ആരാധനാലയങ്ങളില്‍ പുരുഷന്റെയോ സ്ത്രീയുടെ വിഭാഗത്തിലേക്ക് നിങ്ങൾ ട്രാൻസ് മനുഷ്യരെ പ്രവേശിക്കുമോ എന്നായിരുന്നു ടൗസിയുടെ ചോദ്യം.
ലണ്ടൻ: 2010 ലെ സമത്വ നിയമത്തിൽ സ്ത്രീയെ നിർവചിക്കുന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ എക്സിൽ പോസ്റ്റിട്ട ലേബർ പാർട്ടി എംപി അപ്സാന ബീഗത്തോട് മറുചോദ്യവുമായി യൂട്യൂബർ മഹ്യാർ തൗസി. സമൂഹത്തിലെ എല്ലാവരും തുല്യരാണെന്ന് ഉറപ്പാക്കാൻ ട്രാൻസ് കമ്മ്യൂണിറ്റിയെ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും ട്രാൻസ് ആളുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലും ഇന്നത്തെ കോടതി വിധിയുടെ പശ്ചാത്തലത്തിലും മുമ്പെന്നത്തേക്കാളും കൂടുതൽ അന്തസ്സും സുരക്ഷയും നൽകണമെന്നായിരുന്നു അപ്സാനയുടെ ട്വീറ്റ്. എന്നാൽ യൂട്യൂബറായ ടൗസി മറുചോദ്യവുമായി രംഗത്തെത്തി. ആരാധനാലയങ്ങളില്‍ പുരുഷന്റെയോ സ്ത്രീയുടെ വിഭാഗത്തിലേക്ക് നിങ്ങൾ ട്രാൻസ് മനുഷ്യരെ പ്രവേശിക്കുമോ എന്നായിരുന്നു ടൗസിയുടെ ചോദ്യം. തുടർന്ന് സോഷ്യൽമീഡിയയിൽ ഇത് സംബന്ധിച്ച ചർച്ച നടന്നു.
കഴിഞ്ഞ ദിവസമാണ്, ജനന സമയത്തെ ലിംഗഭേദം അനുസരിച്ച് സ്ത്രീക്ക് നിർവചനവുമായി ബ്രിട്ടനിലെ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. ബ്രിട്ടനിലെ തുല്യതാ നിയമപ്രകാരം സ്ത്രീയെ അവരുടെ ജനനസമയത്തെ ലിംഗഭേദം അനുസരിച്ചാണ് നിർവചിക്കുകയെന്ന് ജഡ്ജിമാർ ഏകകണ്ഠമായി വിധിച്ചു. സ്കോട്ട്ലൻഡ്, ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളിൽ ലിംഗാധിഷ്ഠിത അവകാശ തർക്കത്തിലുണ്ടായിരുന്ന ദീർഘകാല നിയമപോരാട്ടത്തിന്റെ പരിസമാപ്തിയായിരുന്നു കോടതി വിധി. സ്ത്രീകളായി ജനിച്ചവർക്ക് മാത്രമേ ലിംഗാധിഷ്ഠിത സംരക്ഷണം ബാധകമാക്കാവൂ എന്നാവശ്യപ്പെട്ട് കേസ് ഫയൽ ചെയ്ത ഫോർ വിമൻ സ്കോട്ട്ലൻഡ് എന്ന കാമ്പയിൻ ഗ്രൂപ്പിന്റെ വാദത്തെ കോടതി അംഗീകരിച്ചു. എന്നാൽ, ഒരു വിഭാഗത്തിന്റെ വിജയമായി വിധിയെ കാണരുതെന്ന് ജഡ്ജി ലോർഡ് ഹോഡ്ജ് പറഞ്ഞു. ട്രാൻസ്‌ജെൻഡർ ആളുകൾക്ക് വിവേചനത്തിനെതിരെ നിയമം ഇപ്പോഴും സംരക്ഷണം നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജനനത്തിന് ശേഷം ലിംഗഭേദം വരുത്തി സ്ത്രീയായി മാറി, തിരിച്ചറിയൽ സർട്ടിഫിക്കറ്റ് നേടിയ ആരെയും സമത്വ നിയമപ്രകാരം സ്ത്രീകളായി നിർവചിക്കാമെന്നായിരുന്നു സ്കോട്ടിഷ് സർക്കാറിന്റെ വാദം. എന്നാൽ, ജനനസമയത്തെ ലിംഗഭേദം മാറ്റാനാവാത്തതാണെന്നും അതുകൊണ്ട് തന്നെ കൂടുതൽ പ്രാധാന്യമുണ്ടെന്നും എഫ്‌ഡബ്ല്യുഎസ് വാദിച്ചു. സ്ത്രീയായി ജനിച്ച വ്യക്തികളുടെ അതേ നിയമപരമായ സംരക്ഷണം ട്രാൻസ് സ്ത്രീകൾക്ക് ഉണ്ടാകരുതെന്നും സംഘടന കോടതിയിൽ വ്യക്തമാക്കി. പൊതുമേഖലകളിൽ കൂടുതൽ സ്ത്രീകളെ നിയമിക്കാൻ ഉദ്ദേശിച്ചുള്ള 2018 ലെ സ്കോട്ടിഷ് നിയമനിർമ്മാണത്തിനെതിരെയാണ് നിയമപോരാട്ടം ആരംഭിച്ചത്. തുടർന്ന് നവംബറിൽ സുപ്രീം കോടതിയെ സമീപിച്ചു.
സ്ത്രീ എന്നതിന്റെ നിയമപരമായ നിർവചനം ജൈവിക ലൈംഗികതയെ (ബയോളജിക്കൽ സെക്സ്- ഒരു വ്യക്തിയുടെ ക്രോമസോമുകൾ, പ്രത്യുത്പാദന അവയവങ്ങൾ, മറ്റ് സവിശേഷതകൾ എന്നിവയെ അടിസ്ഥാനമാക്കി സ്ത്രീയോ പുരുഷനോ എന്ന് പരിഗണിക്കുക) അടിസ്ഥാനമാക്കിയുള്ളതാണെന്ന് വാദത്തെ അഞ്ച് ജഡ്ജിമാരും പിന്തുണച്ചു.
