Asianet News MalayalamAsianet News Malayalam

Ukraine War: റഷ്യക്കെതിരെ യുഎൻ പ്രമേയം; വോട്ടിം​ഗിൽ ഇന്ത്യ വിട്ടുനിന്നു; 498 സൈനികർ കൊല്ലപ്പെട്ടെന്ന് റഷ്യ

Ukraine Crisis : യുക്രൈനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ സഹായിക്കാമെന്ന് റഷ്യ ഉറപ്പ് നൽകിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കാർകീവിൽ നിന്ന് റഷ്യ വഴി ഒഴിപ്പിക്കാൻ തയ്യാറെന്നാണ് അറിയിച്ചിരിക്കുന്നത്.

ukraine crisis un resolution against russia
Author
Ukraine, First Published Mar 2, 2022, 11:14 PM IST

ന്യൂയോർക്ക്: യുക്രൈനിലെ (Ukraine) സൈനിക നീക്കത്തിൽ നിന്ന് റഷ്യ (Russia)  പിന്മാറണമെന്ന് ഐക്യരാഷ്ട്ര സഭയിൽ (UN) പ്രമേയം. പ്രമേയത്തെ 141 രാജ്യങ്ങൾ അനുകൂലിച്ചു. അഞ്ച് രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. ഇന്ത്യ ഉൾപ്പടെ 35 രാജ്യങ്ങൾ വോട്ടെടുപ്പിൽ വിട്ടുനിന്നു. 

റഷ്യ, ബെലാറൂസ്, വടക്കൻ കൊറിയ, സിറിയ, എറിത്രിയ എന്നീ രാജ്യങ്ങളാണ് പ്രമേയത്തെ എതിർത്തത്. ഇന്ത്യക്ക് പുറമേ ഇറാനും ചൈനയും പാകിസ്ഥാനും വോട്ടെടുപ്പിൽ വിട്ടുനിന്നു.  അതേസമയം, യുദ്ധത്തിൽ തങ്ങളുടെ 498സൈനികർ മരിച്ചെന്ന് റഷ്യ സ്ഥിരീകരിച്ചു. സൈനിക നീക്കം തുടങ്ങിയശേഷം ഇതാദ്യമായാണ് ആൾനാശമുണ്ടായെന്ന റഷ്യയുടെ വെളിപ്പെടുത്തൽ. 1597 സൈനികർക്ക് പരിക്കേറ്റു. 2870 യുക്രൈൻ സൈനികരെ വധിച്ചെന്നും റഷ്യ പറഞ്ഞു.

യുക്രൈനിലെ കാർകീവിൽ റഷ്യൻ സേനയുടെ ശക്തമായ ആക്രമണമുണ്ടാകുമെന്ന് ആശങ്ക നിലനിൽക്കുകയാണ്. തന്ത്രപ്രധാന സ്ഥലങ്ങളിൽ റഷ്യൻ സേന നിലയുറപ്പിച്ചിട്ടുണ്ട്. കാർകീവിൽ കർഫ്യു ഏർപ്പെടുത്തിയിരിക്കുകയാണ്. പ്രാദേശിക സമയം രാത്രി 7 മുതൽ രാവിലെ 7 വരെയാണ് കർഫ്യു. 

അതിനിടെ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിനുമായി സംസാരിച്ചു. ഇന്ത്യക്കാരെ യുക്രൈനിൽ നിന്ന് ഒഴിപ്പിക്കുന്നത് ഇരുവർക്കുമിടയിൽ ചർച്ചയായി. കാർകീവിലെ സാഹചര്യവും ഇരുവരും വിലയിരുത്തി. യുക്രൈനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ സഹായിക്കാമെന്ന് റഷ്യ ഉറപ്പ് നൽകിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കാർകീവിൽ നിന്ന് റഷ്യ വഴി ഒഴിപ്പിക്കാൻ തയ്യാറെന്നാണ് അറിയിച്ചിരിക്കുന്നത്. തടസ്സമായി നിൽക്കുന്നത് യുക്രൈൻ സൈനികരാണെന്ന കാര്യവും റഷ്യ സൂചിപ്പിച്ചതായാണ് വിവരം. 

നാളെയാണ് യുക്രൈൻ - റഷ്യ രണ്ടാം വട്ട ചർച്ച. പോളണ്ട് ബെലാറൂസ് അതിർത്തിയിലാണ് ചർച്ച നടക്കുക. റഷ്യൻ സംഘം ഇവിടെയെത്തി. യുക്രൈൻ സംഘം പുലർ‌ച്ചെ എത്തും. വെടിനിർത്തലും ചർച്ചയാകുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. 

Read Also: തുടരെ ഷെല്ലിംഗ്, കാർകീവിൽ പെട്ട് നൂറ് കണക്കിന് പേർ, പൊട്ടിക്കരഞ്ഞ് കുട്ടികൾ, ആരുണ്ട് കേൾക്കാൻ?

സമയപരിധി അവസാനിച്ചു

കാർകീവിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളോട് ഇന്ന് വൈകിട്ട് പ്രാദേശികസമയം ആറ് മണിക്ക് മുമ്പ് ഒഴിഞ്ഞ് പോകാൻ എംബസി ആവശ്യപ്പെട്ടിരുന്നു. ഈ സമയപരിധി അവസാനിച്ചു. റഷ്യ നൽകിയ ഉപദേശപ്രകാരമാണ് ഇന്ത്യ നിർദ്ദേശം നൽകിയത്. വിദ്യാർത്ഥികളെ രാത്രിക്ക് മുമ്പ് മാറ്റാൻ റഷ്യ ആവശ്യപ്പെട്ടതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതോടെ രാത്രിയിൽ റഷ്യ കാർകീവിൽ ആക്രമണം കടുപ്പിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

പ്രാദേശികസമയം ആറ് മണിക്ക് മുമ്പ് കാർകീവ് വിടണമെന്നാണ് നിർദേശം. പെസോചിൻ, ബബയെ, ബെസ്ലുഡോവ്‍‍ക എന്നിവിടങ്ങളിലേക്ക് മാറണമെന്നായിരുന്നു മുന്നറിയിപ്പ്. ഒരു വാഹനവും കിട്ടിയില്ലെങ്കിൽ നടന്നെങ്കിലും കാർകീവ് വിടണമെന്നാണ് അടിയന്തരനിർദേശത്തിൽ പറഞ്ഞിരുന്നത്. പിസോചിനിലേക്ക് യാത്ര ചെയ്യാൻ വാഹനങ്ങൾ കിട്ടാത്ത വിദ്യാർത്ഥികളോട് നടന്ന് പോകാനാണ് എംബസി പറഞ്ഞത്. വാഹനങ്ങൾക്ക് കാത്ത് നിൽക്കരുത്. കൈർകീവിൽ നിന്ന് പത്ത് കിലോമീറ്ററാണ് പിസോചിനിലേക്കുള്ളത്. ബബയെ, ബെസ്ലുഡോവ്‍ക എന്നീ നഗരങ്ങൾക്ക് അടുത്തുള്ളവർ അവിടേക്ക് ഉടനടി യാത്ര തിരിക്കണം. വാഹനങ്ങൾ കിട്ടാൻ സാധ്യത കുറവായതിനാൽ നടന്നെങ്കിലും പോകണം. ഹാർകീവിൽ ഇനി ആരും തുടരരുതെന്നും എംബസിയുടെ അടിയന്തരമുന്നറിയിപ്പിൽ പറഞ്ഞിരുന്നു. 

കീവിലേക്ക് വൻസൈനികവ്യൂഹത്തെയാണ് റഷ്യ നിയോഗിച്ചിരിക്കുന്നത്. കിലോമീറ്ററുകൾ നീളത്തിൽ യുദ്ധടാങ്കറുകൾ കീവിന് ചുറ്റും വിന്യസിക്കപ്പെട്ടിട്ടുണ്ട്. സമാനമായ യുദ്ധവ്യൂഹമാണ് മറ്റൊരു പ്രധാനനഗരമായ കാർകീവിലും റഷ്യ ഒരുക്കുന്നത്. ഇവിടെ ഷെല്ലാക്രമണവും ശക്തമാണ്.

17,000 ഇന്ത്യക്കാർ യുക്രൈൻ വിട്ടു

ഇതുവരെ 17,000 ഇന്ത്യക്കാർ യുക്രൈൻ വിട്ടതായും കീവിൽ ഇനി ഇന്ത്യക്കാരാരും ബാക്കിയില്ലെന്നും എല്ലാവരെയും ഒഴിപ്പിച്ചതായും വിദേശകാര്യവക്താവ് അരിന്ദം ബാഗ്‍ചി (MEA Spokesperson Arindam Bagchi) വ്യക്തമാക്കി. അടുത്ത 24 മണിക്കൂറിൽ 15 വിമാനങ്ങൾ യുക്രൈന്‍റെ അതിർത്തി രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് തിരിക്കും. ഇതിൽ ചിലത് യാത്ര തിരിച്ച് കഴിഞ്ഞതായും വിദേശകാര്യവക്താവ് പറയുന്നു. 

കീവിലെ ഇന്ത്യൻ എംബസി ഇനി മുതൽ ലിവീവിലായിരിക്കും പ്രവർത്തിക്കുക. കീവിലെ ഇന്ത്യൻ എംബസി പൂർണമായും അടച്ചു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെല്ലാവരും ലിവീവിലേക്ക് എത്തിയിട്ടുണ്ട്. അവിടെ നിന്ന് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. . 

Follow Us:
Download App:
  • android
  • ios