പറക്കും തളികകൾ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന നിരവധി ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ന്യൂയോർക്ക്: ഭൂമിയിൽ അന്യഗ്രഹ ജീവികളുടെയും പറക്കും തളികകളുടെയും സാന്നിധ്യം വീണ്ടും ചർച്ചയാകുന്നു. മുമ്പ് ഉണ്ടായ സംഭവങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ പല രാജ്യങ്ങളിൽ നിന്നാണ് പറക്കും തളികകളുമായി ബന്ധപ്പെട്ട അവകാശവാദങ്ങൾ പുറത്തുവരുന്നത്. ചൈനയിലും ഫ്രാൻസിലും അമേരിക്കയിലും പറക്കും തളികകൾ കണ്ടതായാണ് റിപ്പോർട്ട്. പറക്കും തളികകൾ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അമേരിക്കയിലെ ന്യൂജേഴ്സിയിലാണ് അടുത്തിടെ പറക്കും തളിക കണ്ടെത്തിയെന്ന് പറയപ്പെടുന്നത്. മോറിസ്ടൗണിൽ മരങ്ങൾക്ക് മുകളിലായി ഡ്രോണിന് സമാനമായ ഒരു വസ്തു വട്ടമിട്ട് പറക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കിടെ, സമാനമായ നിരവധി ദൃശ്യങ്ങൾ പ്രദേശവാസികളിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും പുറത്തുവന്നിരുന്നു.
ലാറ്റ്വിയയിലും പറക്കും തളിക പോലെയുള്ള ഒരു വസ്തുവിനെ കണ്ടെത്തിയിരുന്നു. അപ്രത്യക്ഷമാകുന്നതിന് മുമ്പ് അത് കുറച്ച് നേരം ആകാശത്ത് നിശ്ചലമായി നിന്നെന്നാണ് റിപ്പോർട്ട്. ചൈനയിലും ഫ്രാൻസിലും നിഗൂഢമായ ചില വസ്തുക്കൾ ആകാശത്ത് വട്ടമിട്ടതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. 24 മണിക്കൂറിനുള്ളിൽ വ്യത്യസ്ത രാജ്യങ്ങളിൽ പറക്കും തളികകൾ കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത് ജനങ്ങളിൽ ആശങ്കയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
READ MORE: ബഹിരാകാശ മേഖലയിൽ പുതിയ ചരിത്രം കുറിച്ച് ഒമാൻ; ആദ്യ പരീക്ഷണാത്മക റോക്കറ്റ് വിക്ഷേപണം വിജയകരം
