യുഎഇയുടെ ചരിത്രപരമായ ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസിന് വൻ സ്വീകാര്യത. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് രണ്ട് ദിവസത്തിനുള്ളിൽ 5,000-ത്തിലധികം പേർ ബുക്ക് ചെയ്തു. ജൂൺ 30-ന് ആരംഭിക്കുന്ന അബുദാബി - ഫുജൈറ സർവീസിന്റെ ടിക്കറ്റ് നിരക്കുകളും ക്ലാസുകളും പ്രഖ്യാപിച്ചു.
ദുബായ്: യുഎഇയുടെ ചരിത്രപരമായ ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് വെറും രണ്ട് ദിവസത്തിനുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്തത് 5,000-ത്തിലധികം യാത്രക്കാർ. ബുക്കിംഗ് ആരംഭിച്ചതോടെ യുഎഇയിൽ ഏറ്റവും കൂടുതൽ ആളുകൾ ഡൗൺലോഡ് ചെയ്ത സൗജന്യ മൊബൈൽ ആപ്ലിക്കേഷനായി 'ഇത്തിഹാദ് റെയിൽ' മാറിയിരിക്കുകയാണ്.
ജൂൺ 30-ന് ആരംഭിക്കുന്ന അബുദാബി - ഫുജൈറ ആദ്യഘട്ട സർവീസിന് മുന്നോടിയായാണ് ഈ വൻ ജനത്തിരക്ക്. വരും മാസങ്ങളിൽ കൂടുതൽ എമിറേറ്റുകളിലേക്ക് സർവീസ് വ്യാപിപ്പിക്കും. സെപ്റ്റംബർ 30 മുതൽ അബുദാബി, ദുബായ്, അൽ ദൈദ്, ഫുജൈറ എന്നിവയെ ബന്ധിപ്പിച്ചുള്ള സർവീസുകൾ ആരംഭിക്കും. തുടർന്നുള്ള ഘട്ടങ്ങളിൽ അൽ ദഫ്ര, ഷാർജ സ്റ്റേഷനുകളും സജീവമാകും.
യുഎഇയുടെ 'പ്രൊജക്ട്സ് ഓഫ് ദി 50' പദ്ധതിയുടെ ഭാഗമായി പാസഞ്ചർ റെയിൽ പ്രഖ്യാപിച്ച് അഞ്ച് വർഷം തികയും മുൻപാണ് ഈ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാകുന്നത്. യാത്രക്കാർക്ക് ഇത്തിഹാദ് റെയിൽ ആപ്പ് വഴിയും വെബ്‌സൈറ്റ് വഴിയും ടിക്കറ്റുകൾ വാങ്ങാനും സീറ്റുകൾ തിരഞ്ഞെടുക്കാനും ബുക്കിംഗുകൾ നിയന്ത്രിക്കാനും സാധിക്കും.
ടിക്കറ്റ് നിരക്കുകൾ
അബുദാബി - ഫുജൈറ റൂട്ടിലെ പ്രാരംഭ യാത്രാ നിരക്കുകൾ ഇതിഹാദ് റെയിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. രണ്ട് ക്ലാസുകളിലായാണ് യാത്ര ഒരുക്കിയിരിക്കുന്നത്:
കംഫർട്ട് ക്ലാസ്: ടിക്കറ്റ് നിരക്ക് 55 ദിർഹം മുതൽ ആരംഭിക്കുന്നു. ഉറപ്പായ സീറ്റ്, വൈ-ഫൈ, എല്ലാ സീറ്റുകളിലും പവർ സോക്കറ്റുകൾ, മികച്ച ലഗേജ് സൗകര്യം എന്നിവ ഇതിൽ ലഭിക്കും.
പ്രീമിയം ക്ലാസ്: ടിക്കറ്റ് നിരക്ക് 120 ദിർഹം മുതൽ ആരംഭിക്കുന്നു. കൂടുതൽ വീതിയേറിയ സീറ്റുകൾ, യാത്രക്കാർക്ക് സൗജന്യ ലഘുഭക്ഷണങ്ങളും പാനീയങ്ങളും എന്നിവയാണ് ഇതിന്റെ പ്രത്യേകത.
മുതിർന്ന പൗരന്മാർ, കുട്ടികൾ, ശിശുക്കൾ എന്നിവർക്കായി പ്രത്യേക ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഗ്രൂപ്പ് ബുക്കിംഗുകൾ, ടൂർ പാക്കേജുകൾ, സ്കൂൾ യാത്രകൾ, കമ്പനി ജീവനക്കാരുടെ യാത്രകൾ എന്നിവയ്ക്കായി പ്രത്യേക കോർഡിനേഷൻ ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്.
എന്തുകൊണ്ട് അബുദാബി - ഫുജൈറ റൂട്ട് ആദ്യം?
പർവ്വതങ്ങളും മണൽക്കാടുകളും നിറഞ്ഞ ഭൂപ്രകൃതിയിലൂടെ കടന്നുപോകുന്ന ഏറ്റവും സങ്കീർണ്ണമായ റൂട്ടായതിനാലാണ് ആദ്യഘട്ട പരീക്ഷണ സർവീസിനായി അബുദാബി - ഫുജൈറ റൂട്ട് തിരഞ്ഞെടുത്തതെന്ന് ഇതിഹാദ് റെയിൽ മൊബിലിറ്റി കൊമേഴ്സ്യൽ എക്സിക്യൂട്ടീവ് ഡയറക്ടർ അദ്ര അൽമൻസൂരി വ്യക്തമാക്കി.
വിനോദസഞ്ചാര ആവശ്യങ്ങൾക്കായി എത്തുന്നവരെ ലക്ഷ്യമിട്ടാണ് ഫുജൈറ റൂട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ ഭാവിയിൽ വരാനിരിക്കുന്ന ദുബായ്, ഷാർജ റൂട്ടുകൾ പ്രധാനമായും ദിവസേന ജോലിക്ക് പോകുന്ന ബിസിനസ്സ് യാത്രക്കാരെ മുന്നിൽക്കണ്ടുള്ളതാണ്. ഈ റൂട്ടുകളിൽ സ്ഥിരം യാത്രക്കാർക്കും വിദ്യാർത്ഥികൾക്കുമായി പ്രത്യേക സീസൺ ടിക്കറ്റുകളും ഇളവുകളും അവതരിപ്പിക്കുമെന്നും അധികൃതർ സൂചന നൽകി. അന്താരാഷ്ട്ര റെയിൽവേ രംഗത്തെ പ്രമുഖരായ 'കിയോലിസ്' കമ്പനിയുമായി ചേർന്നാണ് ഇതിഹാദ് റെയിൽ മൊബിലിറ്റി ഈ സർവീസുകൾ നിയന്ത്രിക്കുന്നത്.


