അൽ മിൻഹദ് വ്യോമതാവളം ആക്രമിച്ചെന്ന ഇറാന്‍റെ അവകാശവാദം യുഎഇ തള്ളി. എന്നാൽ, രാജ്യത്തിന്റെ സമുദ്രാതിർത്തിയിൽ പ്രവേശിച്ച ഒരു ഇറാനിയൻ ഡ്രോൺ പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഏത് ഭീഷണിയെയും നേരിടാൻ സജ്ജമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
അബുദാബി: ദുബായിലെ അൽ മിൻഹദ് വ്യോമതാവളം ആക്രമിച്ചെന്ന ഇറാന്‍റെ അവകാശവാദം തള്ളി യുഎഇ അധികൃതർ. അൽ മിൻഹദ് വ്യോമതാവളം ആക്രമിക്കപ്പെട്ടിട്ടില്ലെന്നും പ്രചരിക്കുന്നത് തെറ്റായ റിപ്പോര്‍ട്ടുകളെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം യുഎഇ ലക്ഷ്യമിട്ട് ഇറാന്‍റെ ഡ്രോൺ ആക്രമണം ഉണ്ടായി. ഡ്രോൺ സമുദ്രാതിർത്തിയിൽ പ്രതിരോധിച്ചുവെന്ന് മന്ത്രാലയം അറിയിച്ചു.
യുഎഇയുടെ പ്രാദേശിക സമുദ്രാതിർത്തിക്ക് മുകളിൽ പ്രവേശിച്ച ഇറാനിയൻ ഡ്രോൺ എയർ ഡിഫൻസ് സേന വിജയകരമായി പ്രതിരോധിക്കുകയായിരുന്നു. സംഭവം യുഎഇ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാജ്യത്തിനെതിരെയുള്ള ഏത് തരത്തിലുള്ള ഭീഷണികളെയും ശക്തമായി നേരിടാൻ യുഎഇ സായുധ സേന പൂർണ സജ്ജമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ വ്യോമാതിർത്തിയിൽ 24 മണിക്കൂറും എയർ ഡിഫൻസ് സിസ്റ്റം കൃത്യമായ നിരീക്ഷണവും പരിശോധനയും തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗിക സർക്കാർ സ്രോതസ്സുകളിൽ നിന്ന് മാത്രം സ്വീകരിക്കണമെന്നും വ്യാജ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും പൊതുജനങ്ങളോട് പ്രതിരോധ മന്ത്രാലയം അഭ്യർത്ഥിച്ചു.
ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇറാൻ അമേരിക്ക സംഘർഷം രൂക്ഷമാകുകയാണ്. ലാറക്ക് ദ്വീപിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു. ജോർദാനിലെ രണ്ട് അമേരിക്കൻ താവളങ്ങളിൽ ഇറാൻ പ്രത്യാക്രമണം നടത്തി. ഹോർമൂസിൽ തങ്ങളുടെ നിയന്ത്രണം മറികടന്ന കൂറ്റൻ ടാങ്കറിന് തീ പിടിച്ചതായി ഇറാൻ അവകാശപ്പെട്ടു.


