തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ എഫ്-35ബി സ്റ്റെൽത്ത് യുദ്ധവിമാനം 19 ദിവസത്തിന് ശേഷവും അറ്റകുറ്റപ്പണികൾ പൂർത്തിയായില്ല. 

ലണ്ടൻ: ടൂറിസം വകുപ്പ് പരസ്യത്തിൽ പറയുന്നതുപോലെ കേരളത്തിൽ നിന്ന് പോകാൻ മടിക്കുന്ന എഫ്35 യുദ്ധ വിമാനത്തെ തൂക്കിയെടുത്ത് കൊണ്ടുപോകാൻ യുകെ ശ്രമം. സംഭവം തമാശയല്ല, സ്റ്റെൽത്ത് യുദ്ധവിമാനം എയര്‍ ലിഫ്റ്റ് ചെയ്യാൻ നീക്കം. എം-17 ഗ്ലോബ്മാസ്റ്റർ ട്രാൻസ്പോർട്ട് വിമാനത്തിൽ എയർലിഫ്റ്റ് ചെയ്യാനുള്ള സാധ്യതകളാണ് യുകെ പരിശോധിക്കുന്നത്. ജൂൺ 15-ന് അപ്രതീക്ഷിതമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയതായിരുന്നു ബ്രിട്ടന്റെ എഫ്-35B സ്റ്റെൽത്ത് യുദ്ധവിമാനം. 19 ദിവസത്തിന് ശേഷവും അറ്റകുറ്റപ്പണികൾ നടത്താനുള്ള ശ്രമങ്ങൾ വിജയിക്കാത്ത സാഹചര്യത്തിലാണ് യുകെയുടെ അസാധാരണ നീക്കം. ഇത്തരം യുദ്ധവിമാനങ്ങളെ സംബന്ധിച്ചിടത്തോളം ഇത് അപൂർവമായ നീക്കമാണ്.

ലോക്ക്ഹീഡ് മാർട്ടിൻ നിർമ്മിച്ച അഞ്ചാം തലമുറ വിമാനത്തിന്റെ ഹ്രസ്വ ടേക്ക്-ഓഫ് വെർട്ടിക്കൽ ലാൻഡിംഗ് (STOVL) പതിപ്പാണ് എഫ്-35ബി. ഇൻഡോ-പസഫിക്കിൽ വിന്യസിച്ചിട്ടുള്ള റോയൽ നേവിയുടെ മുൻനിര വിമാനവാഹിനിക്കപ്പലായ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസിലേക്ക് മടങ്ങാൻ കഴിയാതെ വന്നതോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് യുദ്ധവിമാനം വഴിതിരിച്ചുവിട്ടത്. മോശം കാലാവസ്ഥയെ തുടർന്നാണ് അടിയന്തരമായി വിമാനം വഴിതിരിച്ചുവിട്ടതെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷൻ കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചിരുന്നു.

വിമാനവാഹിനിക്കപ്പലിൽ സുരക്ഷിതമായി ഇറങ്ങാൻ സാധിക്കാത്തതിനാലായിരുന്നു ഈ നീക്കം. ജൂൺ 15-ന് പൈലറ്റ് വിമാനം തിരുവനന്തപുരത്ത് സുരക്ഷിതമായി ഇറക്കി. എന്നാൽ ലാൻഡ് ചെയ്തതിന് ശേഷം വിമാനത്തിന് ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായെന്നും അത് പറക്കാൻ കഴിയാത്ത അവസ്ഥയിലാക്കിയെന്നും യുകെ അധികൃതർ പ്രസ്താവനയിൽ അറിയിക്കുകയായിരുന്നു. പ്രാഥമിക പരിശോധനകൾ നടത്തി പ്രശ്നത്തിന് പരിഹാരം കാണാൻ കഴിഞ്ഞില്ല. തുടർന്നുള്ള ശ്രമങ്ങളും പരാജയപ്പെട്ടതായി അടുത്ത വൃത്തങ്ങൾ സ്ഥിരീകരിക്കുന്നു.

റോയൽ നേവി യുകെയിൽ നിന്ന് പ്രത്യേക എഞ്ചിനീയർമാരുടെ ഒരു സംഘത്തെ അയച്ചിരുന്നു. ഇവർ അത്യാധുനിക ഡയഗ്നോസ്റ്റിക്, റിപ്പയർ ഉപകരണങ്ങളുമായാണ് എത്തിയത്. അതേസമയം, ഇന്ത്യൻ വ്യോമസേനയുമായി ഏകോപിപ്പിച്ച് വിമാനത്തെ വിമാനത്താവളത്തില മെയിന്റനൻസ് ഹാങ്ങറിലേക്ക് മാറ്റാൻ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകൾ പറയുന്നു. വിമാനം അറ്റകുറ്റപ്പണി നടത്താൻ എത്ര സമയമെടുക്കുമെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെങ്കിലും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങൾക്ക് തടസമുണ്ടാക്കാതിരിക്കാൻ ശ്രമിക്കുന്നതായും ഹൈക്കമ്മീഷൻ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിമാനം എയര്‍ ലിഫ്റ്റ് ചെയ്യാനുള്ള ആലോചനകളും നടക്കുന്നതായി എൻഡിടിവി റിപ്പോര്‍ട്ടിൽ പറയുന്നത്.

സൈനിക വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലതും ചെലവേറിയതുമായ ആയുധ വികസന പദ്ധതിയാണ് എഫ്-35 യുദ്ധവിമാന പദ്ധതി. ആഗോളതലത്തിൽ, വിവിധ സേവനങ്ങളിലും യുദ്ധരംഗങ്ങളിലും 800,000 മണിക്കൂറിലധികം ഫ്ലൈയിങ് സമയമുള്ളവയാണ് എഫ് 35 വിമാനങ്ങൾ. ഇസ്രായേൽ തങ്ങളുടെ എഫ് 35 എ വിമാനങ്ങൾ സിറിയയിലും ഇറാനെതിരെയുള്ള ആക്രമണങ്ങളിലും കൃത്യമായ ആക്രമണങ്ങൾക്ക് ഉപയോഗിച്ചവയാണ്.