Russia Ukraine War : നേരത്തെ യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ യുക്രൈന്‍ പ്രതിസന്ധി സംബന്ധിച്ച ചര്‍ച്ചയില്‍ യുക്രൈനില്‍ ആകപ്പെട്ട് അയല്‍രാജ്യത്തെ പൗരന്മാരെയും, മറ്റ് വികസ്വര രാജ്യത്തെ പൗരന്മാരെയും രക്ഷിക്കുന്നതിന് ഇന്ത്യയ്ക്ക് ആകുന്ന സഹായം രാജ്യം വാഗ്ദാനം ചെയ്തിരുന്നു.
ദില്ലി: യുക്രൈനില്‍ (Ukraine) കുടുങ്ങിയ തങ്ങളുടെ പൗരന്മാരെ നാട്ടില്‍ എത്തിക്കാന്‍ ഇന്ത്യയുടെ സഹായം തേടി നേപ്പാള്‍ (Nepal). നേപ്പാള്‍ സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഔദ്യോഗികമായി ഇന്ത്യന്‍ സര്‍ക്കാറുമായി (India Govt) ബന്ധപ്പെട്ടു. അനുകൂലമായാണ് ഇന്ത്യ പ്രതികരിച്ചത് എന്നാണ് നേപ്പാള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്.
ഓപ്പറേഷന്‍ ഗംഗ (Operation Ganga) എന്ന പേരില്‍ റഷ്യന്‍ ആക്രമണത്തിലായ യുക്രൈനിലുള്ള ഇന്ത്യന്‍ പൗരന്മാരെ അയല്‍രാജ്യങ്ങളായ പോളണ്ട്, സ്ലോവാക്കിയ, ഹംഗറി, റൊമാനിയ എന്നിവിടങ്ങളില്‍ എത്തിച്ച് ഇന്ത്യയിലേക്ക് എത്തിക്കുകയാണ് ഇന്ത്യ. ഇതില്‍ നേപ്പാള്‍ പൗരന്മാരെയും ഉള്‍പ്പെടുത്താനാണ് നേപ്പാളിന്റെ അഭ്യര്‍ത്ഥന.
നേരത്തെ യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ യുക്രൈന്‍ പ്രതിസന്ധി സംബന്ധിച്ച ചര്‍ച്ചയില്‍ യുക്രൈനില്‍ ആകപ്പെട്ട് അയല്‍രാജ്യത്തെ പൗരന്മാരെയും, മറ്റ് വികസ്വര രാജ്യത്തെ പൗരന്മാരെയും രക്ഷിക്കുന്നതിന് ഇന്ത്യയ്ക്ക് ആകുന്ന സഹായം രാജ്യം വാഗ്ദാനം ചെയ്തിരുന്നു. ഒപ്പം യുഎന്‍ യുക്രൈനിലെ യുദ്ധ മേഖലയില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കും ഇന്ത്യ സഹായം വാഗ്ദാനം ചെയ്തിരുന്നു.
കൊവിഡ് പ്രതിസന്ധികാലത്ത് വന്ദേഭാരത് ദൗത്യത്തിന്‍റെ ഭാഗമായി നേപ്പാള്‍, മാലിദ്വീപ്, ബംഗ്ലദേശ് പൗരന്മാരെ വിവിധ രാജ്യങ്ങളില്‍ നിന്നും ഇന്ത്യ പുറത്ത് എത്തിച്ച് അവരുടെ നാട്ടിലെത്തിച്ചിരുന്നു. ഇത്തരത്തില്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചതിന് പിന്നാലെയുണ്ടായ പ്രതിസന്ധിയിലും അയല്‍ രാജ്യത്തെ പൗരന്മാരെ ഇന്ത്യ സഹായിച്ചിട്ടുണ്ട്. പ്രത്യേക അപേക്ഷയില്ലെങ്കിലും പ്രതിസന്ധി ഘട്ടത്തില്‍ അയല്‍ക്കാരെ ഇന്ത്യ സഹായിക്കുമെന്നാണ് ഇത് സംബന്ധിച്ച് പ്രതികരിച്ച വിദേശകാര്യ വക്താവ് അരുന്ധം ബാഗ്ചി പ്രതികരിച്ചത്.
അതേ സമയം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് പുടിനും തമ്മിൽ ഇന്നലെ നടത്തിയ ചർച്ചയിൽ ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. റഷ്യൻ അതിർത്തി വഴി ഇവരെ രക്ഷപ്പെടുത്താൻ സഹായിക്കുമെന്നും ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഖാര്‍ക്കീവ് വിടാനാകാതെ റെയിൽവേ സ്റ്റേഷനുകളില്‍ കുടുങ്ങിയിരിക്കുകയാണ് നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍.
ട്രെയിനുകളില്‍ ഇന്ത്യക്കാരെ കയറ്റാന്‍ തയാറാകുന്നില്ലെന്ന് പല വിദ്യാര്‍ഥികളും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്നലെ രാവിലെ 7 മുതൽ സ്റ്റേഷനിൽ കാത്തുനിൽക്കുകയാണെങ്കിലും ,ട്രെയിനിൽ കയറാനാകുന്നില്ല. കൊടുംതണുപ്പും നഗരത്തിലെ സ്ഫോടനങ്ങളും കാരണം സമീപപ്രദേശങ്ങളിലേക്ക് നടന്നു പോകാനും കഴിയില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
ഇതിനിടെ ഓപറേഷൻ ഗംഗയുടെ ഭാഗമായുള്ള വ്യോമസേനയുടെ രക്ഷാദൗത്യം തുടങ്ങി. ഇതുവരെ വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ യുക്രൈനിൽ നിന്ന് ഇന്ത്യാക്കാരുമായി തിരിച്ചെത്തി. ഇവരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ അടക്കമുളള കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.
എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി തിരികെ എത്തിക്കുമെന്ന് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് പറഞ്ഞു. സ്വകാര്യ വിമാനങ്ങളും വ്യോമസേനാവിമാനങ്ങളും ദൗത്യത്തിന്റെ ഭാഗമാണ്യ ഓരോ വ്യക്തിയെയും സുരക്ഷിതമായി വീട്ടിലെത്തിക്കുകയാണ് ലക്ഷ്യമെന്നും അജയ് ഭട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
