യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർഥികൾ  സ്മാർട്ട് വാച്ച് പോലുള്ള അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്  പി‌എസ്‌സി പരീക്ഷാത്തട്ടിപ്പ് നടത്തിയിട്ട്, അതൊഴിവാക്കാനുള്ള യാതൊരു തീരുമാനവും സർക്കാരിന്റെയോ പി‌എസ്‌സിയുടെയോ ഭാഗത്തുനിന്നുണ്ടായിട്ടില്ല. എന്നാൽ, യുകെയിൽ നടക്കുന്ന പരീക്ഷകളിൽ ചെറിയതോതിൽ തട്ടിപ്പുകൾ നടക്കുന്നുണ്ട് എന്ന പരാതി ഉയർന്നപ്പോൾ അത് അന്വേഷിക്കാൻ നിയമിച്ച കമ്മിറ്റി ഇതാ നിർണ്ണായകമായ പുതിയ നിർദ്ദേശവുമായി എത്തിയിരിക്കുകയാണ് -  
പരീക്ഷാ ഹാളുകളിൽ വാച്ചുകൾ കയറ്റരുത്..!

ഇന്റർനെറ്റ് കണക്റ്റിവിറ്റിയുള്ള സ്മാർട്ട് വാച്ചുകൾ  യുകെയിലെ പരീക്ഷാ ഹാളുകളിൽ നിരോധിച്ചുകഴിഞ്ഞിട്ട് കാലം കുറെയായി. എന്നാൽ ഈ സ്മാർട്ട് വാച്ചുകളും സാധാരണ വാച്ചുകളും തമ്മിൽ ഒറ്റനോട്ടത്തിൽ വേർതിരിച്ചറിയാൻ കഴിയുന്നില്ല എന്ന പരാതി ഉയർന്നിരുന്നു. അതാണ് പൊതുപരീക്ഷാ ഹാളുകളിൽ  വാച്ചുകൾ അപ്പാടെ നിരോധിക്കാൻ കമ്മിറ്റിയെ പ്രേരിപ്പിച്ചിരിക്കുന്നത് എന്ന് കമ്മിറ്റി ചെയർമാൻ സർ ജോൺ ഡൺഫോർഡ് ബിബിസിയോട് പറഞ്ഞു. 

'ദി ഇൻഡിപെൻഡന്റ് കമ്മീഷൻ ഓൺ എക്‌സാമിനേഷൻ മാൽപ്രാക്ടീസസ്'  എന്നപേരിൽ ഒരു കമ്മിറ്റി അടുത്തിടെയാണ് പരീക്ഷാ തട്ടിപ്പുകളെക്കുറിച്ചുള്ള പരാതിയിന്മേൽ അന്വേഷണം നടത്തുന്നതിനായി രാജ്യത്ത് നിയമിതമായത്. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വടക്ക് അയർലൻഡ്, വെയിൽസ് എന്നിവിടങ്ങളിലാണ് സമിതി പരിശോധനകൾ നടത്തിയത്. കമ്മിറ്റിയുടെ ശ്രദ്ധയിൽ പെട്ട തട്ടിപ്പുകൾ താരതമ്യേന ഗൗരവം കുറഞ്ഞതാണെങ്കിലും, അതു പോലും ഒഴിവാക്കപ്പെടേണ്ടവയാണ് എന്ന് ചെയർമാൻ നിരീക്ഷിച്ചു.

സാധാരണവാച്ചുകളെപ്പോലെ തന്നെയുള്ള സ്മാർട്ട് വാച്ചുകൾ ഒരു ബട്ടൺ അമർത്തുമ്പോഴാണത്രെ രൂപം മാറി സ്മാർട്ട് വാച്ചായി മാറുന്നത്. അതുകൊണ്ടുതന്നെ ഇൻവിജിലേറ്റർമാരായി വരുന്ന അധ്യാപകർക്ക് അത്രയെളുപ്പം ഇത് കണ്ടാൽ തിരിച്ചറിയാറില്ല. അപ്പോൾ പിന്നെ ആകെ അവശേഷിക്കുന്ന ഒരേയൊരു വഴി വാച്ചുകൾ പാടെ നിരോധിക്കുകയാണ് എന്ന് അന്വേഷണ സമിതി ചെയർമാൻ സർ ജോൺ ഡൺഫോർഡ് പറയുന്നു. പുതിയ സ്മാർട്ട് ഡിവൈസുകൾ വന്ന ശേഷം, കുട്ടികൾ തട്ടിപ്പിനായി കൃത്രിമ നഖങ്ങൾ പോലെയുള്ള പുത്തൻ സംവിധാനങ്ങൾ ഉപയോഗിച്ച കേസുകളുണ്ട് യുകെയിൽ. ടോയ്‌ലെറ്റുകളിൽ ഇത്തരം ഉപകരണങ്ങൾ ഒളിപ്പിക്കുന്നതുകൊണ്ട്, പരീക്ഷ തുടങ്ങിയ ശേഷം  ഇലക്ട്രോണിക് ഉത്പന്നങ്ങൾക്കായി അവിടെ പരിശോധനകൾ  നടത്തുന്നതിനും സമിതി നിർദ്ദേശം നല്കിയിട്ടുണ്ട്.