മൂന്നാഴ്ചയോളമായി തിരുവനന്തപുരം വിമാനത്താവളത്തിൽ തകരാറിലായ ബ്രിട്ടീഷ് എഫ്-35 ഫൈറ്റർ ജെറ്റ് പരിശോധിക്കാൻ ബ്രിട്ടീഷ് എഞ്ചിനീയർമാരുടെ സംഘം എത്തും. 

തിരുവനന്തപുരം: മൂന്നാഴ്ചയോളമായി തിരുവനന്തപുരം വിമാനത്താവളത്തിൽ തകരാറായി കിടക്കുന്ന ബ്രിട്ടീഷ് എഫ്-35 ഫൈറ്റർ ജെറ്റ് പരിശോധിക്കാൻ ഏകദേശം 25 പേരടങ്ങുന്ന ബ്രിട്ടീഷ് വ്യോമയാന എഞ്ചിനീയർമാരുടെ സംഘം നാളെ തിരുവനന്തപുരത്ത് എത്തും. എഫ്-35-ലെ തകരാർ എഞ്ചിനീയർമാർ വിലയിരുത്തും. ഇന്ത്യയിൽ വെച്ച് വിമാനം നന്നാക്കാൻ കഴിയുമോ അതോ ബ്രിട്ടനിലേക്ക് കൊണ്ടുപോകേണ്ടി വരുമോ എന്നതില്‍ ഇവർ ഒരു തീരുമാനം എടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് റോയൽ നേവിയുടെ എഫ്-35 വിമാനം ഏറ്റവും അടുത്തുള്ള എംആർഒ (Maintenance, Repair and Operations) കേന്ദ്രത്തിൽ നന്നാക്കാൻ ഇന്ത്യ സഹായം വാഗ്ദാനം ചെയ്തിരുന്നു.

നേരത്തെ, എഫ്-35 ഭാഗികമായി അഴിച്ചുമാറ്റി ഒരു ട്രാൻസ്പോർട്ട് വിമാനത്തിൽ ബ്രിട്ടനിലേക്ക് കൊണ്ടുപോകുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. യുദ്ധവിമാനം നന്നാക്കാനുള്ള നിരവധി ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. ബ്രിട്ടീഷ് റോയൽ നേവിയുടെ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിന്‍റെ ഭാഗമായ ബ്രിട്ടീഷ് എഫ്-35ബി, ജൂൺ 14ന് കേരള തീരത്തുനിന്ന് 100 നോട്ടിക്കൽ മൈൽ അകലെ വെച്ച് ഓപ്പറേഷൻസ് നടത്തുകയായിരുന്നു. ഈ സമയം പ്രതികൂല കാലാവസ്ഥയും കുറഞ്ഞ ഇന്ധനവും കാരണം തിരുവനന്തപുരത്ത് അടിയന്തര ലാൻഡിംഗ് നടത്താൻ നിർബന്ധിതരാകുകയായിരുന്നു.

ഇന്ത്യൻ വ്യോമസേന സുരക്ഷിതമായ ലാൻഡിംഗിന് സൗകര്യമൊരുക്കുകയും ഇന്ധനം നിറയ്ക്കാനും ലോജിസ്റ്റിക് പിന്തുണയും നൽകുകയും ചെയ്തു. എന്നാൽ, യുദ്ധവിമാനം കാരിയറിലേക്ക് മടങ്ങാൻ ഒരുങ്ങുമ്പോൾ, ടേക്ക് ഓഫിന് മുമ്പുള്ള പരിശോധനകളിൽ ഒരു ഹൈഡ്രോളിക് തകരാർ കണ്ടെത്തുകയായിരുന്നു. വിമാനത്തിന്‍റെ സുരക്ഷിതമായ ടേക്ക് ഓഫും ലാൻഡിംഗും ഇത് ബാധിക്കുമെന്നതിനാൽ ഈ പ്രശ്നം ഗൗരവകരമായി കണക്കാക്കപ്പെടുന്നു. മൂന്ന് സാങ്കേതിക വിദഗ്ധർ ഉൾപ്പെടെയുള്ള ഒരു ചെറിയ റോയൽ നേവി ടീം തകരാർ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും പ്രശ്നത്തിന്റെ സങ്കീർണ്ണത കാരണം വിജയിച്ചില്ല.

വിമാനത്താവളത്തിലെ ബേ 4ൽ സിഐഎസ്എഫ് സംരക്ഷണത്തിലാണ് ജെറ്റ് നിർത്തിയിട്ടിരിക്കുന്നത്. തുടക്കത്തിൽ, കേരളത്തിലെ മൺസൂൺ മഴ വകവയ്ക്കാതെ, ജെറ്റ് ഹാങ്ങറിലേക്ക് മാറ്റാനുള്ള എയർ ഇന്ത്യയുടെ വാഗ്ദാനം ബ്രിട്ടീഷ് റോയൽ നേവി നിരസിച്ചിരുന്നു. പിന്നീട്, ബ്രിട്ടീഷ് നേവി ജെറ്റ് ഹാങ്ങറിലേക്ക് മാറ്റാൻ സമ്മതിക്കുകയായിരുന്നു.

സൈനിക വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലതും ചെലവേറിയതുമായ ആയുധ വികസന പദ്ധതിയാണ് എഫ്-35 യുദ്ധവിമാന പദ്ധതി. ആഗോളതലത്തിൽ, വിവിധ സേവനങ്ങളിലും യുദ്ധരംഗങ്ങളിലും 800,000 മണിക്കൂറിലധികം ഫ്ലൈയിങ് സമയമുള്ളവയാണ് എഫ് 35 വിമാനങ്ങൾ. ഇസ്രായേൽ തങ്ങളുടെ എഫ് 35 എ വിമാനങ്ങൾ സിറിയയിലും ഇറാനെതിരെയുള്ള ആക്രമണങ്ങളിലും കൃത്യമായ ആക്രമണങ്ങൾക്ക് ഉപയോഗിച്ചവയാണ്.