ബഹ്‌റൈനും കുവൈത്തിനും നേരെ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ യുഎഇ ശക്തമായി അപലപിച്ചു. ഇരു രാജ്യങ്ങൾക്കും പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച യുഎഇ, ഇത് രാജ്യങ്ങളുടെ പരമാധികാരത്തിന്‍റെ നഗ്നമായ ലംഘനമാണെന്ന് വ്യക്തമാക്കി. ആക്രമണത്തെ തുടർന്ന് കുവൈത്ത് വ്യോമപാത അടയ്ക്കുകയും മിസൈലുകൾ വിജയകരമായി തകർക്കുകയും ചെയ്തിരുന്നു.

അബുദാബി: ബഹ്‌റൈനും കുവൈത്തിനും നേരെ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ച് യുഎഇ. സമീപകാലത്ത് ഗൾഫ് മേഖല സാക്ഷ്യം വഹിച്ച ഏറ്റവും ഗുരുതരമായ സുരക്ഷാ പ്രതിസന്ധികളിലൊന്നാണിത്. ഇരു രാജ്യങ്ങൾക്കും യുഎഇ തങ്ങളുടെ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും ആവർത്തിച്ച് പ്രഖ്യാപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശനിയാഴ്ച വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ രണ്ട് പ്രത്യേക പ്രസ്താവനകളിലാണ് ഈ ആക്രമണങ്ങളെ യുഎഇ കടുത്ത ഭാഷയിൽ അപലപിച്ചത്. ബഹ്‌റൈന്‍റെയും കുവൈത്തിന്‍റെയും പരമാധികാരത്തിന്‍റെ നഗ്നമായ ലംഘനമാണ് ആക്രമണമെന്നും ഇരു രാജ്യങ്ങളുടെയും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇരു രാജ്യങ്ങളുടെയും സുരക്ഷയും സ്ഥിരതയും, അവിടെയുള്ള പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷിതത്വവും ഉറപ്പാക്കാൻ ബഹ്‌റൈനും കുവൈത്തും സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും യുഎഇയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

ശനിയാഴ്ച പുലർച്ചെയോടെയാണ് ഗൾഫ് മേഖലയെ ആശങ്കയിലാഴ്ത്തിയുള്ള ആക്രമണങ്ങൾ ഉണ്ടായത്. ബഹ്‌റൈനിൽ അടിയന്തര സൈറണുകൾ മുഴങ്ങുകയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ താമസക്കാർക്ക് അധികൃതർ നിർദേശം നൽകുകയും ചെയ്തിരുന്നു. അതേസമയം കുവൈത്ത് തങ്ങളുടെ വ്യോമപാത താൽക്കാലികമായി അടച്ചിടുകയും ചെയ്തു. കുവൈത്തിന്‍റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ശത്രുക്കളുടെ മിസൈലുകളും ഡ്രോണുകളും വിജയകരമായി തകർത്തതായി അധികൃതർ പിന്നീട് സ്ഥിരീകരിച്ചു.

വ്യോമ പ്രതിരോധ സംവിധാനം തകർത്ത മിസൈലുകളുടെ അവശിഷ്ടങ്ങൾ വീണതിനെ തുടർന്നുണ്ടായ അടിയന്തര സാഹചര്യങ്ങൾ കുവൈത്ത് സുരക്ഷാസേന കൈകാര്യം ചെയ്തു. മുൻകരുതലിന്‍റെ ഭാഗമായി വിമാന സർവീസുകൾ മറ്റ് ഭാഗങ്ങളിലേക്ക് തിരിച്ചുവിട്ട ശേഷമാണ് പിന്നീട് വ്യോമപാത തുറന്നു നൽകിയത്. ഹോർമുസ് കടലിടുക്കിലും പരിസര പ്രദേശങ്ങളിലും അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന കനത്ത തർക്കങ്ങളുടെ തുടർച്ചയായാണ് ഈ ആക്രമണം ഉണ്ടായത്. ഇറാനിലെ റഡാർ സംവിധാനങ്ങൾക്ക് നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഭീഷണികളെ പ്രതിരോധിക്കാൻ മേഖലയിലെ വ്യോമ പ്രതിരോധ സംവിധാനങ്ങളെല്ലാം അതീവ ജാഗ്രതയിലാണ്.