ഹണിമൂൺ കഴിഞ്ഞ് അമേരിക്കയിലേക്ക് മടങ്ങിയെത്തിയ പലസ്തീൻ വംശജയായ യുവതിക്ക് 140 ദിവസത്തെ ഇമിഗ്രേഷൻ തടങ്കലിൽ കഴിയേണ്ടി വന്നു. കന്നുകാലിയെപ്പോലെയാണ് തന്നോട് പെരുമാറിയതെന്ന് യുവതി പറഞ്ഞു.

വാഷിംഗ്ടണ്‍: ഹണിമൂൺ കഴിഞ്ഞ് അമേരിക്കയിലേക്ക് മടങ്ങിയെത്തിയ പലസ്തീൻ വംശജയായ യുവതിക്ക് 140 ദിവസത്തെ ഇമിഗ്രേഷൻ തടങ്കലിൽ കഴിയേണ്ടി വന്നതായി റിപ്പോർട്ട്. ടെക്സാസിൽ നിന്നുള്ള വാർഡ് സകീക് (22) തടങ്കലിൽ തനിക്ക് നേരിടേണ്ടി വന്ന ക്രൂരമായ അനുഭവങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. കന്നുകാലിയെപ്പോലെയാണ് തന്നോട് പെരുമാറിയതെന്ന് വാര്‍ഡ് സകീക് പറഞ്ഞു. സൗദി അറേബ്യയിൽ ജനിച്ച വാര്‍ഡ് സകീക്കിന് ഒരു രാജ്യത്തിന്‍റെയും പൗരത്വമില്ല.

ഒരു അമേരിക്കൻ പൗരനെയാണ് ഇവർ വിവാഹം ചെയ്തിരിക്കുന്നത്. ഫെബ്രുവരിയിൽ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മോചിതയായ ശേഷം ആദ്യമായാണ് വാര്‍ഡ് പരസ്യമായി സംസാരിക്കുന്നത്. 'ഞാൻ എന്‍റെ ഭർത്താവുമൊത്ത് ഹണിമൂൺ കഴിഞ്ഞ് മടങ്ങിയെത്തുകയായിരുന്നു. എന്നാൽ, എനിക്ക് ഭക്ഷണവും വെള്ളവും നൽകാതെ 16 മണിക്കൂറോളം വിലങ്ങണിയിക്കുകയും കന്നുകാലികളെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും മാറ്റുകയും ചെയ്തു' - എന്ന് ഡാളസ്-ഫോർട്ട് വർത്തിൽ നടന്ന വൈകാരികമായ വാർത്താ സമ്മേളനത്തിൽ അവര്‍ പറഞ്ഞു.

എട്ടാം വയസ് മുതൽ അമേരിക്കയിൽ താമസിക്കുന്നയാളാണ് വാര്‍ഡ് സകീക്. യുഎസ് പൗരനായ താഹിർ ഷെയ്ക്കിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്. ഗ്രീൻ കാർഡ് അപേക്ഷ തീർപ്പുകൽപ്പിക്കാത്തതിനാൽ അന്താരാഷ്ട്ര യാത്രകളിലെ സങ്കീർണ്ണതകൾ ഒഴിവാക്കാൻ ഹണിമൂണിനായി യുഎസ് വിർജിൻ ദ്വീപുകളാണ് തങ്ങൾ തിരഞ്ഞെടുത്തതെന്ന് വാര്‍ഡ് സകീക് പറഞ്ഞു. ഇത്രയും മുൻകരുതലുകൾ എടുക്കുകയും ഇമിഗ്രേഷൻ നില വ്യക്തമാക്കുന്ന രേഖകകൾ കൈവശമുണ്ടായിട്ടും യുഎസ് അധികൃതര്‍ കടുത്ത നടപടി സ്വീകരിക്കുകയായിരുന്നു.

അതേസമയം, ഡിപ്പാർട്ട്മെന്‍റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി നടപടികളെ ന്യായീകരിച്ചു. തടങ്കൽ കേന്ദ്രങ്ങളിൽ ഭക്ഷണത്തിന്‍റെ കുറവോ മോശം സാഹചര്യങ്ങളോ ഉണ്ടെന്ന വാദങ്ങൾ തെറ്റാണ്. എല്ലാ തടവുകാർക്കും ശരിയായ ഭക്ഷണം, വൈദ്യസഹായം, കുടുംബാംഗങ്ങളുമായും അഭിഭാഷകരുമായും ആശയവിനിമയം നടത്താനുള്ള അവസരം എന്നിവ നൽകുന്നുണ്ടെന്ന് അസിസ്റ്റന്റ് സെക്രട്ടറി ട്രിഷ മക്ലോഗ്‌ലിൻ പറഞ്ഞു.

എന്നാല്‍, ചില ദിവസങ്ങളിൽ തനിക്ക് അഭിഭാഷകനെയോ ഭർത്താവിനെയോ 36 അല്ലെങ്കിൽ 50 മണിക്കൂറിലധികം വിളിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് വാര്‍ഡ് പറയുന്നത്. അതേസമയം, ഫെഡറൽ കോടതി ഉത്തരവുകൾ ലംഘിച്ച് രണ്ട് തവണ ഇവരെ നാടുകടത്താൻ ശ്രമിച്ചതായി അവരുടെ നിയമ സംഘം അറിയിച്ചു. ഏറ്റവും ഒടുവിൽ ജൂൺ 30നായിരുന്നു ഈ ശ്രമം. ജൂൺ 12ന് നടന്ന ആദ്യ ശ്രമത്തിൽ, ഫോർട്ട് വർത്ത് അലയൻസ് വിമാനത്താവളത്തിലെ ടാർമാക്കിലേക്ക് ഇവരെ കൊണ്ടുപോവുകയും, പൗരത്വമില്ലാത്ത അവസ്ഥയിലായിട്ടും ഇസ്രായേൽ അതിർത്തിയിലേക്ക് അയക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു.

ഒരു പതിറ്റാണ്ടിലേറെയായി വാര്‍ഡ് സകീക്കിന് അന്തിമ നാടുകടത്തൽ ഉത്തരവ് നിലവിലുണ്ടെന്നും, യുഎസിലെ അവരുടെ സാന്നിധ്യം നിയമവിരുദ്ധമാണെന്നുമാണ് സർക്കാർ വാദം. വാർഡ് സകീക് ഇമിഗ്രേഷൻ നയങ്ങൾ പാലിച്ചിരുന്നില്ല. അവർ വിസ കാലാവധി കഴിഞ്ഞും ഇവിടെ താമസിക്കുകയായിരുന്നു, അവരുടെ കുടുംബത്തിന്‍റെ അഭയം തേടിയുള്ള അപേക്ഷ നിരസിച്ചതുമുതൽ അവരെ നാടുകടത്താൻ ഉത്തരവിട്ടിരുന്നുവെന്ന് മക്ലോഗ്‌ലിൻ വിശദീകരിച്ചു.