി പബ്ലിക് പ്രോസിക്യൂഷൻ രേഖപ്പെടുത്തി. കൂടാതെ, ഈ വാർത്ത തയ്യാറാക്കാനും അത് അംഗീകരിക്കാനും, തുടർന്ന് പ്രസിദ്ധീകരിക്കാനും നേതൃത്വം നൽകിയ വാർത്താ ഏജൻസിയിലെ ഉത്തരവാദികളായ മുഴുവൻ പേരെയും പ്രോസിക്യൂഷൻ വിളിപ്പിച്ചു.
വാർത്ത നൽകുന്നതിന് മുൻപ് പാലിക്കേണ്ട നിയമപരവും പ്രൊഫഷണലുമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്നും, വിവരങ്ങൾ കൃത്യമായി പരിശോധിച്ചിട്ടാണോ വാർത്ത പുറത്തുവിട്ടത് എന്നും അധികൃതർ പരിശോധിച്ചുവരികയാണ്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും.
‘വാർത്താ ഏജൻസി പിന്നീട് ആ വാർത്ത പിൻവലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, വാർത്ത പിൻവലിച്ചതുകൊണ്ടോ മാപ്പ് ചോദിച്ചതുകൊണ്ടോ മാത്രം അന്വേഷണം അവസാനിക്കില്ല’-ഡോ. ഹമദ് സെയ്ഫ് അൽ ഷംസി (യുഎഇ അറ്റോർണി ജനറൽ) പറഞ്ഞു. അന്വേഷണത്തിനൊടുവിൽ നിയമലംഘനം വ്യക്തമായാൽ രാജ്യത്തെ സൈബർ-മാധ്യമ നിയമങ്ങൾ അനുസരിച്ച് ബന്ധപ്പെട്ടവർക്കെതിരെ കൃത്യമായ ശിക്ഷാ നടപടികൾ ഉണ്ടാകുമെന്നും അറ്റോർണി ജനറൽ വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയെയും സമാധാനത്തെയും ബാധിക്കുന്ന തരത്തിലുള്ള വ്യാജവാർത്തകൾക്കെതിരെ യുഎഇ മുൻപും കർശന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.


