ജെറുസലേം: യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ മധ്യസ്ഥതയില്‍ യുഎഇയും ഇസ്രായേലും ചരിത്രപരമായ കരാറിലെത്തി. കരാര്‍ പ്രകാരം കൂടുതല്‍ പലസ്തീന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നതും പരമാധികാരം സ്ഥാപിക്കുന്നതും താല്‍ക്കാലികമായി നിര്‍ത്താന്‍ ഇസ്രായേല്‍ സമ്മതിച്ചിട്ടുണ്ടെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങളും യുഎഇയും അറിയിച്ചു. ഇസ്രായേലുമായി നയതന്ത്രബന്ധത്തിനൊരുങ്ങുന്ന ആദ്യ അറബ് രാഷ്ട്രമാണ് യുഎഇ.

49 വര്‍ഷങ്ങള്‍ക്കുശേഷം ഇസ്രായേലിനും യുഎഇയ്ക്കുമിടയില്‍ സമാധാനം ഉണ്ടാവുകയാണ്. യുഎസ്  പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ മധ്യസ്ഥതയില്‍ അബുദാബി കിരീടവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഫോണിലൂടെ നടത്തിയ ചര്‍ച്ചയിലാണ് കരാര്‍ നടപടികള്‍. കരാര്‍ പ്രകാരം കൂടുതല്‍ പലസ്തീന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നതും പരമാധികാരം സ്ഥാപിക്കുന്നതും താല്‍ക്കാലികമായി നിര്‍ത്താന്‍ ഇസ്രായേല്‍ സമ്മതിച്ചിട്ടുണ്ടെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങളും യുഎഇയും അറിയിച്ചു. 

യുഎഇയും ഇസ്രായേലും പരസ്പര ഉഭയകക്ഷി സഹകരണത്തിനും ധാരണയായിട്ടുണ്ട്. ഊർജം, ടൂറിസം, നേരിട്ടുള്ള വിമാന സർവീസുകൾ, നിക്ഷേപം, സുരക്ഷ, വിവര സാങ്കേതിക വിദ്യ എന്നിങ്ങനെ വിവധ മേഖലകളുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും വരും ആഴ്ചയിൽ കരാർ ഒപ്പിടുമെന്ന് യുഎഇ വിദേശകാര്യ മന്ത്രി അറിയിച്ചു. 

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിൽ ആക്കുന്നതിനായി ധാരണയിലെത്തിയതായി യുഎഇ കിരീടാവകാശി ഷെയ്ക് മുഹമ്മദ് ബിൻ സയിദ് അറിയിച്ചു. പലസ്തീൻ പ്രദേശങ്ങൾ കയ്യടക്കുന്നത് അവസാനിപ്പിക്കുമെന്നും ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്. ചരിത്ര നിമിഷമെന്നാണ് ഇരു രാജ്യങ്ങളുടെയും തീരുമാനത്തെ സ്വീകരിച്ചുകൊണ്ട് ട്രംപ് ട്വീറ്റ് ചെയ്തത്.