താൻ അവരോട് ഇംഗ്ലീഷ് സംസാരിക്കാൻ ആവശ്യപ്പെട്ടപ്പോൾ, അവർ തന്നെ വംശീയവാദി എന്ന് വിളിച്ചെന്നും ലൂസി വൈറ്റ് പറഞ്ഞു.

ലണ്ടൻ: ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലെ ഇന്ത്യൻ, ഏഷ്യൻ വംശജരായ ജീവനക്കാരെ അധിക്ഷേപിച്ച് ബ്രിട്ടീഷ് യുവതി. ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്നും ഇവരെയെല്ലാം നാട് കടത്തണമെന്നുമാണ് ലൂസി വൈറ്റ് എന്ന ബ്രിട്ടീഷ് യുവതി എക്സിൽ കുറിച്ചത്. യുവതിയുടെ പോസ്റ്റിൽ വിമർശനവുമായി ഒരു വിഭാഗം. ലണ്ടനിൽ വിമാനമിറങ്ങിയപ്പോൾ വിമാനത്താവളത്തിലെ ഭൂരിഭാഗം ജീവനക്കാരും ഇന്ത്യൻ, അല്ലെങ്കിൽ ഏഷ്യൻ വംശജരാണെന്ന് ശ്രദ്ധയിൽപ്പെട്ടതായി ലൂസി വൈറ്റ് തന്‍റെ പോസ്റ്റിൽ പറയുന്നു.

അവർ ഒരു വാക്ക് പോലും ഇംഗ്ലീഷ് സംസാരിക്കുന്നില്ലെന്നും വൈറ്റ് ആരോപിച്ചു. താൻ അവരോട് ഇംഗ്ലീഷ് സംസാരിക്കാൻ ആവശ്യപ്പെട്ടപ്പോൾ, അവർ തന്നെ വംശീയവാദി എന്ന് വിളിച്ചെന്നും ലൂസി വൈറ്റ് പറഞ്ഞു. ഞാൻ പറയുന്നത് ശരിയാണെന്ന് അവർക്കറിയാം, അതുകൊണ്ട് അവർക്ക് എന്നിൽ വംശീയവാദം ആരോപിക്കേണ്ടി വന്നു- ലൂസി എക്സിൽ കുറിച്ചു. ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെങ്കിൽ ഇവരെ നാട് കടത്തണമെന്നാണ് ലൂസിയുടെ വാദം.

Scroll to load tweet…

യുകെയുടെ പ്രവേശന കവാടത്തിൽ അവർ എന്തിനാണ് ജോലി ചെയ്യുന്നത്? വിനോദസഞ്ചാരികൾ എന്ത് വിചാരിക്കും. ഇംഗ്ലീഷ് അറിയില്ലെങ്കിൽ അവരെ എല്ലാവരെയും നാടുകടത്തുകയാണ് വേണ്ടതെന്ന് ലൂസി പറയുന്നു. ലൂസിയുടെ പോസ്റ്റിനെ പിന്തുണച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. "അവർ ബ്രിട്ടീഷ് ഇംഗ്ലീഷാണ് സംസാരിക്കുന്നത്, അതിനാൽ നിങ്ങൾക്ക് അവരുടെ ഇംഗ്ലീഷ് മനസ്സിലായില്ലെന്ന് നിങ്ങൾ തെറ്റിദ്ധരിച്ചതാകാം. ഞാൻ ലണ്ടനിൽ നിന്ന് ഇപ്പോൾ തിരിച്ചെത്തി, നിങ്ങൾ വിവരിച്ചതുപോലെ ഇംഗ്ലീഷ് ഭാഷയുമായി ബന്ധപ്പെട്ട് എനിക്ക് ഒരു പ്രശ്നവും അനുഭവപ്പെട്ടില്ല, എന്നാണ് ഒരാളുടെ കമന്‍റ്.